തിരുവനന്തപുരം: 'എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്‌നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്‌നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ''

ഇന്നലെ പി കെ ആർ പിള്ളയുടെ മരണവാർത്ത പുറത്തുവന്നതോടെ മോഹൻലാൽ ഫേസ്‌ബുക്കിൽ ആദരാഞ്ജലികൾ അർപ്പിച്ചു കുറിച്ചത് ഇങ്ങനെയായിരുന്നു. മോഹൻലാലിനെ ഇന്നത്തെ സൂപ്പർതാരമാക്കിയതിൽ നിർണായ റോൾ വഹിച്ചവരുടെ കൂട്ടത്തിലാണ് പി കെ ആർ പിള്ളയെന്ന നിർമ്മാതാവിന്റെ സ്ഥാനം. ഇക്കാര്യങ്ങല്ലാം ഓർത്തുകൊണ്ടായിരുന്നു അദ്ദേഹം ആദരാജ്ഞലി പോസ്റ്റ് ഇട്ടതും. ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനർ ഒരുകാലത്ത് സൂപ്പർഹിറ്റ് സിനിമകൾ പതിവായി നിർമ്മിച്ചവരായിരുന്നു.

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച സൂപ്പർ നിർമ്മാതാവിനു പക്ഷേ ജീവിത സായാഹ്നത്തിൽ ഒന്നും ഓർത്തെടുക്കാൻ കഴിയുമായിരുന്നില്ല. മറവിരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. അവസാന കാലത്ത് രോഗാതുരനായാണ് അദ്ദേഹം ജീവിച്ചത. സാമ്പത്തിക പ്രതിസന്ധികളും മകന്റെ അപ്രതീക്ഷിത മരണവുമെല്ലാം അദ്ദേഹത്തെ തളർത്തി കളഞ്ഞിരുന്നു. അവസാനകാലത്ത്, ഭീമമായ ചികിത്സാച്ചെലവു വഹിക്കേണ്ടി വന്നപ്പോൾ പഴയ സൂപ്പർ നിർമ്മാതാവിനു കൈത്താങ്ങായത് അദ്ദേഹത്തിന്റെ സ്വന്തം സൂപ്പർതാരം മോഹൻലാലായിരുന്നു. പക്ഷേ, ഇക്കാര്യം അധികരമാരും അറിഞ്ഞില്ല. മോഹൻലാലും അധികമാരും അറിയാൻ താൽപ്പര്യപ്പെട്ടതുമില്ല.

സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നെങ്കിലും അപ്പാടെ തകർന്ന അവസ്ഥയിലായിരുന്നില്ല പിള്ളയുടെ കുടുംബം. എല്ലാ മാസവും ഭീമമായ തുക ചികിത്സക്കായി വേണ്ടി വന്നതായിരുന്നു ഏക വെല്ലുവിളി. ഇക്കാര്യം അറിഞ്ഞ മോഹൻലാൽ അദ്ദേഹത്തെ സഹായിക്കാൻ മുമ്പോട്ടു വന്നു. എല്ലാ മാസവും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ചെലവിനുമുള്ള തുക മുടങ്ങാതെ അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടാണ് മോഹൻലാൽ പഴയ നിർമ്മാതാവിനോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിച്ചത്. എൺപതുകളിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സിനിമകൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലുണ്ട്. ചിത്രം എന്ന സിനിമ നിർമ്മാതാവ് എന്ന നിലയിൽ പിള്ളയുടെ തലവര മാറ്റിക്കുറിച്ചു. പിന്നാലെ വന്ദനം, അർഹത, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു. അന്ന് ഇതെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ.പിള്ള. മുംബൈയിലായിരുന്നു ബിസിനസിന്റെ ഏറിയ പങ്കും. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയുമായി അടുത്ത സൗഹൃദവും പിള്ളയ്ക്കുണ്ടായിരുന്നു. 20 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 22 സിനിമകൾ അദ്ദേഹം നിർമ്മിച്ചു. പത്തു വർഷം മുമ്പ് ബിസിനസ് തകർന്നതോടെ മുംബൈ വിട്ട് തൃശൂരിൽ താമസമാക്കി. അതിനിടെ സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചിരുന്നതായും പലവട്ടം അതിനായി ശ്രമിച്ചിരുന്നതായും ഭാര്യ രമ മുൻപ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഓർമക്കുറവുണ്ടെന്നതൊഴിച്ചാൽ അദ്ദേഹം അദ്ദേഹം ആരോഗ്യവാനായിരുന്നു.

നാല് വർഷം മുമ്പ് നിർമ്മാതാവ് സജി നന്ത്യാട്ട് വഴിയാണ് പി.കെ.ആർ. പിള്ളയുടെ ജീവിതാവസ്ഥയെക്കുറിച്ച് പുറംലോകം അറിയുന്നത്. ഇന്ത്യയിലെ വമ്പൻ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങളുണ്ടായിരുന്നു പി.കെ.ആർ. പിള്ളയ്ക്ക്. ഒപ്പം നിന്നവർ അവയെല്ലാം തന്ത്രപൂർവം കൈവശപ്പെടുത്തിയതോടെയാണ് തകർച്ച ആരംഭിച്ചത്. അക്കാലത്ത് ആറുകോടിയിലധികം രൂപ വിലമതിക്കുന്ന വീട് വെറും 70 ലക്ഷത്തിനു വിറ്റെന്നും വാർത്തകൾ വന്നിരുന്നു. സാമ്പത്തികമായി തകർന്നപ്പോൾ സിനിമയിൽ നിന്നുള്ള പല ബന്ധങ്ങളും അകന്നു. ചാനലുകളിൽ ഇന്നും പ്രദർശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. ഇളയ മകളുടെ വിവാഹം നടത്താൻ നിവൃത്തിയില്ലാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിർമ്മാതാക്കളുടെ സംഘടനയുടെ സഹായം തേടി. അതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം വീണ്ടും ചർച്ചയായത്.

പിള്ളയുടെ നാല് മക്കളിലൊരാളായ സിദ്ധു ആർ.പിള്ള ദുരൂഹസാഹചര്യത്തിൽ ഗോവയിൽ വച്ചു മരിച്ചിരുന്നു. ദുൽഖർ ചിത്രം സെക്കൻഡ് ഷോയിൽ സിദ്ധു അഭിനയിച്ചിരുന്നു. മകന്റെ മരണവും പിള്ളയുടെ കുടുംബത്തെ തളർത്തി. സിദ്ധാർത്ഥിന്റെ മരണം അദ്ദേഹത്തെ ആകെ ഉലച്ചു. അഭിനേതാവ് എന്ന നിലയിൽ മകൻ സജീവമാകുന്നതിനിടെയായിരുന്നു ആ അപകടം. അതോടെ പി.കെ.ആർ. പിള്ള മുറിയിൽനിന്നിറങ്ങാതെയായി.

ഇരുപതിലേറെ സിനിമകൾ പിള്ള നിർമ്മിച്ചിട്ടുണ്ട്. ആ സിനിമകൾ ഇന്നും ചാനലുകളിൽ ആവർത്തിച്ചു പ്രദർശിപ്പിക്കുന്നുമുണ്ട്. പക്ഷേ അവയുടെയൊന്നും റൈറ്റ്‌സ് അദ്ദേഹത്തിന്റെ പക്കലില്ലെന്നാണ് കുടുംബക്കാർ പറയുന്നത്. സംഘടനയുടെയും പഴയ സഹപ്രവർത്തകരുടെയും സഹായത്തോടെ പഴയ സിനിമകൾ സംബന്ധിച്ച രേഖകൾ തിരിച്ചു കിട്ടുമെന്നായിരുന്നു പി.കെ.ആർ. പിള്ളയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ. പക്ഷേ, അതും നടന്നില്ല. 1984ൽ നിർമ്മിച്ച വെപ്രാളം ആയിരുന്നു പി.കെ.ആർ. പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാൽ, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ തുടങ്ങി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. 2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവലാണ് അവസാനം നിർമ്മിച്ച ചിത്രം.