തിരുവനന്തപുരം: കേരള സർക്കാറുമായുള്ള തർക്കത്തിനൊടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീഴടങ്ങൽ പ്രഖ്യാപിച്ചിരിക്കയാണ്. അതാണ് ഇന്നലെ രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ അത് കണ്ടതും. കേന്ദ്രത്തിൽ നിന്നുള്ള ഇടപെടലോടെയാണ് സർക്കാറുമായുള്ള സംഘർഷത്തിന് അയവ് വന്നിരിക്കുന്നത്. പിണക്കം അവസാനിച്ചതോടെ സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ 'മിഠായി ഓഫർ' ചെയ്തതും കൗതുമായി മാറി. കശ്മീരിൽനിന്നു കൊണ്ടുവന്ന മിഠായി നാളെ എത്തിക്കാമെന്നായിരുന്നു ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ ഇതൊരു മഞ്ഞുരുക്കത്തിന്റെ മധുരപ്രഖ്യാപനമായി മാറി.

സജി ചെറിയാനെ മന്ത്രിയാക്കുന്നതിന് അനുമതി നൽകിയതിന് പിന്നാലെ ഗവർണറുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ഗവർണറുടെ നയപ്രഖ്യാപന സമ്മേളനം ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കുകയും ചെയ്തു.

ഗവർണർ-സർക്കാർ പോരിന്റെ പശ്ചാത്തലത്തിൽ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാണ് ഡിസംബറിൽ തുടങ്ങിയസമ്മേളനം അവസാനിപ്പിക്കാതെ അതിന്റെ തുടർച്ചയായി ജനുവരിയിൽ ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറും കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഡിസംബർ 13-ന് അവസാനിച്ച നിയമസഭാസമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

പുതുവർഷത്തിന്റെ ആദ്യസമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക. ഡിസംബറിലെ സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാനാകുമായിരുന്നു. എന്നാൽ, സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ സമ്മതം മൂളിയതോടെ, പോരിന് അയവു വന്നതായാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങിൽവെച്ച് മുഖ്യമന്ത്രിയും ഗവർണറും സൗഹൃദ സംഭാഷണം നടത്തുകയുമുണ്ടായി. ചടങ്ങെല്ലാം കഴിഞ്ഞതിന് ശേഷം പിരിഞ്ഞുപോകുമ്പോഴായിരുന്നു ഒരു മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന സംഭാഷണം. 'ഇന്ന് രാത്രി, അല്ല, നാളെ' എന്ന് മാത്രമാണ് സംഭാഷണത്തിന്റെ വീഡിയോയിൽ കേട്ടിരുന്നത്. കശ്മീരിൽനിന്നുള്ള മിഠായി നാളെ എത്തിക്കാമെന്നാണ് ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞതെന്ന് പിന്നീട് രാജ്ഭവൻ അറിയിക്കുകയുണ്ടായി.

കേരള ഗവർണറുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോകുന്നത് കുറച്ചുകാലമായുള്ള ശൈലിയാണ്. ഇ്ക്കുറി അനുരഞ്ജനം സാധ്യമായത്. ഡൽഹിയിൽ നിന്നുള്ള അദൃശ്യശക്തിയാണ് ഇടപെടലോടെയാണ്. സജി ചെറിയാനെ മന്ത്രിയാക്കണോ എന്ന കാര്യത്തിൽ അറ്റോർണി ജനറലിന്റെ ഉപദേശത്തിന് ഒപ്പം ഡൽഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്ന് ഗവർണർക്കു ലഭിച്ച സന്ദേശവും നിർണായകമായി. സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതിരിക്കുക ആണെങ്കിൽ അത് വലിയ ചർച്ചകൾക്ക് വഴിവെക്കുമായിരുന്നു. ഇങ്ങനെ ഉടക്കി നിന്ന ഗവർണറെയും അനുനയിപ്പിച്ച ആ ഡൽഹിയിലെ ശക്തിയാര് എന്ന ചോദ്യവും ഇതോടെ ഉയർന്നു കഴിഞ്ഞു.

