പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങൾ ലംഘിച്ച്. അമിത വേഗതയിൽ വളവിൽ ഓവർടേക്ക് ചെയ്ത് അപകടമുണ്ടാക്കിയ ബസിന് ജിപിഎസും സ്പീഡ് ഗവർണറും പ്രവർത്തിച്ചിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇരുവാഹനങ്ങൾക്കും അമിത വേഗമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എങ്കിലും അപകടത്തിൽപ്പെട്ട സൈലോ കാറിന്റെ ഡ്രൈവർ തന്റെ സൈഡിലൂടെ കൃത്യമായാണ് വന്നിരുന്നത്.

വളവോട് കൂടിയ കിഴവള്ളൂർ പള്ളിക്ക് മുന്നിൽ മുൻപിൽ പോയ കാറിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസിന് നിയന്ത്രണം നഷ്ടമാവുകയും എതിരേ വന്ന സൈലോ കാർ ഇടിച്ച് തകർത്ത് കിഴവള്ളൂർ പള്ളിയുടെ കമാനവും കാണിക്ക വഞ്ചിയും ഇടിച്ച് തകർത്ത് നിൽക്കുകയുമായിരുന്നു.കാർ വരുന്ന ഭാഗത്ത് റോഡിന്റെ ഇടതു വശത്ത് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇതു കാരണം അടുത്ത ട്രാക്കിലേക്ക് കാർ കയറിയ സമയത്താണ് ഇടിയുണ്ടായത്.

അപകടത്തിൽ 17 പേർക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണ്. കെഎസ്ആർടിസി ഡ്രൈവർ അജയകുമാർ, കാർ ഓടിച്ചിരുന്ന ജോണോറാം ചൗധരി എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1.50 ന് പത്തനംതിട്ടയിൽ നിന്നും പുനലൂർ വഴി തിരുവനന്തപുരത്തിന് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കോന്നിയിൽ നിന്ന് പത്തനംതിട്ട ഭാഗത്തെക്ക് വരികയായിരുന്ന സൈലോ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തെറ്റായ വശത്ത് കുടി വേഗത്തിൽ മറ്റൊരു കാറിനെ മറികടന്ന് വന്ന കെഎസ് ആർടിസി ബസ് അശ്രദ്ധമായും വേഗത്തിലുമെത്തിയ സൈലോ കാറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

തുടർന്ന് നിയന്ത്രണം വിട്ട ബസ് കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളിയുടെ കുരിശടിയോട് ചേർന്നുള്ള കോൺക്രീറ്റ് കമാനം ഇടിച്ച് തകർത്ത് ഉള്ളിൽ കയറിയാണ് നിന്നത്. കമാനത്തിന്റെ ഭാരമേറിയ കോൺക്രീറ്റ് ബീമുകൾ മുകളിൽ വീണ് ബസ് പൂർണ്ണമായും തകർന്നു.

ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരുക്കേറ്റ 17 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കോന്നി-മുവാറ്റുപുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇരു വാഹനങ്ങളും ക്രെയിൻ ഉപയോഗിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.