കോഴിക്കോട്: മിച്ചഭൂമി കേസിൽ പി.വി അൻവർ എംഎ‍ൽഎക്ക് തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചക്കകം ഭൂമി സർക്കാരിന് തിരിച്ചേൽപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇത് ചെയ്തില്ലെങ്കിൽ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്.

പി.വി അൻവറിനെതിരെ മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ഷാജിയാണ് ലാൻഡ് റവന്യൂ ബോർഡിൽ പരാതി നൽകിയത്. മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി.വി അൻവർ വ്യാജരേഖ ചമച്ചെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അൻവറും ഭാര്യയും ചേർന്ന് പീവിയാർ എന്റർടെയ്ന്മെന്റ് എന്ന പേരിൽ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം മറികടക്കാൻ വേണ്ടിയാണെന്നാണ് ഇതിൽ പറയുന്നത്.

അൻവറിന്റെ പക്കൽ 15 ഏക്കറോളം മിച്ചഭൂമിയുണ്ടെന്നും ഈ ഭൂമി സർക്കാരിന് വിട്ടുനൽകാൻ നിർദ്ദേശം നൽകാവുന്നതാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, അന്തിമ തീരുമാനത്തിലേക്ക് വന്നപ്പോൾ ഇത് പകുതിയായി കുറയുകയാണ് ഉണ്ടായത്. 6.25 ഏക്കർ ഭൂമി തിരിച്ചു പിടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഭൂപരിഷ്‌കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അൻവറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. ഭൂപരിഷ്‌കരണനിയമം ലംഘിച്ച് പി.വി. അൻവർ എംഎ‍ൽഎ.യും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് ഒന്നരവർഷമായിട്ടും നടപ്പാക്കിയിരുന്നില്ല. ലാൻഡ് ബോർഡ് സംവിധാനംതന്നെ ഉടച്ചുവാർത്തു കൊണ്ടായിരുന്നു എംഎൽഎയെ സംരക്ഷിച്ചത് പിന്നാലെ ഹൈക്കോടതിയിൽ വിഷയം എത്തിയതോടയാണ് തുടർനടപടികൾ ഉണ്ടായത്.