ഇസ്‌ലാമാബാദ്: പ്രളയം താണ്ഡവമാടിയപ്പോൾ പാക്കിസ്ഥാൻ തീരാദുരിതത്തിലാണ്. കനത്ത പ്രളയത്താൽ രാജ്യത്തിന്റെ പകുതിയും വെള്ളത്തിനടിയിൽ ആയപ്പോൾ പാക് ജനതയെ സഹായിക്കാൻ ആരുമില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മൂന്ന് മാസമായി നിലക്കാത്ത പ്രളയത്തിൽ പാക് ജനതയാണ് വൻ ദുരിതത്തിലായത്. സഹായിക്കാൻ മനസ്സുള്ള സർ്ക്കാർ പോലും അവിടെ ഇല്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്. രാജ്യത്തിന്റെ പകുതിയോളം പ്രദേശത്തെ മഴ വിഴുങ്ങിക്കഴിഞ്ഞു. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. ലക്ഷങ്ങൾക്കു വീട് നഷ്ടപ്പെട്ടു. പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് ആ രാജ്യം സാക്ഷ്യം വഹിക്കുന്നത്.

പാക്കിസ്ഥാനിൽ ഏകദേശം മൂന്നരക്കോടി ജനങ്ങളെ, അതായത് ജനസംഖ്യയുടെ 15 ശതമാനത്തെയും പ്രളയം ബാധിച്ചുകഴിഞ്ഞു. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകര പ്രളയമാണിത്. ദുരന്തത്തെ തുടർന്ന് മരണസംഖ്യ 1100 കവിഞ്ഞതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. ആളപായങ്ങൾക്കു പുറമേ വൻകിട കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൂന്നര കോടിയോളം ജനം കടുത്ത ദുരിതത്തിലാണ്. 20 ലക്ഷത്തിലേറെ ഏക്കറിലെ കൃഷി നശിച്ചു.

ജൂൺ മുതൽ നിലയ്ക്കാതെ പെയ്യുന്ന അതിതീവ്ര മഴയിൽ മിന്നൽപ്രളയമാണ് ഉണ്ടായത്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു. രണ്ടുലക്ഷത്തി ഇരുപതിനായിരത്തോളം വീടുകൾ തകർന്നു. അതിലേറെ പേർ പെരുവഴിയിലായി. നൂറുകണക്കിന് പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. നിലവിലെ വിലയിരുത്തലനുസരിച്ച് 1000 കോടി ഡോളറിന്റെ നഷ്ടമുണ്ടെന്നാണ് പാക്കിസ്ഥാൻ പ്ലാനിങ് മന്ത്രി അഹ്‌സാൻ ഇഖ്ബാൽ പറഞ്ഞത്. പ്രളയജലമിറങ്ങിക്കഴിഞ്ഞാലേ യഥാർഥ നഷ്ടം അറിയാനാവൂ. ഖൈബർ പഖ്തൂല്ക്വ, ഗിൽജിത് ബാൾട്ടിസ്ഥാൻ, സിന്ധ്, ബലൂചിസ്ഥാൻ തുടങ്ങിയ മേഖലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 2010ൽ 2000 പേരുടെ ജീവനെടുത്ത മഹാപ്രളയത്തിനു സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പാക്കിസ്ഥാൻ ഫെഡറൽ മന്ത്രി ഷെറി റഹ്മാൻ പറയുന്നു.

നദികൾ കരകവിഞ്ഞൊഴുകിയതോടെ പല ഇടങ്ങളും വെള്ളത്തിനടിയിലായി. ചെളി കലർന്ന വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് ഹെലികോപ്റ്ററുകൾ നിലത്തിറക്കാൻ സാധിക്കാത്തത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാലങ്ങളും റോഡുകളും തകർന്നതും ആശങ്ക വർധിപ്പിക്കുന്നു. രണ്ട് ദശലക്ഷം ഏക്കറോളം കൃഷിയിടങ്ങളും നാശമായതായാണ് റിപ്പോർട്ട് . രാജ്യത്തെ 33 മില്യൺ ജനങ്ങൾ പ്രളയക്കെടുതികൾ നേരിടുകയാണ്.

നാശമായ പാർപ്പിടങ്ങളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. പ്രളയത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടം വളരെ വലുതാണെന്നും പ്രസ് മീറ്റിൽ പ്രധാനമന്ത്രി അറിയിച്ചു. അതേസമയം പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയെയും പ്രളയം പിടിച്ചുലച്ചു കഴിഞ്ഞു. ഇതിനോടകം 79000 കോടിയുടെ നഷ്ടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.

വിദേശ കടക്കെണി കാരണം തിരിയാൻ വയ്യ, ആകെ പ്രതീക്ഷ ഇന്ത്യയിൽ മാത്രം

പ്രളയത്തിൽ വലയുന്ന പാക്കിസ്ഥാന് വിദേശ കടം കൊണ്ടു വലയുന്ന അവസ്ഥയുമാണ്. ചൈനീസ് കടവും ഐഎംഎൽ തിരിച്ചടക്കേണ്ട അവസ്ഥയും എല്ലാം കൂടിയാകുമ്പോൾ ആകെ വലഞ്ഞിരിക്കുകയാണ് പാക്കിസ്ഥാൻ. ഈ സാഹചര്യത്തിൽ ഇന്ത്യയാണ് പാക്കിസ്ഥാന്റെ ഏക പ്രതീക്ഷ. മോദിയുടെ ട്വിറ്റർ പോസ്റ്റും പാക്കിസ്ഥാന് ആശ്വാസം പകരുന്നതാണ്. പാക്കിസ്ഥാനെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്ക ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തിായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

'പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക കെടുതികൾ വിഷമമുണ്ടാക്കുന്നു. ദുരിതത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവരുടെയും ദുരിതബാധിതരുടെയും വിഷമം പങ്കുവയ്ക്കുന്നു. എത്രയും വേഗം ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു' പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

പാക്കിസ്ഥാനെ ഏതു വിധത്തിൽ സഹായിക്കാനാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പാക്കിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇന്ത്യയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഒരു പാക്കിസ്ഥാൻ മന്ത്രി സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് സഖ്യ കക്ഷികളുമായി കൂടിയാലോചന നടത്തുമെന്ന് ധനമന്ത്രി മിഫ്ത ഇസ്മായിൽ അറിയിച്ചു. കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് പാക്കിസ്ഥാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും മൂലം വലയുന്ന ജനങ്ങളെ സഹായിക്കുന്നതിന് ഇന്ത്യയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ അനുവദിക്കണമെന്ന് സന്നദ്ധസംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കശ്മീർ വിഷയത്തിൽ തീരുമാനമാകാതെ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിൽ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറക്കുമതി നിയന്ത്രണം നീക്കുന്നതിൽ പ്രതിപക്ഷമായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേസമയം, ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാൻ നടപടി തുടങ്ങി.