ന്യൂഡൽഹി: പ്രതിപക്ഷ നിരയിലെ മൂന്നിൽ രണ്ട് എംപിമാരേയും സസ്പെൻഡ് ചെയ്തതിന് പിന്നാലെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള ബില്ലുകൾ ലോക്‌സഭയുടെ പരിഗണനയ്ക്ക് വച്ച് കേന്ദ്രസർക്കാർ നീക്കം. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്കുവെച്ചത്.

മൂന്നിൽ രണ്ട് പ്രതിപക്ഷ എംപിമാരും സസ്പെൻഡ് ചെയ്യപ്പട്ടതിന് പിന്നാലെയാണ് അമിത് ഷാ ബില്ലുകൾ വീണ്ടും അവതരിപ്പിക്കുന്നത്. 543 അംഗ ലോക്സഭയിൽ പ്രതിപക്ഷത്ത് 199 എംപിമാരാണുള്ളത്. ഇതിൽ 95 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്പെൻഡ് ചെയ്തിരുന്നു. ഇരുസഭകളിലും നിന്നായി 141 എംപിമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്.

ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള പ്രതിഷേധങ്ങൾ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. പാർലമെന്റിൽ പ്രതിപക്ഷ നിര ദുർബലമായതിന് പിന്നാലെ ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് എത്തിച്ചത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ക്രിമിനൽ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ബില്ലുകൾ ലോക്‌സഭയുടെ പരിഗണനയ്ക്ക് വെച്ച സാഹചര്യത്തിൽ സഭയിൽ നിന്ന് പ്രതിപക്ഷാംഗങ്ങളെ മാറ്റിനിർത്താനാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് ഖാർഗെ ആരോപിച്ചു.  പാർലമെന്റിൽ നിന്ന് 141 പ്രതിപക്ഷ എംപി.മാരെ സസ്പെൻഡ് ചെയ്ത കേന്ദ്രസർക്കാർ നടപടി എകാധിപത്യത്തെ കൂട്ടുപിടിച്ച് ബിജെപി. സർക്കാർ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണ് എന്ന തങ്ങളുടെ ആരോപണത്തെ ശരിവെയ്ക്കുന്നതാണ്.

പൗരന്മാരുടെ അവകാശങ്ങളെ തടയുന്ന അതിക്രൂരമായ അധികാരക്രമങ്ങൾ അനുവദിക്കുന്ന ക്രിമിനൽ നിയമഭേദഗതി പോലെയുള്ള പ്രധാനബില്ലുകൾ പരിഗണനയ്ക്കു വെച്ചതായി നമുക്കെല്ലാവർക്കുമറിയാം. ഈ ബില്ലുകൾ ചർച്ച ചെയ്യപ്പെടുമ്പോൾ പ്രതിപക്ഷ സ്വരം രാജ്യത്തെ ജനങ്ങൾ കേൾക്കാതിരിക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങളെല്ലാമാണ് അവർ പയറ്റുന്നത്.

'പാർലമെന്റിലുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നും അതേക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്യണമെന്ന ഞങ്ങളുടെ ആവശ്യങ്ങൾക്ക് യാതൊരു മാറ്റവുമില്ല'.- മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവുനിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിതാ ബില്ലുകൾ കഴിഞ്ഞ ഓഗസ്റ്റിൽ സഭയിൽ അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട ബില്ലുകളിൽ ഭേദഗതികൾ നിർദ്ദേശിച്ചതിന് പിന്നാലെ മൂന്ന് ബില്ലുകളും കേന്ദ്രം പിൻവലിച്ചിരുന്നു. പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശകൾ കൂടി ഉൾപ്പെടുത്തിയ ബില്ലുകളാണ് അമിത് ഷാ ഇപ്പോൾ അവതരിപ്പിച്ചത്.

ക്രിമിനൽ നിയമങ്ങളിൽ സമൂലമാറ്റം ലക്ഷ്യമിട്ടുള്ള മൂന്ന് ബില്ലുകൾ കഴിഞ്ഞ ഓഗസ്റ്റ് 11-ന് അമിത് ഷാ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 18-ന് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട ബില്ലുകളിൽ റിപ്പോർട്ട് സമർപ്പിച്ചത് നവംബർ പത്തിനായിരുന്നു. ബില്ലുകളിൽ സുപ്രധാന ഭേദഗതികൾ കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.

അത് സമയം ലോക്സഭയിൽ പ്രതിപക്ഷ എംപിമാർക്ക് കൂട്ട സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് പിന്നാലെ, സമൂഹമാധ്യമത്തിൽ ശശി തരൂർ എംപിയുടെ പോസ്റ്റ് ചർച്ചയായി. എംപിമാർക്കെതിരെയുള്ള സസ്പെൻഷനിൽ പ്രതിഷേധത്തിന് ഇറങ്ങിയതിന് പിന്നാലെയാണ് തനിക്ക് സസ്പെൻഷൻ നേരിട്ടേക്കാമെന്ന് സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്ഫോമിൽ അദ്ദേഹം നേരത്തെ പോസ്റ്റ് ചെയ്തത്.

''എന്റെ 15 വർഷത്തെ പാർലമെന്ററി ജീവിതത്തിനിടെ പാർലമെന്റിന്റെ നടുത്തളത്തിലേക്ക് പ്രതിഷേധത്തിനായി പ്ലക്കാർഡുമായി ഇറങ്ങുകയാണ്. പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ ചർച്ച ആവശ്യപ്പെട്ടാണ് പ്രതിഷേധം. സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം. സുരക്ഷാവീഴ്ചയെ ചോദ്യം ചെയ്തതിനുള്ള സസ്പെൻഷൻ ന്യായീകരിക്കാനാകില്ല. എനിക്കും സസ്പെൻഷൻ നേരിട്ടേക്കാം. യാതൊരുവിധ ന്യായീകരണവുമില്ലാത്ത സംഭവത്തെ ചോദ്യം ചെയ്തതിനുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്'' ശശി തരൂർ കുറിച്ചു.

ലോക്സഭയിൽ നിന്ന് 49 എംപിമാരെക്കൂടി ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തതോടെ ആകെ 141 എംപിമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ലോക്സഭാ സമ്മേളനം ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാക്കി. 'പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പങ്കെടുക്കണം, ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. അഞ്ചു മിനിറ്റിനുള്ളിൽ സഭ പിരിഞ്ഞു.

മോദിയുടെ വാ പൂട്ടിയ ചിത്രമുള്ള പ്ലക്കാർഡ് കൊണ്ടുവന്നവർക്കെതിരെ നടപടി എടുക്കണമെന്ന് മന്ത്രി പ്രഹ്ളാദ്‌ജോഷി ആവശ്യപ്പെട്ടു. ലോക്സഭയിൽ 3 പേരെയും രാജ്യസഭയിൽ 11 പേരെയും അവകാശലംഘന സമിതിയുടെ അന്വേഷണത്തിനു ശേഷമേ തിരിച്ചെടുക്കൂ. ബാക്കിയുള്ളവർക്ക് ഈ സമ്മേളന കാലാവധിയായ 22 വരെയാണു സസ്പെൻഷൻ.

പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരുൾപ്പെടെ പ്രതിപക്ഷ എംപിമാർ രാവിലെ പാർലമെന്റിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പുകയാക്രമണത്തിലും എംപിമാരെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു ധർണ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധർണ.