ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ കുറ്റപ്പെടുത്തലുമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ച ഫലസ്തീൻ ബന്ധമുള്ള യുഎസ് മോഡൽ ജീജി ഹദീദിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ. സംഘർഷവുമായി ബന്ധപ്പെട്ട് ഹദീദിന്റെ നിലപാട് അവർ ഇതുവരെ പുലർത്തിയ നിശബദ്തതയിൽനിന്നു തന്നെ വ്യക്തമാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി. ഫലസ്തീനുള്ള പിന്തുണയെ ഹമാസിനുള്ള പിന്തുണയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജീജി ഹദീദ് പോസ്റ്റു പങ്കുവെച്ചത്. ഈ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേൽ വിമർശനം ഉന്നയിച്ചത്.

'ഫലസ്തീനികളോടുള്ള ഇസ്രയേൽ ഭരണകൂടത്തിന്റെ സമീപനത്തിൽ ജൂതരുമായി ബന്ധപ്പെട്ട് ഒന്നുമില്ല. ഇസ്രയേൽ ഭരണകൂടത്തെ അപലപിക്കുന്നത് ജൂതവിരുദ്ധമല്ല. ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനെ ഹമാസിനുള്ള പിന്തുണയായും വ്യഖ്യാനിക്കാനാകില്ല.' ജീജി ഹദീദ് കുറിച്ചു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഇസ്രയേലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഉയർത്തിയത്.

'കഴിഞ്ഞയാഴ്ച നിങ്ങൾ ഉറങ്ങുകയായിരുന്നോ അതോ ജൂതക്കുഞ്ഞുങ്ങളെ അവരുടെ സ്വന്തം വീടുകളിൽ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ സൗകര്യപൂർവം കണ്ണടച്ച് ഇരിക്കുകയായിരുന്നോ ഈ വിഷയത്തിലുള്ള നിലപാട് നിങ്ങളുടെ നിശബ്ദതയിൽ നിന്നു തന്നെ വ്യക്തമാണ്. അത് ഞങ്ങൾ കണ്ടതാണ്.' ഇസ്രയേലിന്റെ പേരിലുള്ള ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പറയുന്നു.

ഇതിനു പുറമേ രക്തക്കറയുള്ള മുറിയിൽ ചിതറിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളുടെയും വസ്ത്രങ്ങളുടെയും ചിത്രം പങ്കുവച്ചും വിമർശനമുണ്ട്: 'ഈ ദൃശ്യങ്ങളെ അപലപിക്കുന്നില്ലെങ്കിൽ നിങ്ങളുടെ വാക്കുകൾക്ക് യാതൊരു വിലയുമില്ല' പോസ്റ്റിൽ കുറിച്ചു. 'ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിലും കൂട്ടക്കുരുതിയിലും ധീരമായി ഒന്നുമില്ല. ഹമാസിനെ (ഐഎസ്‌ഐഎസ്) അപലപിക്കുന്നത് തീർച്ചയായും ഫലസ്തീൻ വിരുദ്ധമല്ല. നിഷ്ഠൂരരായ ഭീകരർക്കെതിരായ ഈ പോരാട്ടത്തിൽ ഇസ്രയേലികളെ പിന്തുണയ്ക്കുന്നതാണ് ഇവിടുത്തെ ശരി' എന്നും കുറിപ്പിലുണ്ട്.

അതേസമയം ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ സംഖ്യ 500 കടന്നിട്ടുണ്ട്. ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ രാത്രിയോടെയാണ് അൽ -അഹ്ലി ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധത്തിൽ വീടു നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു.സംഭവത്തിൽ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണമാണ് ഇതിന് പിന്നിൽ എന്നാണ് ഹമാസിന്റെ ആരോപണം.

അതേസമയം ഫലസ്തീൻ തീവ്രവാദി സംഘടനായ ഇസ്ലാമിക് ജിഹാദ് തെറ്റായി മിസൈൽ പ്രയോഗിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.മേേമരസഇസ്രയേൽ - ഹമാസ് യുദ്ധത്തിനിടെ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെൽ അവീവ് സന്ദർശിക്കാനിരിക്കുന്നതിന് മുൻപായിരുന്നു ആക്രമണം. ജോബൈഡൻ ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും.

സ്‌ഫോടനത്തെ തുടർന്ന് ജോർദാനിലെ അമ്മാനിൽ ഇന്ന് സംഘടിപ്പിക്കാനിരുന്ന പ്രാദേശിക ഉച്ചക്കോടി റദ്ദാക്കിയതായി ജോർദാൻ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി തുടങ്ങിയവരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു.ആശുപത്രിയിലെ ആക്രമണത്തിൽ ബൈഡൻ രോഷം പ്രകടിപ്പിക്കുകയും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ രാജ്യത്തെ പ്രത്യേക അന്വേഷണ സംഘടനയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരണവുമായി രംഗത്തെത്തി.