കോഴിക്കോട്: ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ വിജയിയായ അഖിൽ മാരാർ എന്ന യുവ സംവിധായകൻ സോഷ്യൽ മീഡിയയിൽ അടക്കം നിറഞ്ഞു നിൽക്കുന്ന സമയമാണിത്. എന്നാൽ അഖിൽ മാരാർ എന്ന പേരിലെ മാരാർ ജാതീയതയാണെന്ന് പറഞ്ഞ് മീഡിയാവൺ ചാനലിൽ 'ഔട്ട്ഓഫ് ഫോക്കസ്്' എന്ന പരിപാടിയിൽ വലിയ ചർച്ച നടന്നിരുന്നു. മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, അജിംസ്, നിഷാദ് റാവുത്തർ എന്നിവർ ചേർന്നാണ്, ആരോപണ വിധേയായ വ്യക്തിയുടെ യാതൊരു പ്രതികരണവും എടുക്കാതെ ചർച്ച നടത്തിയത്. ഇതിനെതിരെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ശക്തമായ പ്രതികരിച്ചിരിക്കയാണ് അഖിൽ മാരാർ.

മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന മൂന്ന് വിഷ ജന്തുക്കളുടെ ഛർദിൽ ആയി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. സവർണ്ണഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കപെപ്പട്ട താൻ താമസിച്ച വീടിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അഖിൽ ഇതിന് മറുപടി നൽകയിരിക്കുന്നത്. കോട്ടാത്തലയിൽ എൻഎസ്എസും കെപിഎംഎസും തമ്മിൽ നടന്ന ക്ഷേത്ര ഭൂമി കേസിൽ താൻ ആർക്കൊപ്പം നിന്നു എന്ന് തിരക്കുക എന്നും അഖിൽ മീഡിയാവണ്ണിനോട് ആവശ്യപ്പെടുന്നുണ്ട്.

അഖിൽ മാരാരിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്-

ന്റെ പേരിലെ ജാതി എന്നിലെ സവർണ്ണ മനോഭാവ സൃഷ്ട്ടി ആണെന്നും ഞാൻ അതിന്റെ പ്രിവിലേജ് കൊണ്ട് നടക്കുന്ന ആൾ ആണെന്നും പറഞ്ഞു മീഡിയ വണിന്റെ ഒരു ചർച്ച എന്റെ ശ്രദ്ധയിൽ പെട്ടു. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന 3 വിഷ ജന്തുക്കളുടെ ശർദിൽ ആയി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ. എന്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിന്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം. മാരരെ അളക്കാൻ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിന്റെ കൈയിലും ഇല്ല .അതുകൊണ്ട് ഫോക്കസ് ഔട്ടിൽ നിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോൻ ഇങ്ങൾക്ക് നൽകട്ടെ..

1.സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി...

2. കോട്ടാത്തലയിൽ എൻഎസ്എസ് ഉം കെപിഎംഎസും തമ്മിൽ നടന്ന ക്ഷേത്ര ഭൂമി കേസിൽ ഞാൻ ആർക്കൊപ്പം നിന്നു എന്ന് തിരക്കുക..

3.ഞാൻ കോൺഗ്രസിൽ നിന്നും മാറി വിമതൻ ആയി മൽസരിക്കാൻ ഉള്ള കാരണം അന്വോഷിക്കുക...

അല്ല ഞാൻ ഇതാരോടാ പറയുന്നത് വളിക്ക് വിളി കേൾക്കുന്ന ഈ മൂന്ന് പേരോടോ...''- ഇങ്ങനെ പറഞ്ഞാണ് അഖിൽ മാരാർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അപ്പോൾ നിഷാദ് റാവുത്തരോ?

അതേസമയം കേവലം ഒരുപേരിന്റെ പേരിൽ ഒരാളെ ജാതിവാദിയാക്കാൻ മീഡിയാവണ്ണിന് എന്ത് അധികാരമെന്ന് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചോദിക്കുന്നുണ്ട്. ഈ ചർച്ച നടത്തിയ ഒരു അവതാരകന്റെ പേരുപോലും റാവുത്തർ എന്ന ജാതി ചേർത്താണ് അറിയപ്പെടുന്നത്. ഇപ്പോൾ അത് തിരുത്തിയോ എന്ന് അറിയില്ലെങ്കിലും, കഴിഞ്ഞ എത്രയോ കാലമായി നിഷാദ് റാവുത്തർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. റാവുത്തർ എന്ന ജാതിയുടെ പേര് കേൾക്കുമ്പോൾ ആർക്കും ഉണ്ടാവാത്ത പ്രശ്നം എങ്ങനെയാണ് മാരാർ എന്ന പേര് കേൾക്കുമ്പോൾ ഉണ്ടാവുക എന്നാണ് ചോദ്യം.

മാത്രമല്ല അഖിൽ കോട്ടാത്തല എന്ന കോൺഗ്രസ് രാഷ്ട്രീയക്കാരനായ താൻ എങ്ങനെയാണ് അഖിൽ മാരാർ ആയത് എന്ന് ബിഗ്ബോസ് ഷോക്കിടെ തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോൾ അഖിൽ കോട്ടാത്തല എന്ന പേര് ആർക്കും ഇഷ്ടമായില്ല. നടൻ ജോജു ജോർജ് അടക്കമുള്ളവർ ഇത് തുറന്ന് പറയുകയും ചെയ്തു. പലപ്പോഴും ഇംഗ്ലീഷിൽ വായിക്കുമ്പോൾ, അഖിൽ കൊട്ടത്തല എന്നൊക്കെ തെറ്റായി വരാൻ തുടങ്ങി. അങ്ങനെ സിനിമക്കായി ഒന്ന് മാറ്റിപ്പിടിക്കാം എന്ന രീതിയിലാണ് അഖിൽ കോട്ടാത്തല, അഖിൽ മാരാർ ആക്കി മാറ്റുന്നത്. സിനിമയുടെ പ്രൊഡ്യൂസർ അടക്കമുള്ളവർക്കും ഇത് ഇഷ്ടമായി. ന്യുമറോളജി പ്രകാരവും ഈ പേര് നന്നെന്ന് നിർദ്ദേശം വന്നു. അങ്ങനെയാണ് മാരാർ എന്ന പേര് ഒപ്പം കൂടുന്നത്. മാത്രമല്ല നരസിംഹത്തിൽ മമ്മുട്ടി ചെയ്ത നന്ദഗോപാല മാരാർ എന്ന വക്കീൽ കഥാപാത്രത്തിലൂടെ മാരാർ എന്ന പേര് സിനിമാ ഫീൽഡിയലും പ്രശ്തമായിരുന്നു. അങ്ങനെയാണ് മുന്ന് പേരുകളിൽ നിന്ന് ഇത് തെരഞ്ഞെടുത്തത്''- ഈയിടെ ഒരു ഡിജിറ്റൽ ചാനലിന് കൊടുത്ത അഭിമുഖത്തിലും അഖിൽ മാരാർ വ്യക്തമാക്കി.

കാര്യം ഇങ്ങനെയായിരിക്കേ ഒരാളുടെ ഭാഗം കേൾക്കാതെ അയാളെ തീർത്തും വർഗീയവാദിയായി ചിത്രീകരിക്കുന്ന നടപടിയാണ് മീഡിയാവണ്ണിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സോഷ്യൽ മീഡിയിൽ വിമർശനം ഉണ്ട്. അഖിലിൽ മാരാർ, നിഷാദ് റാവുത്തർ എന്നീ പേരുകൾ താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയരുന്നുണ്ട്.