മലപ്പുറം: ലോകകപ്പ് ഫുട്‌ബോൾ ആരാധനയോടുള്ള സമസ്തയുടെ നിലപാട് തള്ളി മന്ത്രി വി അബ്ദുറഹ്മാൻ. മതവും ഫുട്ബോളും രണ്ടും രണ്ടാണെന്ന് കായികമന്ത്രി പറഞ്ഞു. കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിന്റെ ഭാഗമാണ്. അത് മതപരമല്ല. മതവും വിശ്വാസവും വേറെയാണ്, മന്ത്രി മലപ്പുറത്തു പറഞ്ഞു.

ജനങ്ങളുടെ ഫിസിക്കൽ ഫിറ്റ്നസിനു വേണ്ടിയാണ് ആരോഗ്യപരമായ കാര്യങ്ങൾ. പന്തുകളി അതിന് ഏറ്റവും യോജിച്ച കാര്യമാണ്. കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നത് അതിന്റെ ഭാഗമായാണെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.

വിഷയത്തെ കുറിച്ച് അറിയുന്ന ആളുകൾ അങ്ങനെ സംസാരിക്കില്ല. പ്രത്യേകിച്ച് സമസ്തയൊന്നും അങ്ങനെ സംസാരിക്കാൻ ഇടയില്ല. സമസ്തയിലെ എതെങ്കിലും ഭാരവാഹികളാകാം അതു പറഞ്ഞത്. അത് അവർ തിരുത്തുമായിരിക്കാം. സമസ്ത നേതൃത്വമൊന്നും ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാറില്ല. ഇതുവരെ പറഞ്ഞിട്ടുമില്ല. ഇക്കാര്യത്തിൽ സമസ്തയെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. അതിൽ ബന്ധപ്പെട്ട ഭാരവാഹികൾ ആരാണോ അത് സമസ്ത തന്നെ പരിശോധിക്കും. അവർ തന്നെ അതിൽ നടപടിയെടുക്കും. അതിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ട ആവശ്യമുണ്ടെന്ന് തനിക്കു തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഫുട്ബോൾ ആവേശം അതിരു വിടുന്നെന്നും താരാരാധന ഇസ്ലാമികവിരുദ്ധമാണെന്നും സമസ്ത കഴിഞ്ഞദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കുശേഷമുള്ള പ്രസംഗങ്ങളിൽ പരാമർശിക്കാനാണ് സമസ്ത കേരള ജം ഇയ്യത്തുൽ ഖുതുബ ഖത്തീബുമാർക്ക് ജം ഇയ്യത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി നിർദ്ദേശം നൽകിയത്. ഇത് ചർച്ചയായിരുന്നു. പിന്നാലെ കൂടുതൽ ഇസ്ലാം മതനേതാക്കൾ ഫുട്ബോൾ ആവേശത്തിനെതിരേ രംഗത്തെത്തിയിരുന്നു.

കേരളം ഫുട്ബോൾ ലഹരിയിൽ നിൽക്കവേയാണ് സമസ്ത ആരാധന അതിരു വിടരുതെന്ന വിമർശനവുമായി സമസ്ത രംഗത്തുവരുന്നത്. സമസ്ത നേതാവ് കൂടിയ സാദിഖലി ശിഹാബ് തങ്ങൾ പന്തു തട്ടുന്ന വീഡിയോ പോലും വൈറലായാണ്. ഇതിനിടെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ കമ്മറ്റി നിർദേശങ്ങളുമായി രംഗത്തുവന്നത്.

കുട്ടികളുടേത് മാത്രമല്ല ഫുട്ബോൾ ആവേശം മുതിർന്നവരുടേതുമാണെന്ന് എം കെ മുനീർ പറഞ്ഞു. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീർ പറഞ്ഞു. അതേസമയം അമിതാവേശത്തിൽ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു.

സമസ്തയുടെ നിർദ്ദേശം തള്ളി മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നു. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമാണ് സമസ്ത പറഞ്ഞിരിക്കുന്നത്. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും ശിവൻകുട്ടി കോഴിക്കോട്ട് പറഞ്ഞു. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സമസ്തയ്ക്ക് നിർദ്ദേശം നൽകാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശം സൃഷ്ടിച്ചത് വലിയ വിവാദമാണ്. സമസ്തയുടെ നിർദേശത്തിനിതിരെ നവ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണുയരുന്നത്. എന്നാൽ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഫുട്ബോൾ ആരാധനക്കെതിരെ മുന്നറിയിപ്പ് നൽകുമെന്നാണ് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആവർത്തിക്കുന്നത്. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതായും നാസർ ഫൈസി പറഞ്ഞു.