പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി എപി ജയനെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തതിന് പിന്നാലെ പാർട്ടിയിൽ കലാപം. രണ്ടു മണ്ഡലം കമ്മറ്റികൾ നടപടിക്കെതിരേ പ്രമേയം പാസാക്കി. ഒരു ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം രാജി വച്ചു. സിപിഐ ജില്ലാ കമ്മറ്റി ഓഫീസ് പൂട്ടി സെക്രട്ടറി സ്ഥലം വിടുകയും ചെയ്തു.

ശനിയും ഞായറുമായി ചേർന്ന മണ്ഡലം കമ്മറ്റി യോഗത്തിലാണ് കോന്നി, മല്ലപ്പള്ളി മണ്ഡലം കമ്മറ്റികൾ ജയനെതിരായ നടപടിക്കെതിരേ പ്രമേയം പാസാക്കിയത്. റാന്നി മണ്ഡലത്തിലെ ചാത്തൻതറ ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം രാജി വച്ചു. രണ്ടു ജില്ലാ കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. അതിനിടെ ജില്ലാ കമ്മറ്റി ഓഫീസും പൂട്ടി സെക്രട്ടറി സ്ഥലം വിട്ടു. കമ്മറ്റി ചേരാൻ കഴിയാതെ അംഗങ്ങൾ വേറെ വഴി നോക്കേണ്ടി വന്നു.

ഓഫീസ് സെക്രട്ടറി കോയമ്പത്തൂരിന് പോയതോടെ കമ്മിറ്റിക്ക് എത്തിയവർ വലഞ്ഞു. ഇവർക്ക് പുറത്തു നിൽക്കേണ്ടി വന്നു. എ.പി. ജയൻ അനുകൂലിയാണ് ഓഫീസ് സെക്രട്ടറിയെന്ന് പറയുന്നു. ഓഫീസ് തുറക്കാനാകാത്തതിനാൽ എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് നടന്നത് ജോയിന്റ് കൗൺസിൽ ഓഫീസിലാണ്. രണ്ട് മണിക്കൂറിനു ശേഷം പിന്നിലെ കോൺഫറൻസ് ഹാളിന്റെ താക്കോൽ എത്തിച്ച് താൽകാലികമായി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു. സിപിഐ ജില്ലാ നേതാക്കളും സ്ഥലത്തെത്തി. എ. പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാതിരുന്നത്.