ലണ്ടൻ: കേരളത്തിൽ ഏറെ വിവാദമായ ജസ്നയുടെ തിരോധാനത്തിന് സമാനമായ സംഭവമാണ് ബ്രിട്ടനിലെ ബെഡ്ഫോർഡിലും അരങ്ങേറിയത്. അന്ന് 35 വയസ്സുണ്ടായിരുന്ന സോണിക ഹാൻസ് എന്ന യുവതിയെ കാണാതായിട്ട് ഇപ്പോൾ പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 2012 -ലെ ബോക്സിങ് ദിനത്തിലായിരുന്നു അവരെ അവസാനമായി കാണുന്നത്. ബെഡ്ഫോർഡ് സെന്ററിലെ സ്വാൻ ഹോട്ടലിനു മുൻപിലൂടെ നടന്നു പോകുന്നതാണ് അവസാനമായി കാണുന്നത്.

യുവതിയെ കാണാതായതിനെ തുടർന്ന് അന്ന് പൊലീസ് ശക്തമായ അന്വേഷണം നടത്തിയിരുന്നു. ഗ്രെയ്റ്റ് ഔസിൽ മുങ്ങൽ വിദഗ്ധരേ കൊണ്ടുവരെ അന്വേഷിപ്പിച്ചിരുന്നു എങ്കിലും അവരെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇപ്പോൾ അവരുടെ കുടുംബം ഒരു പുതിയ പൊതു അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. സോണിക്കയെ കുറിച്ചുള്ള വിവരങ്ങൾ എന്തെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടണം എന്നാണ് അറിയിപ്പിൽ പറയുന്നത്. താൻ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നാണ് സോണികയുടെ സഹോദരി മനീഷ് സിങ് പറയുന്നത്.

സോണികയെ കാണതായതിനു ശേഷമുള്ള 10 വർഷങ്ങൾ തങ്ങളെ സംബന്ധിച്ച് ഏറ്റവും അധികം മാനസിക പീഡനങ്ങൾ അനുഭവിച്ച വർഷങ്ങളായിരുന്നു എന്ന് സഹോദരി പറഞ്ഞു. അഞ്ചടി മൂന്നിഞ്ച് ഉയരമുള്ള അവർ കാണാതാവുന്ന സമയത്ത് കറുത്ത മുടിയിൽ ഡൈ പുരട്ടി ബ്രൗൺ കളർ വരുത്തിയിരുന്നു എന്നും സഹോദരി പറയുന്നു.

തിരോധാനത്തിന്റെ പത്താം വാർഷികത്തിൽ ഹൃദയഭേദകമായ ഒരു കുറിപ്പാണ് കുടുബാംഗങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. അവർ വിട്ടുപോയതിൽ പിന്നെ കുടുംബത്തിൽ ഉത്സവാഘോഷങ്ങൾ ഒന്നും തന്നെയില്ലെന്ന് പറഞ്ഞ കുടുംബാംഗങ്ങൾ, സോണിക്കയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ അക്കാര്യം തങ്ങളെ അറിയിക്കണം എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഓരോ ആഘോഷങ്ങൾ എത്തുമ്പോഴും, ഇത്തരത്തിൽ കാണാതായവരെ കുറിച്ച് ദുഃഖിക്കുന്ന കുടുംബങ്ങൾ ഉണ്ടെന്ന കാര്യം നമ്മൾ ഓർക്കേണ്ടതുണ്ട് എന്നാണ് ബെഡ്ഫോർഡ്ഷയർ പൊലീസിലെ ഒരു ഡിറ്റക്ടീവ് ഓഫീസർ പറഞ്ഞത്. തിരോധാന കേസുകളുടെ ഫയലുകൾ, അന്വേഷണം പൂർത്തിയാക്കാതെ അടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിക്കയുടെ സാന്നിദ്ധ്യ അറിയുന്നതിനൊ അല്ലെങ്കിൽ അവർക്ക് സംഭവിച്ചത് എന്താണെന്ന് സ്ഥാപിക്കുന്നതിനോ ആയി ഇപ്പോഴും അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.