നിലമ്പൂർ: പരിധിയിൽ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയിൽ ഹൈക്കോടതി നടപടിക്ക് നിർദേശിച്ച സംഭവത്തിൽ വിചിത്രവാദവുമായി ഇടത് എംഎൽഎ പി.വി.അൻവർ. ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് കോടതി നടപടികളല്ല ശരിയെന്ന വിധത്തിലുള്ള വാദവുമായി അൻവർ രംഗത്തുവന്നത്. തനിക്ക് ഒരിഞ്ച് മിച്ചഭൂമിയില്ലെന്നും അത് ലാൻഡ് ബോർഡ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതാണെന്നു അൻവർ വീഡജിയോയിൽ വാദിക്കുന്നു.

എന്നാൽ ഇക്കാര്യം പുറത്ത് പറയാൻ ഉദ്യോഗസ്ഥർക്ക് ഭയമാണെന്നും, ഈ ഭയത്തിൽ മിച്ചഭൂമിയുണ്ടെന്ന് ഉദ്യോഗസ്ഥർ എഴുതി കൊടുത്തേക്കാമെന്നും അൻവർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിലിട്ട വീഡിയോയിലാണ് അദ്ദേഹം വാദങ്ങൾ നിരത്തുന്നത്. അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ട് മൂന്നുവർഷം പിന്നിട്ടിട്ടും കഴിഞ്ഞ ദിവസം സർക്കാർ സമയം നീട്ടിച്ചോദിച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി 18ന് വീണ്ടും പരിഗണിക്കുമ്പോൾ വിശദ സത്യവാങ്മൂവം നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

'നോട്ടീസ് ലഭിച്ചയുടൻ ഭൂമി സംബന്ധിച്ച വിവരങ്ങൾ ലാൻഡ് ബോർഡിന് സമർപ്പിച്ചിട്ടുള്ളതാണ്. മിച്ചഭൂമി ഉണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് ലാൻഡ്‌ബോർഡാണ്. അതിൽ ഞാൻ ഉത്തരവാദിയല്ല. ഞാൻ കൊടുത്ത രേഖകൾ പ്രകാരം പി.വി.അൻവറിന് മിച്ചഭൂമിയില്ലെന്ന് ലാൻഡ്‌ബോർഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് പുറത്ത് പറയാനോ എഴുതി കൊടുക്കാനോ അവിടെ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ധൈര്യമില്ല. കഴിയുന്നില്ല. വാർത്തകളിൽ ക്രൂശിക്കപ്പെടുന്നമെന്ന ഭയമാണ് ഉദ്യോഗസ്ഥർക്ക്. തന്നെ സംബന്ധിച്ചുള്ള വിവാദങ്ങളിലെല്ലാം ഇത് തന്നെയാണ് സംഭവിച്ചത്. പി.വി.അൻവറിന് മിച്ചഭൂമിയില്ലെന്ന് എഴുതാൻ കൈവിറക്കുകയാണ് പലർക്കും. ഈ സമ്മർദ്ദത്തിന്റെ ഫലമായി നാളെ മിച്ചഭൂമിയുണ്ടെന്നും എഴുതിയേക്കാം' അൻവർ പറഞ്ഞു.

എംഎൽഎയും കുടുംബാംഗങ്ങളും ഭൂപരിഷ്‌കരണ നിയമം അനുവദിക്കുന്നതിലധികം കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവുപ്രകാരം സ്വീകരിച്ച നടപടികൾ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നേരത്തെ സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്ററും ഭൂരഹിതനുമായ കെ.വി.ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു ജസ്റ്റിസ് രാജ വിജയരാഘവൻ നിർദ്ദേശം നൽകിയത്.

ഹർജി 18ന് വീണ്ടും പരിഗണിക്കും. അതിനുമുൻപ് സത്യവാങ്മൂലം നൽകണം. സർക്കാർ സാവകാശം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പി.വി.അൻവറും കുടുംബാംഗങ്ങളും ഭൂപരിഷ്‌കരണ നിയമം അനുവദിക്കുന്നതിലധികം ഭൂമി കൈവശം വയ്ക്കുന്നെന്ന പരാതിയിൽ ആറുമാസത്തിനികം ഭൂപരിഷ്‌കരണ നിയമപ്രകാരം സ്വീകരിച്ച നടപടികൾ വേഗത്തിലാക്കാനും 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാനുമാണു 2021 മാർച്ച് 24ന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. താലൂക്ക് ലാൻഡ് ബോർഡ്, താമരശേരി അഡീഷനൽ തഹസിൽദാർ എന്നിവർക്കായിരുന്നു നിർദ്ദേശം.

തുടർന്ന് നടപടികൾ അന്തിമമാക്കാൻ 2022 ജനുവരിയിൽ കോടതി 5 മാസം കൂടി അനുവദിച്ചു. എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎയായ അൻവറിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനംകൊണ്ട്, കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് ഒന്നര വർഷമാകാറായിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.