കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ഇന്നു പുലർച്ചെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ 27ഓളം പേർക്കു പരുക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 12.45ന് ആയിരുന്നു അപകടം.

മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ മറിയുകയായിരുന്നു. പരുക്കേറ്റ ലോറി ഡ്രൈവറെയും ബസ് യാത്രക്കാരെയും കണ്ണൂരിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന ക്യാബിൻ മുറിച്ചാണ് പുറത്തെടുത്തത്.