കണ്ണൂർ: വായാട്ടുപറമ്പ് സ്വദേശികളായ ബൈക്ക് യാത്രക്കാരായ രണ്ടു പേർ എക്സൈസ് പിൻതുടർന്ന വെപ്രാളത്തിൽ കെ. എസ്.ആർ.ടി.സി ബസിടിച്ചു അതിദാരുണമായ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി കേസെടുക്കാതെ പൊലീസ് ഒളിച്ചു കളിക്കുന്നതായി പരാതി ശക്തമാകുന്നു. ഇതിനെതിരെ എംഎൽഎ യടക്കമുള്ളവർ പ്രതിഷേധിച്ചിട്ടും പൊലിസ് കുറ്റാരോപിതരായ എക്സൈസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.

വായാട്ടുപറമ്പിലെ നിർധനകുടുംബാംഗങ്ങളും കുടുംബങ്ങളുടെ അത്താണിയുമായ രണ്ടുപേരാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. വായാട്ടുപറമ്പിലെ നടുവിലെ വീട്ടിൽ ടോംസൺ, സുഹൃത്തായ തെക്കെവീട്ടിൽ സുകുമാരൻ എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച മുൻപ് മീൻപറ്റി റോഡിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. ആലക്കോട് എക്സൈസ് ബീവറേജ്സിൽ നിന്നും മദ്യം വാങ്ങി മടങ്ങുകയായിരുന്ന ഇവരെ ജീപ്പിൽ പിൻതുടരുകയായിരുന്നുവെന്നാണ് ബന്ധുക്കളും പ്രദേശവാസികളും പറയുന്നത്. എക്സൈസ് പിൻതുടരുന്നതു കണ്ടു ഇവർ മീൻപറ്റി റോഡിലേക്ക് അതിവേഗതയിൽ കയറിയപ്പോൾ എതിരെ വന്ന കെ. എസ്.ആർ.ടി.സി ബസിടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇവരെ പിന്തുടർന്ന് എത്തിയ എക്സൈസ് വാഹനത്തിൽ തന്നെ ഇരുവരെയും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ഇരുവരും തൊട്ടടുത്ത ദിവസംച ികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഇതേ തുടർന്നാണ് ആലക്കോട് എക്സൈസിനെതിരെ ജനരോഷം ശക്തമായത്. രണ്ടുപേരുടെയും ബന്ധുക്കൾ കണ്ണൂർ റൂറൽ പൊലിസ് മേധാവിക്ക് എക്സൈസിനെതിരെ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്നു ആരോപണമുണ്ട്.

ഇതിനെ തുടർന്നു ആലക്കോട് എക്സൈസ് ഓഫീസിനു മുൻപിൽ നാട്ടുകാർ നടത്തിയ പ്രതിഷേധധർണ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ പൊലിസ് നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് പറഞ്ഞു. കുറ്റകരമായ അനാസ്ഥയും വേട്ടയാടലും നടത്തിയിട്ടുണ്ടെന്നു തെളിഞ്ഞാൽ എക്സൈസ് ഉദ്യോഗസ്ഥരെ നിയമത്തിനു കൊണ്ടുവരണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

എന്നാൽ തങ്ങളെ ന്യായീകരിച്ചുകൊണ്ടു എക്സൈസ്ഉദ്യോഗസ്ഥരും രംഗത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് വിൽപന സജീവമാകുന്ന ചില പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായി മീൻപറ്റിയിൽ നിന്നും വായാട്ടുപറമ്പിലേക്ക് പോകുമ്പോൾ തങ്ങളുടെ വാഹനത്തിന് മുൻപിൽ ബൈക്കിൽ രണ്ടു പേർ പോകുന്നതു കണ്ടു. എക്സൈസ് വാഹനം കണ്ടതോടെ ബൈക്ക് അമിത വേഗതയിലും അശ്രദ്ധയോടെയും പോകുന്നതു കണ്ടതിനാൽ അപകടസാധ്യത മുൻപിൽ കണ്ടു ബൈക്കിനെ പിൻതുടരാൻ നിന്നില്ല. പിന്നീട് കണ്ടത്ഇവർ സഞ്ചരിച്ച ബൈക്ക് കെ. എസ്.ആർ.ടി.സി ബസിലിടിച്ചു അപകടത്തിൽപ്പെട്ട നിലയിൽ കണ്ടതാണ്. ഇവരുടെ സമീപം മദ്യകുപ്പി ചിതറിക്കിടക്കുന്നതുംകണ്ടു. പരുക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിനായി ഒരാളെ എക്സൈസ് ജീപ്പിലും മറ്റൊരാളെ കെ. എസ്.ആർ.ടി.സി ജീവനക്കാരും നാട്ടുകാരും കൂടെ സ്വകാര്യ വാഹനത്തിലും കൊണ്ടു പോയി. എന്നാൽ ഇവർ ചികിത്സയ്ക്കിടെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ മരണമടഞ്ഞതോടെ എക്സൈസ് പിൻതുടർന്നതുകൊണ്ടാണ് അപകടത്തിൽപ്പെട്ടതെന്ന ആരോപണം ചില കേന്ദ്രങ്ങളിൽ നിന്നും പ്രചരിപ്പിക്കുകയായിരുന്നുവെന്നും എക്സൈസ് വ്യക്തമാക്കി.