തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ധനകാര്യ വകുപ്പ്. എങ്ങനെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് തലപുകയ്ക്കുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബില്ലുകൾ കൂട്ടത്തോടെ പാസാകാൻ വേണ്ടി വകുപ്പിന് മുന്നിൽ എത്തിയിട്ടുണ്ടെങ്കിലും പിന്നീടെന്ന് പറഞ്ഞ് മാറ്റുവെക്കുകയാണ് വകുപ്പ്. കൂടുതൽ പണം കടമെടുത്ത് എങ്ങനെയെങ്കിലും കാര്യങ്ങൾ ഒപ്പിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ.സ

സാമ്പത്തിക വർഷം അവസാനിക്കാൻ നാലുദിവസം ശേഷിക്കെ സംസ്ഥാന സർക്കാർ 5,300 കോടി രൂപ കൂടിയാണ് കടമെടുക്കുന്നത്. ഏപ്രിൽ ആദ്യം ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ ട്രഷറിയിൽ പണം ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ടാണ് കടമെടുപ്പ്. ബില്ലുകളുടെ കുത്തൊഴുക്ക് ധനവകുപ്പിലേക്കുണ്ടെങ്കിലും കടുത്തനിന്ത്രണം തുടരുകയാണ്. വലിയ തുകയുടെ ബില്ലകളെല്ലാം തടഞ്ഞു വെച്ചിരിക്കയാണ്. ഇത് കൂടാതെ ഏപ്രിലിൽ വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടി വരും. ഇതെല്ലാം ലക്ഷ്യമിട്ടാണ് വൻതുക കടമെടുത്തിരിക്കുന്നത്.

രണ്ടു കടപ്പത്രങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചത്. ആദ്യം 1037 കോടിയുടേതും തുടർന്ന് 4263 കോടിയുടേയും. രണ്ടിന്റെയും ലേലം ചൊവ്വാഴ്ച മുംബൈ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം സർക്കാറിന് പണം ലഭിക്കും. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം കൊണ്ടു വന്നത് സർക്കാറിന് പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ, വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുടെ പേരിൽ 4000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രം അനുവദിച്ചു. കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ പോയ സംസ്ഥാനത്തിന് ഇതു വലിയ ആശ്വസമായി. സർക്കാറിന്റെ വിവിധ സ്ഥാപനങ്ങൾ വഴിയും ട്രഷറിയിൽ കൂടുതൽ പണം ലഭ്യമാക്കാൻ ശ്രമിച്ചിരുന്നു.

അതേസമയം, വാർഷിക പദ്ധതി വിനിയോഗം ഇഴഞ്ഞു നീങ്ങുകയാണ്. 39,640.19 കോടിയുടെ മൊത്തം പദ്ധതിയിൽ ഇതുവരെ 71.13 ശതമാനം മാത്രമേ വിനിയോഗമുള്ളൂ. സംസ്ഥാന പദ്ധതിയുടെ 22,322 കോടിയിൽ 67.58 ശതമാനമാണ് ചെലവിട്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ 8048 കോടിയിൽ 81.66 ശതമാനം ചെലവിടാനായി. കേന്ദ്ര സഹായ പദ്ധതികളുടെ 9270.19 കോടിയിൽ 70.52 ശതമാനം മാത്രമാണ് വിനിയോഗം. ശേഷിക്കുന്ന നാലു ദിവസംകൊണ്ട് വൻകുതിപ്പിന് സാധ്യതയില്ല.

പല വകുപ്പിലും വിനിയോഗം മെച്ചപ്പെട്ടിട്ടില്ല. കാർഷിക പദ്ധതികളിൽ 50 ശതമാനമാണ് വിനിയോഗം. ട്രഷറികളിൽ ബിൽ സമർപ്പിക്കുന്നതിന് സമയ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. അവസാന സമയം ബില്ലുകൾ കൂട്ടത്തോടെ കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്. അതേസമയം, ബജറ്റ് വിഹിതം നഷ്ടപ്പെടാതെ എങ്ങനെയും അനുവദിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുകൾ.

സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി 2017നു മുൻപുള്ള സ്ഥിതിയിലേക്കു പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് കേരളം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ കടമെടുപ്പ് പരിധി ഉയർത്തിയത് ആശ്വാസമാകുകയും ചെയ്തു. കഴിഞ്ഞ 25 വർഷംകൊണ്ട് കേരളത്തിന്റെ പൊതുകടത്തിൽ 3 ലക്ഷം കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്ന്. അതായത് 5 സർക്കാരുകൾ മാറിമാറി കേരളം ഭരിച്ചപ്പോൾ 1996 ലെ കടം 13 ഇരട്ടിയായി പെരുകി. ഇന്നും റിസർവ് ബാങ്കിൽനിന്നു കേരളം കടമെടുക്കുകയാണ് 2,603 കോടി രൂപ. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുകടം 4 ലക്ഷം കോടിയായി ഉയർന്നേക്കും.

ചെലവും വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. വരവിനെക്കാൾ ചെലവേറുമ്പോൾ ആ ചെലവു നിറവേറ്റാൻ സർക്കാരിനു പണം കടമെടുക്കേണ്ടി വരും. ഓരോ സാമ്പത്തികവർഷത്തിന്റെയും തുടക്കത്തിൽ ആ വർഷം കടമെടുക്കാവുന്ന തുക ഓരോ സംസ്ഥാനത്തെയും കേന്ദ്രം അറിയിക്കും. ഇതനുസരിച്ച് റിസർവ് ബാങ്ക് കടമെടുപ്പ് കലണ്ടർ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ കടമെടുക്കാൻ ആഗ്രഹിക്കുന്ന തുകയും തിരിച്ചടവു കാലയളവും എല്ലാ വെള്ളിയാഴ്ചകളിലും റിസർവ് ബാങ്ക് വിജ്ഞാപനം ചെയ്യും. ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ ഇകുബേർ എന്ന ഓൺലൈൻ പോർട്ടലിലൂടെയാണ് വായ്പയ്ക്കായുള്ള ലേലം നടക്കുക. കടപ്പത്രങ്ങളാണു ലേലം ചെയ്യുന്നത്. കടപ്പത്രങ്ങൾ വാങ്ങുന്നതിൽ ഏറെയും ബാങ്കുകളും എൽഐസി പോലുള്ള ഇൻഷുറൻസ് കമ്പനികളുമാണ്. തിരിച്ചടവ് ഉറപ്പുള്ളതിനാൽ കടപ്പത്രങ്ങൾ വാങ്ങുന്നതിന് ആർക്കും മടിയില്ല. ശരാശരി 7.5% പലിശയ്ക്കാണ് ഇപ്പോൾ മിക്ക സംസ്ഥാനങ്ങൾക്കും വായ്പ ലഭിക്കുന്നത്.

സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനമാണ് കേരളത്തിന് ഈ വർഷം കടമെടുക്കാവുന്ന തുക. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം ഏകദേശം 10 ലക്ഷം കോടി രൂപയാണ്. അതിനാൽ 32,435 കോടി രൂപയാണ് ഈ വർഷം കടമെടുക്കാൻ കഴിയുക. ബജറ്റിനു പുറത്തെ കടമെടുപ്പിന്റെ പേരിൽ ഈ തുകയിലും കേന്ദ്രം കുറവു വരുത്തിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായ രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ചിന്റെ ഏറ്റവും പുതിയ (ഒക്ടോബർ) വിലയിരുത്തൽ പ്രകാരം കേരളത്തിന്റെ സാമ്പത്തിക ഭദ്രത നെഗറ്റീവിലേക്കു കൂപ്പുകുത്തി. മുൻപു സുസ്ഥിരമായിരുന്നു (സ്റ്റേബിൾ) റേറ്റിങ്. കടം പെരുകിപ്പെരുകി വരുന്നതാണ് കാരണമെന്നു ഫിച്ച് വിലയിരുത്തി. കിഫ്ബി ക്രെഡിറ്റ് റേറ്റിങ്ങും നെഗറ്റീവിലേക്കു താണിരുന്നു.