ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയിലാണ് രാജ്യം. പാക്കിസ്ഥാനു മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചു. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചു. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണയ്ക്കിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗിലിലേത് കേവലം യുദ്ധ വിജയം മാത്രമല്ല, പാകിസ്ഥാന്‍ ചതിക്കെതിരായ ജയമാണെന്ന് പറഞ്ഞ മോദി, ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്നം പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കി.

ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും നിങ്ങളുടെ പദ്ധതികള്‍ നടപ്പാകില്ലെന്നും പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. കാര്‍ഗില്‍ വീരമൃതു വരിച്ച സൈനികര്‍ അമരത്വം നേടിയവരാണെന്ന് മോദി പറഞ്ഞു. ഒരോ സൈനിന്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. ഓര്‍മ്മകള്‍ ഇങ്ങനെ മിന്നി മറയ്കുകയാണ്. കേവലം യുദ്ധത്തിന്റെ വിജയം മാത്രമല്ല കാര്‍ഗിലേതെന്നും പാകിസ്ഥാന്റെ ചതിക്കെതിരായ, ഭീകരവാദത്തിനെതിരെയായ വിജയമാണ് അതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് പാകിസ്ഥാന് മോദി മുന്നിറിയിപ്പ് നല്‍കി.

പ്രതിരോധ മേഖലയില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്‌നിപഥ് പദ്ധതി സേനയെ യുവത്വവല്‍ക്കരിക്കാനാണ്. എന്നാല്‍ ചിലര്‍ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവല്‍ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല രാഷ്ട്രത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകള്‍ ആക്കുകയാണ് ചിലര്‍. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാമ്പും പുറത്തിറക്കും. ലഡാക്കില്‍ നിന്നും കശ്മീരില്‍ നിന്നും നിരവധിയാളുകള്‍ പരിപാടിക്ക് എത്തിയിട്ടുണ്ട്. ദ്രാസിലെ യുദ്ധസ്മാരകത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി വിവിധ പരിപാടികള്‍ നടത്തിയിരുന്നു. യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചവരുടെ കുടുംബങ്ങളെ ആദരിച്ചിരുന്നു.