തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ നഷ്ടപ്പെടാതിരിക്കാൻ മുഖ്യമന്ത്രിയുടേയും സി പി എമ്മിന്റയും കരുതൽ വീണ്ടും. പേഴ്‌സണൽ സ്റ്റാഫ് പെൻഷന്റെ യോഗ്യത രണ്ട് വർഷത്തെ സർവീസാണ്. ഗോവിന്ദൻ മാസ്റ്റർ രാജി വച്ചതോടെ 15 മാസത്തെ സർവീസേ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ലഭിച്ചിരുന്നുള്ളു. പെൻഷൻ ലഭിക്കാനുള്ള കുറഞ്ഞ സർവീസായ 2 വർഷം ഇല്ലാത്തതു കൊണ്ട് ഇവർക്ക് പെൻഷൻ നഷ്ടപ്പെട്ടു. പകരം മന്ത്രിയായ എം.ബി രാജേഷ് ഇവരിൽ 17 പേരെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി. ഇതുമൂലം ഇവരുടെ പെൻഷൻ ഉറപ്പിക്കാൻ സാധിച്ചു. മുുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെ ഇന്നലെയാണ് എം.ബി രാജേഷിന് 25 പേഴ്‌സണൽ സ്റ്റാഫുകളെ അനുവദിച്ചു കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

ഗോവിന്ദൻ മാസ്റ്ററുടെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് സർക്കാർ സർവിസിൽ ഉള്ള 4 പേരും, രാഷ്ട്രീയ മേൽവിലാസത്തിൽ വന്ന 13 പേരെയുമാണ് എം.ബി രാജേഷ് തന്റെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായ ഡോ.വി.പി.പി മുസ്തഫയെ തന്നെയാണ് എം.ബി രാജേഷും പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ച ഡോ. സി.പി. വിനോദും ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

എം.ബി രാജേഷിന്റെ സ്റ്റാഫിൽ ഇടം പിടിക്കാത്ത ഗോവിന്ദൻ മാസ്റ്ററുടെ സ്റ്റാഫുകളെ മറ്റ് മന്ത്രിമാരുടെ ഓഫിസുകളിൽ പോസ്റ്റ് ചെയ്യും. ഇങ്ങനെ ഒരാൾക്കും പെൻഷൻ നഷ്ടപ്പെടുത്താതെയുള്ള ക്രമീകരണങ്ങൾ ആണ് ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ നടക്കുന്നത്. മന്ത്രിയായിരുന്ന സജി ചെറിയാൻ രാജി വച്ചപ്പോഴും പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നഷ്ടപ്പെടാതിരിക്കാൻ മന്ത്രിമാരായ റിയാസ്, വി. അബ്ദു റഹിമാൻ, വാസവൻ എന്നിവരുടെ സ്റ്റാഫുകളിൽ ഉൾപ്പെടുത്തിയിരുന്നു.

കഠിനമായ പി.എസ്.സി പരീക്ഷകൾ എഴുതി സർക്കാർ സർവീസിൽ കയറുന്നവർക്ക് പങ്കാളിത്ത പെൻഷനാണ് ലഭിക്കുന്നത്. 600 മുതൽ 1200 രൂപ വരെയാണ് വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് ലഭിക്കുന്നത്. അതേസമയം, പേഴ്‌സണൽ സ്റ്റാഫുകൾക്ക് ലഭിക്കുന്ന പെൻഷൻ പ്രതിമാസം 10000 രൂപയിലധികമാണ്. കൂടാതെ ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും.

5 വർഷം കഴിഞ്ഞ് പേഴ്‌സണൽ സ്റ്റാഫുകൾക്ക് വിവിധ ആനുകൂല്യങ്ങളായി തസ്തികയുടെ സ്വഭാവം അനുസരിച്ച് 6 ലക്ഷം മുതൽ 15 ലക്ഷം രൂപ ലഭിക്കും.സർവീസ് കൂടുന്നതനുസരിച്ച് പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷനും ഉയരും. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് ഏറ്റവും കൂടുതൽ സർവിസുള്ള പേഴ്‌സണൽ സ്റ്റാഫ്.

മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റേയും മുഖ്യമന്ത്രിയുടേയും പേഴ്‌സണൽ സ്റ്റാഫംഗമായി 35 വർഷത്തെ സർവിസ് സി.എം രവീന്ദ്രന് ഉണ്ട്. വിരമിച്ചാൽ പരമാവധി പെൻഷൻ തുകയായ 80000 രൂപ പ്രതിമാസം സി.എം. രവീന്ദ്രന് ലഭിക്കും. 5 വർഷം സർവിസുള്ള പേഴ്‌സണൽ സ്റ്റാഫുകൾക്ക് തസ്തികയുടെ സ്വഭാവം അനുസരിച്ച് ലഭിക്കുന്ന പ്രതിമാസ പെൻഷൻ ചുവടെ:

1 . പ്യൂൺ- 4600 രൂപ

2 .ക്ലർക്ക് - 5300

3. പി.എ / അഡീഷണൽ പി എ - 6500

4. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി - 8000

5. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി - 10000 രൂപ.