ലണ്ടന്‍: തിരക്കേറിയ മോട്ടോര്‍വേയിലേക്ക് പതിച്ച് പൊട്ടിത്തെറിച്ച വിമാനത്തിലെ പൈലറ്റ് അതിദാരുണമായി മരണപ്പെട്ടു. ചോവ്വാഴ്ച ഉച്ചക്ക് 12:45 ന് ഉണ്ടായ അപകടത്തില്‍ തങ്ങളുടെ ഒരു പൈലറ്റ് മരണമടഞ്ഞതായി ബ്രേഡ ഏവിയേഷന്‍ ഫ്‌ലൈറ്റ് സ്‌കൂള്‍ സ്ഥിരീകരിച്ചു. അക്വില വിമാനം താഴേക്ക് വീണ് തകരുന്ന സമയത്ത് അതിലുണ്ടായിരുന്ന വ്യക്തി സ്വയം പരിശീലനം നടത്തുകയായിരുന്നു. വിമാനം, മലക്കം മറിഞ്ഞതിന് ശേഷമായിരുന്നു റോഡില്‍ വീണതെന്ന് സംഭവത്തിന് സാക്ഷിയായ ഒരു ലോറി ഡ്രൈവര്‍ പറഞ്ഞു.

നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാമില്‍ നിന്നും 37 മൈല്‍ ദൂരെ ബ്രേഡയില്‍ ഇത് താഴേക്ക് പതിക്കുന്ന നേരത്ത് വിമാനത്തില്‍ ഈ വ്യക്തി മാത്രമെ ഉണ്ടായിരുന്നുള്ളു. മോട്ടോര്‍വേയുടെ ഇരു വശങ്ങളിലുടെയും യാത്രചെയ്യുകയായിരുന്ന യാത്രക്കാര്‍ എടുത്ത ചിത്രങ്ങളിലും വീഡിയോകളിലും വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും പുക ഉയരുന്നത് കാണാം. ചിലര്‍ അവിശ്വസനീയം എന്നോണം അതിനെ നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

റോഡിലെ ഗതാഗതം നിര്‍ത്തി വെച്ചതും ഒരു ഫയര്‍ എഞ്ചിന്‍ സംഭവസ്ഥലത്തേക്ക് വരുന്നതുമായ ദൃശ്യങ്ങളും ലഭ്യമാണ്. ബ്രേഡ വിമാനത്താവളത്തിന് സമീപം എ 58 ല്‍ വിമാനം തകര്‍ന്നതായും പൈലറ്റ് മരണമടഞ്ഞതായും സംഭവത്തിന് ദൃക്സാക്ഷിയായ ഫ്‌ലോയ്ഡ് ഏനന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. വലിയൊരു അഗ്‌നിഗോളം എന്നാണ് മറ്റു ചില ദൃക്സാക്ഷികള്‍ ഇതിനെ വിശേഷിപ്പിച്ചത്. ജൂലായ് 31 ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ പൈലറ്റ് മരണമടഞ്ഞതായി ഫ്‌ലൈറ്റ് സ്‌കൂള്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്.