ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമനം യുജിസി ചട്ടം പാലിച്ചാവണമെന്നു സുപ്രീം കോടതി ആവർത്തിക്കുമ്പോൾ അതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകുമെന്ന് ഉറപ്പായി. കേരളത്തിലെ സർവ്വകലാശാല വിസിമാരെയെല്ലാം നീക്കാനുള്ള ഗവർണ്ണറുടെ നടപടിക്ക് ഇത് കൂടുതൽ കരുത്താകും. കേരളത്തിലെ ഹൈക്കോടതിയിലെ കേസിലും ഇനി സുപ്രീംകോടതി വിധി തന്നെയാകും അന്തിമമാകുക.

അൽമോറയിലെ എസ്എസ്‌ജെ സർവകലാശാലയിൽ പ്രഫ. നരേന്ദ്ര സിങ് ഭാന്ദറിനെ വിസിയായി നിയമിച്ചതു റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി, സുപ്രീം കോടതി ശരിവച്ചത് കഴിഞ്ഞ ദിവസമാണ്. ഹൈക്കോടതി വിധിക്കെതിരെ ഭാന്ദറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ സാങ്കേതിക സർവ്വകലാശാലാ വിസിയെ പുറത്താക്കിയ ഉത്തരവിന് സമാനമായ വിധിയാണ് ഇതും. സാങ്കേതിക സർവ്വകലാശാലയിലെ വിധിയുടെ ചുവടു പിടിച്ചാണ് കേരളത്തിലെ വിസിമാരെ നീക്കാൻ ഗവർണ്ണർ ഇടപെടൽ നടത്തിയത്.

ഹർജിക്കാരനെ വിസിയായി നിയമിക്കുന്നതിനു മുൻപ് പരസ്യം നൽകിയിരുന്നില്ല, സേർച് കമ്മിറ്റി പേരുകൾ ശുപാർശ ചെയ്തിരുന്നില്ല, വിസിയുടെ തിരഞ്ഞെടുപ്പു സേർച് കമ്മിറ്റിയുടേതായിരുന്നില്ല തുടങ്ങിയ കാര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി. എസ്എസ്‌ജെ സർവകലാശാല നിയമം യുജിസി നിയന്ത്രണച്ചട്ടവുമായി (2018) ചേർന്നു പോകണമെന്നും കോടതി പറഞ്ഞു. ഈ സർവകലാശാലയുടെ ആദ്യ വിസി നിയമനമാണ് നടന്നതെന്നും ഇതിനു യുജിസി ചട്ടം പാലിക്കേണ്ടതില്ലെന്നും നിയമനാധികാരം സർക്കാരിന്റേതാണെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാനവാദം. ആദ്യ നിയമനമായാലും ചട്ടം പാലിക്കേണ്ടതുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി.

2017 മുതൽ 2020 വരെ പിഎസ്‌സി അംഗമായിരുന്നപ്പോഴും ഗവേഷക വിദ്യാർത്ഥികളെ ഗൈഡ് ചെയ്തിരുന്നുവെന്നും ഇത് അദ്ധ്യാപന പരിചയമായി കാണണമെന്നുമുള്ള ആവശ്യവും നിരാകരിച്ചു. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും പരിഗണിച്ചത് ഒറ്റപ്പേരു മാത്രമായിരുന്നുവെന്നതും ചൂണ്ടിക്കാട്ടി. യോഗ്യനായിരിക്കാമെങ്കിലും അത് പരിഗണനയിൽ വരുന്നില്ലെന്നും കോടതി പ്രതികരിച്ചു. വാദത്തിനിടെ രാജിവയ്ക്കാൻ ഹർജിക്കാരൻ സമ്മതം അറിയിച്ചെങ്കിലും അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ഏതായാലും നിയമനം നിയമവിരുദ്ധമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു പ്രകാരമുള്ള തുടർനടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കിയാണ് അപ്പീൽ തള്ളിയത്.

