കൊല്ലം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾക്കിടെ ട്രഷറി നിയന്ത്രണം വേണ്ടി വരില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും എന്നാൽ നിയന്ത്രണം ഉടൻ വേണ്ടിവരില്ലെന്നും ബാലഗോപാൽ പറഞ്ഞു.

'പ്രതീക്ഷിക്കും വിധം പണലഭ്യത ഉണ്ടായാൽ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. അർഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് ബുദ്ധിമുട്ടിന് കാരണം. ഇക്കാര്യം മാധ്യമങ്ങൾ പറയണം. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ എന്നത് വാർത്തകൾ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ടെന്നാൽ ഖജനാവ് പൂട്ടുമെന്നല്ല. ഓവർഡ്രാഫ്റ്റ് വേണ്ടിവരുമെന്ന് കരുതുന്നില്ല. ഓവർഡ്രാഫ്റ്റ് നിയമപരമാണ്'- ബാലഗോപാൽ പറഞ്ഞു.

ഓണക്കാലത്ത് എല്ലാവിഭാഗം ജനങ്ങൾക്കൊപ്പവും സർക്കാരിന് നിൽക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണം ആഘോഷിക്കാൻ വേമ്ടി കോടികൾ കടമെടുത്തിരുന്നു സംസഥാന സർക്കാർ. കേന്ദ്രത്തിന്റെ ധനകമ്മി നികത്തൽ ഗ്രാന്റും ജി.എസ്ടി വിഹിതവും കിട്ടിയില്ലെങ്കിൽ കേരളം ഓവർട്രാഫ്റ്റിലെക്ക് പോകുമെന്നതാണ് അവസ്ഥ.

കയ്യിൽ പണമില്ലെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് റിസർവ് ബാങ്കിൽനിന്ന് നിത്യച്ചെലവുകൾക്കായി എടുക്കാൻ കഴിയുന്ന വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് ഇതിനകം 1,683 കോടി രൂപ കേരളം എടുത്തു കഴിഞ്ഞു.ഇനി 1,683 കോടി രൂപ വരെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. എന്നിട്ടും തികഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടിവരുമെന്ന അവസ്ഥ ഉണ്ടായിരുന്നു.

വരുമാനം നാമമാത്രമായി കൂടുകയും ചെലവ് വൻതോതിൽ പെരുകുകയും ചെയ്യുമ്പോൾ വിടവ് നികത്താൻ കേരളത്തിന് ഒരുമാസം കണ്ടെത്തേണ്ടിവരുന്നത് ഏകദേശം 5900 കോടിരൂപ. ഈ അന്തരമാണ് കേരളത്തിന്റെ സമ്പദ്സ്ഥിതിയെ നലയില്ലാ കയത്തിൽ ആക്കുന്നത്.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പ്രസിദ്ധീകരിച്ച, സർക്കാരിന്റെ ജൂലായിലെ വരവുചെലവിന്റെ താത്കാലിക കണക്കുപ്രകാരം വരവ് 8709.10 കോടി രൂപ.

ചെലവ് 14,616.45 കോടി. വിടവ് 5907.35 കോടി. ഇതിൽ വായ്പയെടുക്കാനായത് 4166.54 കോടിരൂപ.ഈ മാസം ഓണക്കിറ്റ്, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ്, കെഎസ്ആർടിസിക്കു സഹായം തുടങ്ങിയവയ്ക്കായി 15,000 കോടി രൂപ ചെലവിട്ടതോടെയാണ് ട്രഷറി കാലിയായത്.

നാളെ കേന്ദ്രത്തിൽനിന്നു ധനക്കമ്മി നികത്തൽ ഗ്രാന്റ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടേണ്ടതാണ്. കിട്ടിയില്ലെങ്കിൽ രണ്ടാം പിണറായി സർക്കാർ ആദ്യമായി ഓവർ ഡ്രാഫ്റ്റിലേക്കു പോകും.കർശനനിയന്ത്രണ നടപടികളാണ് ഇതെതുടർന്ന് സംഭവിക്കാൻ പോകുന്നത്. സ്‌കോളർഷിപ്, ചികിത്സാ സഹായം, മരുന്നു വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങിയവ ഒഴികെ വിലക്കുണ്ടാകും വിധം ട്രഷറി നിയന്ത്രണത്തിലേക്ക് സർക്കാർ കടക്കുമോ എന്ന് കണ്ടു തന്നെ അറിയണം.