തിരുവനന്തപുരം: ജയിലുകളിൽ തടവുകാരെ പങ്കെടുപ്പിച്ചു മതസംഘടനകൾ നടത്തുന്ന ആത്മീയ പ്രവർത്തനങ്ങൾ വിലക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ തീരുമാനം പിൻവലിച്ചു ജയിൽ വകുപ്പ്. വിശുദ്ധവാരത്തിൽ ക്രിസ്ത്യൻ പുരോഹിതർ ജയിലുകളിൽ കയറരുതെന്നുള്ള ഉത്തരവാണ് പിൻവലിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവരുമായി ഈ ഉത്തരവിനെതിരെ ക്രൈസ്തവ പുരോഹിതർ സംസാരിച്ചിരുന്നു. കർദിനാൾ മാർ ക്ലിമ്മിസ് അടക്കമുള്ളവർ പിണറായി വിജയനെ കണ്ട് വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.

ഇതോടെയാണ് ജയിൽവകുപ്പ് വിഷയത്തിൽ നിന്നും മലക്കം മറിഞ്ഞത്. ജയിലുകളിൽ ആത്മീയ പ്രവർത്തനങ്ങൾ വേണ്ടെന്നും പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ മതിയെന്നും ജയിൽ വകുപ്പ് ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായ സൂപ്രണ്ടുമാർക്കു നിർദ്ദേശം നൽകിയിരുന്നു. ഈ സംഭവത്തെ കുറിച്ച് അധികമാരും അറിഞ്ഞതുമില്ല. ഇതിനിടെയാണ് വിശുദ്ധവാരവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ സംഘടനകൾ ജയിൽ അധികൃതരെ സമീപിച്ചത്. അപ്പോഴാണ് വിലക്കിന്റെ വിവരം അറിഞ്ഞത്.

മാസങ്ങൾക്കു മുൻപേ അനുമതി തേടിയിട്ടും വിശുദ്ധവാരത്തിലെ കുർബാനയടക്കം നടത്താൻ കഴിയാതെ വന്നതോടെ ക്രിസ്ത്യൻ സംഘടനകൾ പരാതിയുമായി രംഗത്തെത്തി. ദീപികയിൽ അടക്കം ഈ വിഷയം വലിയ തോതിൽ വാർത്തയുമായി. ഇതോടെയാണ് സർക്കാർ ജനരോഷം ഭയന്ന് തിരുത്തൽ നടപടി തിരുത്തിയത്. നിശ്ചിത കാലത്തേക്കു ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങി താൽപര്യമുള്ള തടവുകാരെ പങ്കെടുപ്പിച്ചു ജയിലിൽ വിവിധ മതസംഘടനകൾ പ്രാർത്ഥനകൾ സംഘടിപ്പിച്ചിരുന്നു.

മതപരമായ വിശേഷദിവസങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്. അനുമതിയുടെ കാലാവധി തീരുന്ന മുറയ്ക്ക് ഈ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണു കഴിഞ്ഞദിവസം ജയിൽ വകുപ്പ് ഡയറക്ടർ സൂപ്രണ്ടുമാരോടു നിർദേശിച്ചത്. പകരം തടവുകാരെ പ്രചോദിപ്പിക്കുന്ന ക്ലാസുകളും പ്രവർത്തനങ്ങളുമാകാമെന്നും ഇതിനായി പാനലിസ്റ്റുകളുടെ പട്ടിക തയാറാക്കണമെന്നും നിർദേശിച്ചു.

വിശുദ്ധവാരത്തിലെ പ്രാർത്ഥനയ്ക്കായി സമീപിച്ചപ്പോഴാണ്, അനുമതിയില്ലെന്ന വിവരം ക്രിസ്ത്യൻ സംഘടനകൾ അറിഞ്ഞത്. ഇതോടെയാണു പരാതി ഉയർന്നത്. പ്രാർത്ഥന, യോഗ, ജീവനകല തുടങ്ങിയ വിവിധ ആത്മീയ പ്രവർത്തനങ്ങൾ ജയിലുകളിൽ വർഷങ്ങളായി നടത്തിയിരുന്നു. എവിടെയും ഇതുമായി ബന്ധപ്പെട്ടു പരാതികളുയർന്നിരുന്നില്ല. കോവിഡ് കാലത്തു നിർത്തിവച്ചിരുന്നെങ്കിലും ഒരു വർഷം മുൻപു പുനരാരംഭിച്ചു.

വിവാദമായതോടെ, തടവുകാർക്കു പ്രചോദനാത്മകമായ ക്ലാസുകൾ നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ആത്മീയ പ്രവർത്തനങ്ങൾ തടഞ്ഞിട്ടില്ലെന്നും ബൽറാം കുമാർ ഉപാധ്യായ വിശദീകരിച്ചു. പ്രത്യേക അവസരങ്ങളിൽ അപേക്ഷ നൽകിയാൽ നിയമപരമായി പരിശോധിച്ച് അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ജയിലുകളിൽ വ്യാഴാഴ്ച പെസഹയോട് അനുബന്ധിച്ച് കുർബാന നടത്താൻ അനുമതി ലഭിച്ചതായി കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവയും വ്യക്തമാക്കി. ജയിലുകളിൽ സാമൂഹ്യ സേവനത്തിനും കുർബാനയ്ക്കും നിരോധനമുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സന്ദർശനം നടത്തിയപ്പോൾ ഇക്കാര്യത്തിൽ ഉടനടി നടപടിയുണ്ടായെന്ന് ബാവ പറഞ്ഞു.

ഇതോടെ, വിലക്കിനെതിരെ ക്രൈസ്ത സഭകളുടെ കൂട്ടായ്മ നടത്താനിരുന്ന സമരം പിൻവലിച്ചു. കേരളത്തിലെ ജയിലുകളിൽ നടന്നു വന്നിരുന്ന ബോധവത്കരണ ക്ലാസുകളും, പ്രാർത്ഥനാ യോഗങ്ങളും നിരോധിച്ച ജയിൽ മേധാവിയുടെ ഉത്തരവിനെതിരേ ക്രിസ്ത്യൻ ഐക്യവേദി പ്രതിഷേധിച്ചിരുന്നു.

1958 മുതൽ ജയിലുകളിൽ ധാർമികവും, മതപരവുമായ ഉപദേശങ്ങൾക്ക് അനുമതി ഉണ്ടായിരുന്നു 2015-ൽ ഏർപ്പെടുത്തിയ നിരോധനം പ്രതിഷേധത്തെ തുടർന്ന് യു.ഡി.എഫ്. സർക്കാർ പിൻവലിച്ചിരുന്നു. തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാരും എല്ലാ മതവിഭാഗങ്ങൾക്കും ഇതിനുള്ള സ്വാതന്ത്ര്യം നൽകി. ഈ അനുമതിയാണ് ഇപ്പോൾ നിഷേധിച്ചതും. ഇതിനെതിരേ ക്രിസ്ത്യൻ ഐക്യവേദി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതോടെ സർക്കാർ ഉടനടി തിരുത്തും എത്തി.