നേരത്തെ പുറത്താക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിന് വിശദീകരണം നൽകി വൈസ് ചാൻസലർമാർ നടപടികളുമായി സഹകരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ പത്ത് വിസിമാർക്കാണ് ഗവർണർ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം പുറത്തായ സാങ്കേതിക സർവകലാശാല വിസി. എം. എസ് രാജശ്രീ ഒഴികെ എല്ലാ വിസിമാരും വിശദീകരണം നൽകി. കാലടി സർവകലാശാല വി സി എം.വി നാരായണൻ ഉൾപ്പെടെയുള്ളവർ നേരിട്ട് ഹിയറിങ്ങിന് എത്താനും താത്പര്യം പ്രകടിപ്പിച്ചു. ഹിയറിങ് കൂടി കഴിഞ്ഞ ശേഷമാകും വിഷയത്തിൽ ഗവർണർ നടപടി സ്വീകരിക്കുക.

യുജിസി. ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാല വി സിയെ സ്ഥാനത്തുനിന്ന് മാറ്റിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണർ വി സിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. നംവംബർ മൂന്നുവരെയായിരുന്നു ആദ്യം വിശദീകരണം നൽകാനുള്ള കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് നവംബർ ഏഴുവരെ സമയം നീട്ടി. വി സിമാരുടെ വിശദീകരണങ്ങളും ഹിയറിങ്ങും രാജ്ഭവൻ പരിശോധിക്കും. വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ ഉള്ളതിനാൽ കോടതിയേയും അറിയിച്ചായിരിക്കും ഗവർണർ നിലപാടെടുക്കുക.

ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയിൽ വിസിമാർ ഹർജി നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി കൂടിയാകുമ്പോൾ കൂടുതൽ കരുത്ത് കേരളത്തിലെ ഗവർണ്ണർക്കും കിട്ടും. ്അത് പിണറായി സർക്കാരിന് തിരിച്ചടിയുമാകും. അതേസമയം, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കിയുള്ള ഓർഡിനൻസ് സർക്കാർ ഉടൻ ആരിഫ് മുഹമ്മദ് ഖാന് അയച്ചേക്കും. രണ്ട് ദിവസം മുമ്പ് ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിൻസ് പാസ്സാക്കിയതെങ്കിലും ഇന്നലെ രാത്രി വരെ ?ഗവർണർക്ക് അയച്ചിട്ടില്ല. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ നിയമസഭ സമ്മേളനം വിളിച്ച് ചേർത്ത് ബിൽ പാസ്സാക്കാൻ കഴിയുമോ ചോദ്യം ഉയരുന്നുണ്ടെങ്കിലും സർക്കാർ പിന്നോട്ട് പോകാൻ സാധ്യതയില്ല. അതിനിടെ, കലാമണ്ഡലം കല്പിത സർവകലാശാല ചാൻസ്ലർ സ്ഥാനത് നിന്നും ഗവർണ്ണറെ മാറ്റി ഇന്നലെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

സർക്കാർ ഗവർണർ പോര് കനക്കുന്നതിനിടെയാണ് കലാമണ്ഡലം സർവ്വകലാശാലയിൽ നിന്ന് ഗവർണറെ വെട്ടിയുള്ള സർക്കാർ ഉത്തരവ്. യുജിസി ചട്ടപ്രകാരം കൽപ്പിത സർവകലാശാലകളിലെ ചാൻസിലറെ സ്‌പോൺസർക്ക് തീരുമാനിക്കാം. കലാമണ്ഡലത്തിന്റെ സ്‌പോൺസർ സർക്കാരാണ്. 2006 മുതൽ കലാമണ്ഡലം ചാൻസിലർ ഗവർണറാണ്. അഞ്ച് വർഷത്തേക്കായിരുന്നു നിയമനം എങ്കിലും കാലാവധി നീട്ടി നൽകുകയായിരുന്നു. യുജിസി മാർഗ്ഗ നിർദ്ദേശ പ്രകാരം കലാമണ്ഡലത്തിലെ മാറ്റത്തിന് ഗവർണറുടെ അനുമതി പോലും വേണ്ടെന്നതാണ് സർക്കാരിന് പഴുതായത്. പുതിയ ചാൻസിലർ വരും വരെ പ്രൊ ചാൻസിലർ കൂടിയായ സാംസ്‌കാരിക മന്ത്രിക്കാകും ചാൻസിലർ ചുമതല. കലാമണ്ഡലത്തിലെ മാറ്റം പോലെ അത്ര എളുപ്പമാവില്ല മറ്റ് സർവ്വകലാശാലകളിലെ ചാൻസലർ മാറ്റം. അതിന് ഓർഡിനൻസ് അനിവാര്യതയാണ്. ഈ ഓർഡിനൻസിൽ ഒപ്പിടേണ്ടത് ഗവർണ്ണറും.