തിരുവനന്തപുരം: പിണറായി സർക്കാറിന് തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബില്ലുമായി രംഗത്തുവരാനാണ് സർക്കാറിന്റെ തീരുമാനം. എതിർപ്പ് മൂലം തൽക്കാലം ഉപേക്ഷിച്ച ബിൽ വീണ്ടും പൊടിതട്ടിയെടുത്തക്കുകയാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബിൽ സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശം തേടാൻ മന്ത്രിസഭാ തീരുമാനം. ബിൽ വിവാദമായ സാഹചര്യത്തിലാണിത്.

തിടുക്കപ്പെട്ടു നിയമ ഭേദഗതി കൊണ്ടുവരുന്നത് കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് നിയമോപദേശം തേടാമെന്ന ധാരണയിൽ എത്തിയത്. മുൻപ് ഈ ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴും വിവാദം ഉണ്ടാക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു മൂലം പല തവണ ഇത് മന്ത്രിസഭ പരിഗണിക്കുകയും മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 292 ഭേദഗതി ചെയ്ത് 292 എ എന്ന ഉപവകുപ്പ് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ആനുപാതികമായി ക്രിമിനൽ നടപടി ചട്ടത്തിലെ ചില വ്യവസ്ഥകളിലും ഭേദഗതി ആലോചിക്കുന്നു. ആരെയെങ്കിലും അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാകും എന്നതാണ് പുതിയതായി ഉൾപ്പെടുത്തുന്ന വ്യവസ്ഥ.

ബില്ലിലെ വ്യവസ്ഥകൾ വൻ പ്രതിഷേധം വരുത്തുമെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ തലത്തിൽ വിവാദമായേക്കുമെന്നും ചിലർ പറഞ്ഞു. സിപിഐ മന്ത്രിമാർ കൂടുതൽ പരിശോധന ആവശ്യപ്പെട്ടു. അപമാനകരവും ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കവും ചിത്രവും ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റു വിനിമയ മാധ്യമങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാൻ തയാറാക്കുകയോ പൊതുജനങ്ങൾക്ക് കാണാനാകും വിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണെന്നാണു ഭേദഗതി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തയാറാക്കിയ ബില്ലാണിത്.

സംസ്ഥാന സർക്കാർ മാധ്യമനിയന്ത്രണ ബിൽ കൊണ്ടുവരുന്നത് വാർത്തകളുടെ പേരിലുള്ള ബ്ലാക്‌മെയിലിങ്ങിന്റെ പേരിലുള്ള നിയമനിർമ്മാണമായാണ്. മന്ത്രിസഭായോഗത്തിനുള്ള കുറിപ്പിൽ ബ്ലാക്‌മെയിലിങ്‌പോലെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ഐ.പി.സി. ഭേദഗതിചെയ്ത് പുതിയവകുപ്പ് കൂട്ടിച്ചേർക്കണമെന്നാണ് വ്യക്തമാക്കുന്നത്. ഭരണ നേതൃത്വത്തിലിരിക്കുന്നവർക്കും ബന്ധുക്കൾക്കുംമറ്റുമെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനെതിരേ കേസെടുക്കാനാകും.

വാർത്തയുടെ പേരിൽ പൊലീസിന് കേസെടുക്കാൻ കഴിയുന്ന സ്ഥിതി വരുമെന്നതാണ് ഈ ബില്ലിലെ പ്രധാന പ്രശ്‌നം. സ്വർണക്കടത്ത് കേസിലടക്കം ഭരണകക്ഷി നേതാക്കൾക്കെതിരേ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് സാമൂഹികമാധ്യമങ്ങൾ കൂടുതലായി ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് ബിൽ വീണ്ടും പൊടിതട്ടിയെടുത്തത്.

തമിഴ്‌നാട്, ഒഡിഷ സർക്കാരുകൾ സമാന നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്നും ബില്ലിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽവന്ന ബിൽ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. നിയമനിർമ്മാണം നടന്നാലും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ മാത്രമേ നിയമം നിലവിൽവരൂ. മാധ്യമങ്ങളുടെ വായമൂടിക്കെട്ടാൻ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.

ഉമ്മൻ ചാണ്ടി സർക്കാർ നിയമഭേദഗതിക്ക് ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ആ സർക്കാരിന്റെ കാലത്ത് നിയമമാക്കാനായില്ല. തുടർന്ന് പിണറായി വിജയൻ സർക്കാരും സമാന നിയമനടപടിക്ക് ശ്രമിച്ചു. മന്ത്രിസഭ തീരുമാനിച്ചെങ്കിലും കാലാവധി തീരുംമുമ്പ് ബിൽ നിയമമാക്കാനായില്ല. ഇതേത്തുടർന്നാണ് സൈബർ ആക്രമണം ചെറുക്കാനെന്ന പേരിൽ പൊലീസ് നിയമ ഭേദഗതിക്ക് ശ്രമിച്ചത്. ഓർഡിനൻസായി ഇറങ്ങിയെങ്കിലും സൈബർ ആക്രമണം മാത്രമല്ല, മാധ്യമ നിയന്ത്രണം ലക്ഷ്യമിട്ടുള്ളതായിരുന്നു ബില്ലിലെ വ്യവസ്ഥ. ഇതേത്തുടർന്ന് പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്ത് സിപിഐ. അടക്കമുള്ള പാർട്ടികളിൽനിന്നും വിമർശനമുയർന്നു.

ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലാക്കിയതിനെപ്പോലും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണെന്ന വാദമുയർത്തി സിപിഎം. എതിർത്തിരുന്നു. ഈ നിലപാടിന് വിരുദ്ധമായി നിയമനിർമ്മാണം നടത്തുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ് സിപിഎം. കേന്ദ്രനേതൃത്വം ഇതിനെതിരായ നിലപാട് എടുത്തത്. തുടർന്ന് സർക്കാരിന് പിന്മാറേണ്ടിവന്നു. ഇപ്രാവശ്യം എതിർപ്പുകളെ മറികടക്കാൻ ബ്ലാക്‌മെയിലിങ് തടയാനെന്ന പേരിലാണ് നിയമനിർമ്മാണംനടത്തുന്നത്.