സത്യപ്രതിജ്ഞയ്ക്കു കൂടി എതിരു നിന്നാൽ അതു ദേശീയതലത്തിൽ തന്നെ ചർച്ചയാക്കാനുള്ള ഒരുക്കം സിപിഎം നടത്തിയിരുന്നു. സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിക്കാനും കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനും കേന്ദ്രം ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന വ്യാപകമായി ഗൃഹസന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭമാണ് ഇത്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറാൻ ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം ശ്രമിക്കുന്നു എന്നതാണു ദേശീയ തലത്തിൽ പ്രതിപക്ഷം ഉയർത്തുന്ന മുഖ്യ ആരോപണങ്ങളിൽ ഒന്ന്. ഈ സാഹചര്യത്തിൽ ഒരു മന്ത്രിയുടെ സത്യപ്രതിജ്ഞ തന്നെ മുടക്കാൻ തയാറായാൽ അത് ആക്ഷേപങ്ങളെ ബലപ്പെടുത്തുന്നതാകും എന്ന സന്ദേശം രാജ്ഭവനു ലഭിച്ചു.

ഇതുകൂടി കണക്കിലെടുത്താണ് ആരിഫ് മുഹമ്മദ് ഖാൻ അവസാന നിമിഷം മലക്കം മറിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ അദ്ദേഹം നൽകിയ സൂചന സജിക്ക് തിരിച്ചുവരവ് എളുപ്പമല്ല എന്നു തന്നെയായിരുന്നു. ഒരേ സമയം സജിക്ക് തിരിച്ചുവരാനും അതല്ല, ആ വരവ് തടയാനും കഴിയുന്ന ഉപദേശങ്ങൾ ഗവർണർക്കു മുന്നിൽ ഉണ്ടായി. അതിൽ ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനവും പ്രധാനമായിരുന്നു. ഒടുവിൽ മന്ത്രിസഭാ വികസനം ഗവർണറെ ഉപയോഗിച്ചു തടഞ്ഞു നിർത്തി എന്ന പ്രചാരണത്തിന് വഴിയൊരുക്കേണ്ടതില്ലെന്നു രാജ്ഭവൻ നിശ്ചയിച്ചു.

ഇതിനിടെ, മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ സംസാരിക്കുകയും ചെയ്തു. ആര് ആരെയാണ് വിളിച്ചത് എന്നതിൽ വ്യക്തത ഇല്ലെങ്കിലും പ്രതിസന്ധിക്ക് അയവു വരുത്താൻ അതും സഹായകരമായി. പിണറായി സർക്കാറിനെ ബാധിച്ച മറ്റൊരു പ്രതിസന്ധി ഘട്ടത്തിലും അനുകൂലമായി ഗവർണർ മാറിയതോടെ മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര അടക്കം വീണ്ടും ചർച്ചകളിൽ നിറയുന്നുണ്ട്. നേരത്തെ സംസ്ഥാന സർക്കാറിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീട്ടിലെത്തി പിണറായി കണ്ടിരുന്നു. കേരളത്തിലെ ജനങ്ങളുടെ സുപ്രധാന വിഷയമായിട്ടും ബഫർസോൺ വിഷയവും പ്രധാനമന്ത്രിക്ക് മുന്നിൽ പിണറായി ഉന്നയിച്ചിരുന്നില്ല. ഒരു മണിക്കൂറോളം സമയം നീണ്ട കൂടിക്കാഴ്‌ച്ചയിൽ ഗവർണറെ സംബന്ധിച്ച പരാതികളും പിണറായി ഉന്നയിച്ചോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്.

കേന്ദ്രസർക്കാറുമായി ഏറ്റുമുട്ടൽ പാതയിലാണെങ്കിലും കേന്ദ്രത്തിൽ പിണറായിക്ക് ഇപ്പോഴും വേണ്ടത്ര പിടിപാടുണ്ട്. നിതിൻ ഗഡ്കരിയുമായി അടുത്ത ബന്ധം പുലർത്തുമ്പോൾ തന്നെ നരേന്ദ്ര മോദിയെ ഇതുവരെ പേരെടുത്തു പറഞ്ഞ് വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ലാവലിൻ കേസിൽ അടക്കം കേന്ദ്ര ഏജൻസികളുടെ താൽപ്പര്യക്കുറവും പ്രകടനമാണ്. ഇതെല്ലാം കൂട്ടിവായിക്കാൻ മറ്റൊരു അവസരം കൂടിയാണ് ഇപ്പോൾ ഗവർണർ വിഷയത്തിൽ ഉണ്ടായിരിക്കുന്നതും.