തിരുവനന്തപുരം: കോർപറേഷൻ ആരോഗ്യ വിഭാഗം താൽക്കാലിക തസ്തികളിലേക്കുള്ള നിയമനത്തിൽ, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വിവാദത്തിൽ, മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മേയർ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി നൽകിയ ശേഷമാണ് ആര്യ ക്ലിഫ് ഹൗസിലെത്തിയത്. ഡിജിപി അനിൽകാന്തും ക്ലിഫ് ഹൗസിലെത്തി.

ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. കത്ത് തയ്യാറാക്കുകയോ താൻ ഒപ്പിടുകയോ ചെയ്തിട്ടില്ല. കത്ത് ആരാണുണ്ടാക്കിയതെന്നും ഷെയർ ചെയ്തതെന്നും അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും മേയർ പിന്നീട് പറഞ്ഞു. കത്തിന്റെ ഉറവിടം അന്വേഷിക്കണം. ലെറ്റർ പാഡ് വ്യാജമാണോയെന്നും അന്വേഷിക്കണം. നിയമനത്തിന് കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ല. ഓഫീസ് ജീവനക്കാരെ സംശയിക്കുന്നില്ലെന്നും മേയർ പറഞ്ഞു

നേരത്തെ സിപിഎം ജില്ലാ നേതൃത്വം ആര്യയെ വിളിച്ചുവരുത്തിയിരുന്നു. സംസ്ഥാനസമിതി അംഗങ്ങളടക്കം ജില്ലയിലെ മുതിർന്ന നേതാക്കൾ കൂടി പങ്കെടുക്കുന്ന യോഗത്തിലേക്കാണ് വിളിച്ചുവരുത്തിയത്. വിവാദത്തിൽ മേയർ പാർട്ടിക്ക് വിശദീകരണം നൽകി

വിവാദ കത്ത് എഴുതിയത് താനല്ലെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞു. ''നിയമനടപടി സ്വീകരിക്കുമെന്നും മേയർ പാർട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്. നിയമനങ്ങളിൽ സിപിഎമ്മുകാരെ തിരുക്കിക്കയറ്റാൻ കത്തെഴുതുന്ന സംവിധാനം പാർട്ടിയിലില്ല'' അദ്ദേഹം പറഞ്ഞു.താൻ ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയിട്ടില്ലെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലും വിശദീകരിച്ചിട്ടുണ്ട.

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. കത്ത് വ്യാജമെന്ന് മേയർ വിശദീകരിച്ചു. കത്ത് എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കട്ടെ. അന്വേഷണം നടക്കട്ടെ. ആരെയും സംരക്ഷിക്കില്ല. പിൻവാതിൽ നിയമനം പാർട്ടിയുടെ അജണ്ടയല്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

തിരുവനന്തപുരം നഗരസഭയിലെ താത്കാലിക ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ പട്ടിക ആവശ്യപ്പെട്ടുള്ള വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കത്ത് വ്യാജമാണെന്ന് മേയർ തന്നെ വ്യക്തമാക്കിയതാണെന്നും വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.

ജോലി ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാർട്ടിക്കില്ല. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുക . കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തിൽ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന് ഒളിച്ചുവെക്കാൻ ഒന്നുമില്ല. കത്ത് തയ്യാറാക്കിയവരെ കണ്ടുപടിച്ചോട്ടെ. 295 തസ്തികകളിലേക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മേയറെ കാണാനില്ലെന്ന ബിജെപിയുടെ വിമർശനം അദ്ദേഹം തള്ളി. മേയർ കോഴിക്കോടുനിന്ന് വന്നുകൊണ്ടിരിക്കുകയാണ്. മേയറെ കാണുന്നതോടെ ബിജെപി നിലപാടുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ മുൻഗണനാ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റർപാടിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയ കത്ത് പുറത്തുവന്നത് സംബന്ധിച്ച ചോദ്യങ്ങളോടാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്.