തിരുവനന്തപുരം: ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. 27 പേരുമായി പുറപ്പെട്ട സംഘത്തിൽ അംഗമായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ പേരട്ട കെപി മുക്ക് കോച്ചേരിൽ ബിജു കുര്യനെപ്പറ്റി (48) ഇനിയും വിവരമില്ല. ഇസ്രയേൽ ഇന്റലിജൻസ് ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.

ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പൊലീസിനു ലഭിച്ചിട്ടുണ്ട്. മെയ്‌ 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. കഴിഞ്ഞ 12 ന് ആണ് സംഘം ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതൽ ബിജുവിനെ ഇസ്രയേലിലെ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായെന്നാണു വിവരം. ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല.

തുടർന്ന് ഇയാളെ കാണാതാവുകയായിരുന്നു. അപകടമൊന്നും സംഭവിച്ചതായി വിവരമില്ലെന്നു കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാൽ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യൻ 16നു ഭാര്യയ്ക്കു വാട്‌സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നതായി സഹോദരൻ ബെന്നി പറഞ്ഞു. പിന്നീടു ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ബിജുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ പാസ്‌പോർട്ട് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ളവർ അറിയിച്ചു. വിമാനടിക്കറ്റിനുള്ള പണം ബിജു നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമുള്ളതാണ്. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണു ബിജുവിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്.

കർഷകരുടെ സംഘത്തിൽനിന്നും മുങ്ങിയ ബിജുകുര്യനെതിരേ സർക്കാർ നിയമ നടപടി സ്വീകരിക്കും. സർക്കാരിന്റെ അപേക്ഷയിലാണ് ഇയാൾക്ക് വിസ ലഭിച്ചത്. ബിജുവിന്റെ തിരോധാനം സർക്കാരിനും കൃഷിവകുപ്പിനും നാണക്കേടായി. രാജ്യത്തിന് മൊത്തത്തിൽ നാണക്കേടായിരുന്നു ഈ സംഭവം. ഉന്നതതല സംഘത്തിന്റെ മറപറ്റി ബിജുകുര്യൻ ഇസ്രയേലിലേക്ക് കടക്കുകയായിരുന്നുവെന്ന് വ്യക്തമായി. മനുഷ്യക്കടത്ത് തടയാൻ പാശ്ചാത്യരാജ്യങ്ങൾ കർശന നടപടികൾ സ്വീകരിക്കവേ, ഔദ്യോഗിക സംഘത്തിന്റെ ഭാഗമായി എത്തിയ വ്യക്തി മുങ്ങിയത് ഗുരുതരവീഴ്ചയാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി അധികൃതരും അതൃപ്തി അറിയിച്ചതായാണ് വിവരം.

സംഘത്തിലേക്ക് കർഷകരെ തിരഞ്ഞെടുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപം ശക്തവുമാണ്. തിരഞ്ഞെടുത്ത കർഷകരെല്ലാം വിമാനടിക്കറ്റ് സ്വന്തമായിട്ടാണ് എടുത്തത്. സംഘത്തിൽ ബിജു എങ്ങനെ കടന്നുകൂടി എന്നതിൽ അന്വേഷണമുണ്ടാകും. പശ്ചാത്തലം അന്വേഷിച്ചശേഷമാണ് സംഘത്തിൽ ഉൾപ്പെടുത്തിയതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. എന്നാൽ ബിജുവിന് മതിയായ കാർഷിക പശ്ചാത്തലം ഇല്ലെന്നും ആരോപണം ഉണ്ട്. മെയ്‌ എട്ടുവരെ ബിജുവിന് വിസ കാലാവധിയുണ്ട്. ഇന്ത്യൻ എംബസി പരാതിപ്പെട്ട പശ്ചാത്തലത്തിൽ ഇയാളെ കണ്ടെത്തി മടക്കി അയക്കാനാണ് സാധ്യത.

കഴിഞ്ഞ 12 നാണ് ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കർഷകർ ഉൾപ്പടെയുള്ള സംഘം സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. ബിജു ആസൃത്രിത നീക്കമായിരുന്നു എന്നാണ് കൃഷി മന്ത്രി പറഞ്ഞത്. വിദേശരാജ്യത്തെ കേസ് ആയതിനാൽ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകനെ കാണാതായ സംഭവം രാഷ്ട്രീയമായും വിവാദമായിട്ടണ്ട്. കർഷകരെന്ന നിലയിൽ കൊണ്ടുപോയ പലരും കർഷകർ അല്ലെന്ന ആരോപണമാണ് ഉയർന്നിരുന്നു. പാർട്ടിക്കാരെ വ്യാജ കർഷകരാക്കിയാണ് ഇസ്രയേൽ യാത്ര തരപ്പെടുത്തിയതെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം. ഇപ്പോൾ ഇസ്രയേലിൽ വെച്ചു കാണാതായിരിക്കുന്ന ബിജു കുര്യൻ നാട്ടിൽ അറിയപ്പെടുന്ന എൽ.ഐ.സി ഏജന്റാണ്. അതുകൊണ്ടു തന്നെയാണ് വ്യാജ കർഷകനെന്ന ആരോപണം ഉയരുന്നതും.

ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ ഇക്കാര്യം ചൂണ്ടിക്കാട്ടി ആക്രമണത്തിന് തുടക്കമിട്ടു. ''ഔദ്യോഗിക സംഘത്തിൽ സർക്കാർ തന്നെ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തി''യെന്നായിരുന്നു ഫേസ്‌ബുക് കുറിപ്പിലൂടെ സന്ദീപിന്റെ പ്രതികരണം. ചില അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കു പോകുന്ന കായികതാരങ്ങൾ മുങ്ങുന്ന വാർത്ത കേട്ടിട്ടുണ്ട്. പക്ഷേ, ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണു ചെയ്തത്. മന്ത്രിയെ ഇസ്രയേലിൽ പോകാൻ രാഷ്ട്രീയ കാരണത്താൽ അനുവദിച്ചതുമില്ലെന്ന് സന്ദീപ് ചൂണ്ടിക്കാട്ടുന്നു.