തിരുവനന്തപുരം: കെഎസ്ആർടിസി കരഞ്ഞു പറഞ്ഞിട്ടും ഹർത്താൽ അനുകൂലികൾ കേട്ടില്ല. ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ നടന്നത് വ്യാപകമായ ആക്രമണം. 51 ബസുകൾ വിവിധ ഇടങ്ങളിലായി ഇതിനോടകം തകർത്തിട്ടുണ്ട്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുപ്പതോളം ബസ്സുകളുടെ ചില്ലുകൾ തകർക്കപ്പെട്ടു. ഹർത്താൽ അനുകൂലികൾ നടത്തിയ അക്രമത്തിൽ 11 പേർക്ക് പരിക്കേറ്റു.

നേരത്തെ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കെഎസ്ആർടിസി ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അഭ്യർത്ഥന നടത്തിയത്. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...

ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക. ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

അരുതേ ...
ഞങ്ങളോട് ...
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...
ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം കെഎസ്ആർടിസി ബസുകൾ വലിയ തോതിൽ തകർക്കപ്പെട്ടു. എട്ടു ഡ്രൈവർമാർ, രണ്ടു കണ്ടക്ടർമാർ, ഒരു യാത്രക്കാരി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും ഡ്രൈവർക്ക് പരിക്കേറ്റു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെഎസ്ആർടിസിയുടെ പ്രാഥമിക വിലയിരുത്തൽ. കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റതായും കെഎസ്ആർടിസി അറിയിച്ചു. കണ്ണൂർ വളപട്ടണത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേർക്ക് കല്ലേറുണ്ടായി. യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്തു നിന്നും കൊല്ലൂർക്ക് പോയ ബസിന് നേർക്കാണ് അക്രമമുണ്ടായത്.

മറ്റു വാഹനങ്ങൾക്ക് നേരെയും അക്രമികൾ കല്ലെറിഞ്ഞു. കല്ലേറിനിടെ ഡ്രൈവർമാർക്ക് നേരെ ഇരുമ്പ് കഷ്ണം എറിഞ്ഞ് പരിക്കേൽപ്പിക്കാനും ശ്രമമുണ്ടായി. തിരുവനന്തപുരത്ത് ലോറി ഡ്രൈവർ ജിനുവിന് ഇരുമ്പ് കഷ്ണം പതിച്ചാണ് പരിക്കേറ്റത്. തൃശൂർ ചാവക്കാട് ആംബുലൻസിന് നേരെ അക്രമികൾ കല്ലെറിഞ്ഞു. തിരുവനന്തപുരം കുമരിച്ചന്തയിൽ വാഹനങ്ങളുടെ ചില്ലുകൾ തകർത്തു.

ഈരാറ്റുപേട്ടയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. 87 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹർത്താലിനിടെ കടകൾക്ക് നേരെയും വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകൾ അടിച്ചുതകർത്തു. നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. ഹോട്ടലിന് മുൻപിൽ നിർത്തിയിട്ട ബൈക്കും അടിച്ചുതകർത്തു. കോട്ടയം സംക്രാന്തിയിൽ ലോട്ടറിക്കടയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. കട അടിച്ചുതകർത്തു.പോത്തൻകോട് മഞ്ഞമലയിൽ കടകൾക്ക് നേരെ സമരക്കാർ അക്രമം അഴിച്ചുവിട്ടു.

കണ്ണൂർ മട്ടന്നൂർ ഇല്ലന്മൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്‌ത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റു. യാത്രക്കാരെ ഹർത്താൽ അനുകൂലികൾ അസഭ്യം പറയുന്നത് തടയാൻ ശ്രമിക്കവെയായിരുന്നു ആക്രമണം. പൊലീസിന്റെ ബൈക്കിൽ ഹർത്താൽ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിൽ ചരക്കുലോറിയുടെ താക്കോൽ ഹർത്താൽ അനുകൂലികൾ ഊരിയെടുത്തു. ഇതേത്തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടു.