കോഴിക്കോട്: പെട്ടെന്നൊരുനാൾ ജോലിയില്ലാതായാൽ എന്തുചെയ്യും? മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരാണ് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നത്. ഇവരെ പിരിച്ചുവിടാൻ മാനേജ്മെന്റ് തീരുമാനം എടുത്തിരിക്കുകയാണ്. ജൂലൈ ഒന്ന് മുതൽ ജോലിയില്ല എന്ന് അറിയിക്കുന്ന നോട്ടീസ് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്തു തുടങ്ങി. സീനിയർ ആയ നാലുപേരെ നിലനിർത്തിയാണ് 24 പേരെ പിരിച്ച് വിടുന്നത്. ജീവനക്കാരെ വൻതോതിൽ കുറക്കുന്നതിന് മുന്നോടിയായാണ് പ്രൂഫ് വിഭാഗത്തിൽ നിന്നുള്ള ഈ പിരിച്ചുവിടൽ. ഇതോടെ, ജീവനക്കാർ ജോലി ബഹിഷ്‌കരിച്ച് എല്ലാ യൂണിറ്റുകളിലും സമരം തുടങ്ങി.

രണ്ട് വർഷമായി ജീവനക്കാർക്ക് പലപ്പോഴും ശമ്പളം മുടങ്ങുന്നതായി പരാതി ഉയർന്നിരുന്നു. ക്ലാസ് താഴ്‌ത്തി ശമ്പളം കുറക്കുകയും ചെയ്തു. അതിനെതിരെ ലേബർ കോടതിയെ സമീപിച്ചതിന്റെ പ്രതികാരമായി ശമ്പളം സ്ലാബുകളായി ഘട്ടം ഘട്ടമായാണ് നൽകുന്നതെന്നും ആരോപണമുണ്ട്.

മാധ്യമം പ്രസിദ്ധീകരണങ്ങളിൽ പൂർണമായ യന്ത്രവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രൂഫ് വിഭാഗത്തിലെ പിരിച്ചുവിടൽ എന്നാണ് പിരിച്ച് വിടൽ നോട്ടീസിൽ പറയുന്നത്. 1947ലെ വ്യവസായ തർക്ക നിയമം 25N- ഉപവകുപ്പ് (1) പ്രകാരമാണ് നടപടി.

പ്രസിദ്ധീകരണത്തിന്റെ ഗുണമേന്മയും ജീവനക്കാരുടെ കാര്യക്ഷമതയും വർധിപ്പിക്കാൻ എല്ലാ പ്രധാന വകുപ്പുകളിലും ഓട്ടോമേഷൻ കൊണ്ടുവരും എന്നാണ് പിരിച്ച് വിടൽ നോട്ടീസിൽ പറയുന്നത്. പ്രൂഫ് വിഭാഗത്തിൽ പുതിയ സംവിധാനം സ്ഥാപിക്കാൻ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നു എന്നാണ് പറയുന്നത്. 01/07/2023 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അപ്പോൾ 23 പ്രൂഫ് റീഡർമാരെ പിരിച്ച് വിടുകയല്ലാതെ മാർഗമില്ലെന്നും നോട്ടീസിൽ പറയുന്നു. ഇതിന് തൊഴിൽ വകുപ്പിനോട് അനുമതി തേടിയിട്ടുണ്ട്. പിരിച്ച് വിടപ്പെടുന്നവർക്ക് വ്യാവസായ തർക്ക നിയമം 194- 25N- ന് ഉപവകുപ്പ് 9 പ്രകാരം നഷ്ടപരിഹാരം വാഗ്ദാനം ഉണ്ടെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം, മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിടുന്നതിന് എതിരെ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമമേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതാണ് ഈ നീക്കം. ജീവിതത്തിന്റെ നല്ല ഭാഗം ഈ സ്ഥാപനത്തെ കെട്ടിപ്പടുക്കാൻ വിനിയോഗിച്ച ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി പ്രതിഷേധാർഹമാണ്. ഈ നടപടി പിൻവലിച്ചില്ലെങ്കിൽ, ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി.

മാധ്യമം എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ അറിയിപ്പ്:

പ്രിയരെ,

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ അനുഭവിച്ചു വരുന്ന പ്രതിസന്ധികളും ദുരിതങ്ങളും വിവരിക്കേണ്ടതില്ലല്ലോ. കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളം പോലും നമുക്ക് കിട്ടാനുള്ളപ്പോഴാണ് ഇന്ന് ഇടിത്തീ പോലെ മറ്റൊരു ഉത്തരവ് വന്നിരിക്കുന്നത്. പ്രൂഫ് വിഭാഗത്തിലെ 23 ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന്. മുൻപ് ഇക്കാര്യം ഊഹാപോഹമായി പ്രചരിച്ചപ്പോൾ യൂനിയൻ മാനേജ്‌മെന്റിന് കത്ത് നൽകിയിരുന്നു. അന്ന് നമ്മൾ തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്നാണ് ഉത്തരവാദപ്പെട്ടവർ പറഞ്ഞത്. ഇന്നത് യാഥാർത്ഥ്യമായിരിക്കുന്നു. പ്രൂഫ് വിഭാഗത്തിന് ഇന്ന് നേരിട്ട അനുഭവം നാളെ നമുക്കോരുരുത്തർക്കും വരാനിരിക്കുന്നതാണ്. അതുകൊണ്ട് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാൻ നമ്മൾ നിർബന്ധിതമായിരിക്കുന്നു. ഏകപക്ഷീയവും മനുഷ്യത്വ വിരുദ്ധവുമായ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് അഞ്ചു മണിമുതൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കാനാണ് കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. എല്ലാ സെക്ഷനിലെ ജീവനക്കാരും ഒറ്റക്കെട്ടായി സമരത്തിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ,
മാധ്യമം എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റി