തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കവേ വിമർശനവുമായി പ്രതിപക്ഷം. കേരളം വലിയ അപകട മേഖലയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്ലാൻ ചെയ്യണം. പല ജില്ലകളിലും പല പ്രശ്‌നങ്ങളാണ് ഉള്ളത്. ഓരോ ജില്ലയിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ ഇല്ലെന്നും വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.

എന്നാൽ ഇടുക്കി കുടയത്തൂർ ഉരുൾപൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമെന്ന് നിയമസഭയിൽ റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. 70 വർഷം മുമ്പാണ് നേരത്തെ ഇവിടെ ഉരുൾപൊട്ടലുണ്ടായത്. ഇടുക്കി, വയനാട് ജില്ലകളിൽ ഹൈ ആൾട്ടിട്യൂഡ് റെസ്‌ക്യൂ ഹബ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മധ്യകേരളത്തിലും പത്തനംതിട്ടയിലെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ജില്ലയിലെ വിദ്യാഭ്യാ സ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. കോട്ടയത്ത് 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മീനച്ചിലാറിൽ ജലനിരപ്പ് ഉയരുകയാണ്. കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊച്ചിയിൽ കനത്ത മഴയിൽ എം ജി റോഡിൽ വെള്ളം കയറി. കത്രക്കടവിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ബസുകൾക്ക് പോകേണ്ട ഒരേ ഒരു വഴിയായതിനാൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. മരം വീഴുന്നതിന് തൊട്ട് മുൻപ് രണ്ട് ഓട്ടോറിക്ഷകൾ ഇതുവഴി കടന്ന് പോയിരുന്നു. ഒരു ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്.

അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നു. പുലർച്ചെ നാല് മണി മുതൽ കൊച്ചി നഗരത്തിൽ കനത്ത മഴയാണ് പെയ്തത്. എംജി റോഡിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കത്രിക്കടവിൽ മരം അപകടാവസ്ഥയിലാണെന്ന് കാണിച്ച് സമീപവാസികളും വ്യാപാരികളും കളക്ടറേറ്റിൽ ഒരു വർഷം മുൻപ് പരാതി നൽകിയെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന പരാതിയുണ്ട്. നഗരത്തിലെ പ്രധാന പാതകളും ഇടറോഡുകളുമെല്ലാം വെള്ളത്തിനടിയിലാണ്. കൊച്ചിയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വ്യാപക നാശമാണ് പത്തനംതിട്ട കോട്ടയം ജില്ലകളിലുണ്ടായത്. പത്തനംതിട്ടയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.