തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി നേതാവും പത്തനാപുരം എംഎൽഎയുമായി കെ ബി ഗണേശ് കുമാർ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗതാഗത വകുപ്പു തന്നെ ഗണേശ്‌കുമാറിന് ലഭിക്കുമെന്നാണ് ഇടതു മുന്നണി അറിയിച്ചിരിക്കുന്നത്. ഗണേശ് ആവശ്യപ്പെട്ട സിനിമാ വകുപ്പിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക മുഖ്യമന്ത്രിയാകും. ഇതിനിടെ കെഎസ്ആർടിസിയിൽ അഴിമതി ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഗണേശ് തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഗതാഗത വകുപ്പിനെ ഈ പരുവത്തിൽ ആക്കിയതെന്ന് വ്യക്തമായതോടെയാണ് ഗണേശ് അതിനെതിരെ ശക്തമായി നീങ്ങുമെന്ന സന്ദേശമാണ് നൽകുന്നത്.

കെഎസ്ആർടിസിയിലെ ക്രമക്കേട് തടയുമെന്ന് ഗണേശ് കുമാർ വ്യക്തമാക്കി.. കണക്കുകൾ കൃത്യമാകണം. തൊഴിലാളികൾക്ക് ദോഷം ചെയ്യുന്ന നടപടികൾ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസിയുടെ വരുമാനച്ചോർച്ച തടയും. കെഎസ്ആർടിസിയിൽ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ലെന്നും ഗണേശ് കുമാർ പറഞ്ഞു. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോർച്ചകളും അടയ്ക്കാൻ നടപടികൾ സ്വീകരിക്കും. വരവ് വർധിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനൊടൊപ്പം ചെലവിൽ വലിയ നിയന്ത്രണം കൊണ്ടുവരുമെന്നും ഗണേശ് കുമാർ പറഞ്ഞു.

'ഒരു പൈസ പോലും കെഎസ്ആർടിസിയിൽ നിന്ന് ചോർന്നുപോകാത്ത വിധമുള്ള നടപടികൾ സ്വീകരിക്കും. നമ്മൾ ചോർച്ച അടയ്ക്കാൻ ശ്രമിച്ചാൽ അവർ തീർച്ചയായും നമ്മുടെ കൂടെ നിൽക്കും. തൊഴിലാളിക്ക് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്നത് ശരിയാണ്. എന്നാൽ ചോർച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വർധിക്കും.'- ഗണേശ് കുമാർ കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് 4ന് രാജ്ഭവനിൽ ഒരുക്കിയ പന്തലിലെ ചടങ്ങിലാണ് ഗണേശ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ദീർഘകാലത്തിന് ശേഷം രാജ്ഭവനിൽ എത്തുകയാണ്. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലെ ഇടപെടൽ എല്ലാം വലിയ ശ്രദ്ധയാകും. ഇരുവരും ചർച്ചകൾ നടത്തുമോ എന്നതും നിർണ്ണായകയാണ്.

ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എൽഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഇതിനിടെ ചില സിപിഎം മന്ത്രിമാരും വകുപ്പുമാറ്റത്തിനു താൽപര്യം അറിയിച്ചതായാണു വിവരം. ഇക്കാര്യത്തിൽ എല്ലാം മുഖ്യമന്ത്രിയടെ താൽപ്പര്യമാകും അന്തിമ വാാക്കാകുക.

ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകൾ ഗണേശിനും അഹമ്മദ് ദേവർകോവിൽ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകൾ രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിക്കുമെന്നാണു കരുതുന്നത്. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ കടന്നപ്പള്ളിക്ക് തുറമുഖം കിട്ടാനാണ് സാധ്യത. ഇതിനിടെ കടന്നപ്പള്ളിക്ക് ദേവസ്വം നൽകണമെന്ന ചർച്ചയും സജീവമാണ്. മുമ്പ് തുറമുഖവും ദേവസ്വവും കടന്നപ്പള്ളി കൈകാര്യം ചെയ്തിട്ടുണ്ട്.

900 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ക്ഷണിതാക്കൾക്കുമാത്രമേ പ്രവേശനമുള്ളൂ. പ്രതിപക്ഷം ബഹിഷ്‌കരിക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരം ഉണ്ടാവും. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും. രണ്ടുമന്ത്രിമാർ രാജിവെച്ചതിനാൽ ബുധനാഴ്ച പതിവ് മന്ത്രിസഭായോഗം ചേർന്നില്ല.

നടൻ കൂടിയായ ഗണേശ് കുമാർ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ വഹിച്ച സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്നു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ സജി ചെറിയാനാണ് സിനിമാ വകുപ്പ്. പിണറായിയുടെ വിശ്വസ്തനാണ് സജി ചെറിയാൻ. ഈ സാഹചര്യത്തിൽ വകുപ്പ് നൽകുമോ എന്നത് നിർണ്ണായകമാണ്. ഏതായാലും എല്ലാം മുഖ്യമന്ത്രി നേരിട്ട് തീരുമാനിക്കും. എന്തുകൊണ്ടാണ് വകുപ്പ് മാറ്റത്തിന് സിപിഐ മന്ത്രിമാർ ആവശ്യപ്പെടുന്നതെന്ന് വ്യക്തമല്ല. അങ്ങനെ വകുപ്പുകൾ മാറിയാൽ പോലും സിപിഐ മന്ത്രിമാർക്കിടയിലേ അത് സംഭവിക്കൂ.

ഗണേശ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാൽ ഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പങ്കെടുക്കുക. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഔദ്യോഗീക വസതി തനിക്ക് വേണ്ടെന്നും, വേണമെങ്കിൽ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും കെ.ബി. ഗണേശ് കുമാർ അറിയിച്ചിട്ടുണ്ട്.