തിരുവനന്തപുരം: സർക്കാറുമായി ഉടക്കി നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാറിന്റെ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിക്കാതെ സർക്കാർ. തിങ്കളാഴ്ച തലസ്ഥാനത്തുനടക്കുന്ന ഓണാഘോഷ സമാനച്ചടങ്ങുകളിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സർക്കാർ ക്ഷണിച്ചില്ല. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാൻ വിശിഷ്ടാതിഥിയായി ഗവർണർ സകുടുംബം പങ്കെടുക്കുക പതിവാണ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്. ഇക്കുറി സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് ആരോപണം.

അതേസമയം ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഗവർണർ അട്ടപ്പാടിയിൽ എത്തിയിട്ടുണ്ട്. 18-ാം തീയതിയോടെയേ രാജ്ഭവനിൽ തിരിച്ചെത്തുകയുള്ളൂ. ലോകായുക്ത നിയമ ഭേദഗതിയടക്കമുള്ള ഓർഡിനൻസുകൾക്ക് പകരം നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ ഇനിയും രാജ്ഭവന് കൈമാറിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ നടപടി ഉണ്ടാകുയുള്ളൂ.

തുടർച്ചയായി ഓണം അവധി വന്നതു മൂലമാണ് ബില്ലുകൾ അയയ്ക്കാൻ വൈകിയത്. നിയമസഭയിൽ നിന്നു സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലേക്ക് പോയ ബില്ലുകൾ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി വേണം രാജ്ഭവനിൽ എത്താൻ. ബില്ലുകൾ നിയമപരവും ഭരണഘടനാപരവുമാണോ എന്ന് ഗവർണർ വിലയിരുത്തും.

കൂടുതൽ വിശദീകരണം തേടി അവ പിടിച്ചു വയ്ക്കാനും സർക്കാരിലേക്കു തിരികെ അയയ്ക്കാനും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക് വിടാനും ഗവർണർക്ക് അധികാരമുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന ഓണം വാരാഘോഷത്തെക്കുറിച്ചോ സമാപന ഘോഷയാത്രയെക്കുറിച്ചോ ഇന്നലെയും ആരും ഗവർണറെ അറിയിച്ചിട്ടില്ല. ടൂറിസം മന്ത്രിമാർ നേരിട്ട് ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കുന്നതാണു കീഴ്‌വഴക്കം.

നിയമവകുപ്പിന്റെ പരിഗണനയിലുള്ള ഈ ബില്ലുകൾ മുഖ്യമന്ത്രിയുടെ ഓഫീസുകൂടി കണ്ടശേഷമാകും ഗവർണർക്ക് കൈമാറുക. ഈയാഴ്ച അവ രാജ്ഭവന് നൽകിയാലും 18-നുശേഷമേ ഗവർണർ അത് പരിഗണിക്കൂ. ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ ബില്ലും ഗവർണർ ഉടനടി ഒപ്പിടാൻ വിസമ്മതിച്ചേക്കുമെന്ന് സൂചനയുണ്ട്. ബില്ലുകളിൽ നിയമോപദേശം തേടാനും സർക്കാരിലേക്ക് തിരിച്ചയക്കാനും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാനും ഗവർണർക്ക് അധികാരമുണ്ട്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചാൽ നടപടികൾ വീണ്ടും നീളും.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്തവിധി പരിശോധിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് മാറ്റി നിയമസഭയ്ക്ക് നൽകുന്നതടക്കമുള്ള ഭേദഗതികളാണ് ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. സർക്കാരിനെതിരായ ലോകായുക്ത വിധികളെ മറികടക്കാനാണീ ഭേദഗതികൾ. പ്രളയകാലത്ത് സമാഹരിച്ച ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ ലോകായുക്ത വിചാരണ പൂർത്തിയായിട്ടുണ്ട്. ഇത് വിധിപറയാനായി മാറ്റി. നിയമഭേദഗതി ഗവർണർ രാഷ്ട്രപതിക്ക് വിട്ടാൽ ഈ കേസിൽ ലോകായുക്ത ഉടൻതന്നെ വിധിപറയാൻ നിർബന്ധിതമാവും.