തിരുവനന്തപുരം: കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലെ സർക്കാർ ജീവനക്കാർ ജോലിക്കെത്തുന്നില്ലെന്ന പരാതി സജീവം. പണിഷ്‌മെന്റ് സ്ഥലം മാറ്റമായാണ് പലരും ഇങ്ങോട്ടുള്ള നിയമനത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ആർക്കും ജോലിയോട് താൽപ്പര്യവും വരില്ല. ഈ ജില്ലകളിലേക്ക് സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നതാണ് പതിവ്.

ഈ സാഹചര്യം ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് യോഗം. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിതകാലം അവിടെ ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്. പക്ഷേ ഇത് ആരും പാലിക്കുന്നില്ല. എൻജിനിയർ, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, വെൽഫെയർ വർക്കർമാർ തുടങ്ങിയ തസ്തികകളിൽ ഉള്ളവർ പോലും ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ പാക്കേജാണ് സർക്കാർ പരിഗണനയിലുള്ളത്.

നിർബന്ധിത സേവനത്തിനായി ഈ ജില്ലകളിൽ നിയമിക്കപ്പെടുന്നവർക്ക് പിന്നീടുള്ള സ്ഥലംമാറ്റത്തിൽ അവർ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് മാറ്റം നൽകുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും. ഐ.എ.എസ്., കെ.എ.എസ്., സെക്രട്ടേറിയറ്റ് സർവീസ് എന്നീ വിഭാഗങ്ങൾക്ക് ചില ഇളവുകളും ആലോചിക്കുന്നുണ്ട്. ഈ ജില്ലകളിലെ സേവനം പ്രോത്സാഹിപ്പിക്കാൻ ആർജിത അവധിയിൽ ഇളവുകൾ നൽകുന്നതും പരിഗണനയിലുണ്ട്. അങ്ങനെ ഈ ജില്ലകളിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ എത്തിക്കാനാണ് ആലോചന.

നേരത്തെ കസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിൽ അതത് ജില്ലകളിൽ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കാൻ വകുപ്പ് തലവന്മാർക്ക് കർശന നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കാസർകോട് അടക്കം ചില ജില്ലകളിൽ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ അവധിയിൽ പോകുന്നത് പദ്ധതി നിർവഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നു.

സർക്കാർ ഇത് ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. അതിന് ശേഷവും കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെയാണ് ചീഫ് സെക്രട്ടറി തല ഇടപെടലുണ്ടാകുന്നത്. കാസർകോട് ജില്ല നേരിടുന്ന ഗൗരവമായ പ്രശ്‌നമാണ് ഇത്. കാസർകോട് ജില്ല ഉൾപ്പെടെ ചില ജില്ലകളിൽ വിവിധ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ അവധിയിൽ പോകുന്നതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഇതുമൂലം അവശ്യ തസ്തികകളിൽ ജീവനക്കാർ ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത് പദ്ധതി നിർവ്വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നതെന്നാണ് സർക്കാർ വിലയിരുത്തൽ.

കാസർകോട് ഉൾപ്പെടെയുള്ള 3 ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവു വരെ തുടരുന്നതിന് നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. വിവിധ വകുപ്പുകളിൽ ജില്ലയിൽ നിയമിക്കപ്പെടുന്ന വകുപ്പു മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഭരണസ്വാധീനം ഉപയോഗിച്ച് മാസങ്ങൾക്കുള്ളിൽ മറ്റിടങ്ങളിലേക്ക് സ്ഥലം മാറി പോകുന്നത് ജില്ലയുടെ വികസന പദ്ധതികളെ ബാധിക്കുന്നതായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഈ വിഷയം 2021 നവംബർ 22ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്നവർക്കാണ് ഇതു ബാധകമായിട്ടുള്ളത്. ഈ ജില്ലകളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് വികസന പദ്ധതികൾ വിജയകരമായി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രസ്തുത ജില്ലകളിൽ തുടരണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പദ്ധതികളുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. എന്നാൽ ഈ ഉത്തരവ് അതിന്റെ എല്ലാ അർത്ഥത്തിലും നടപ്പായില്ല.

വിവിധ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ഉടൻ അവധിയിൽ പോകുന്നതായി കാണുന്നുവെന്നും അവശ്യ തസ്തികളിൽ ജീവനക്കാർ ഇല്ലാത്തതുമൂലം പദ്ധതികൾ നടപ്പിലാക്കാൻ വലിയ കാലതാമസം നേരിടേണ്ടി വരുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ അടക്കം ജീവനക്കാരില്ലാത്തതിനാൽ പല പഞ്ചായത്തുകളിലും പദ്ധതി വിഹിതം പകുതി പോലും വിനിയോഗിച്ചിട്ടില്ല. സെക്രട്ടറി ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യം ജനപ്രതിനിധികളും ചർച്ചയാക്കിയിരുന്നു.