തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ പി. കൃഷ്ണപിള്ളയുടെ ജന്മശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റിൽ വോട്ടെടുപ്പ് നടത്തേണ്ടി വന്നു എന്ന് പിരപ്പൻകോട് മുരളി. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സെക്രട്ടറിയേറ്റിൽ തീരുമാനം നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2006 ൽ പിരപ്പൻകോട് മുരളി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ഈ സംഭവം ഉണ്ടായതെന്ന് 'പ്രസാധകൻ ' മാസികയിൽ പ്രസിദ്ധികരിക്കുന്ന ആത്മകഥാ പരമ്പരയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ജില്ലാ സെക്രട്ടറിയേറ്റിൽ, പ്രതിമ സ്ഥാപനത്തെക്കുറിച്ച് നിർദ്ദേശം വന്നപ്പോൾ സ്ഥിരം എതിർപ്പുകാരായ സഖാക്കൾ അത് കാട്ടായിക്കോണം ശ്രീധറെ താഴ്‌ത്തികെട്ടാനുള്ള ഏർപ്പാടാണെന്ന് വാദിച്ചു. തന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് മൂലം ഒരു വോട്ടിന്റെ ഭുരിപക്ഷത്തിൽ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് മുരളി പറയുന്നു.

മുരളിയുടെ ആത്മകഥയിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

'ഞാൻ സെക്രട്ടറിയായിരുന്ന കാലത്ത് ചരിത്ര പ്രാധാന്യമുള്ള മൂന്ന് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. അതിൽ ആദ്യത്തേത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ പ്രമുഖനായ സ.,പി.കൃഷ്ണപിള്ളയുടെ ജന്മശതാബ്ദിയാണ്.

സ. പി. കൃഷ്ണപിള്ളയുടെ ചരമജന്മദിനം ഓഗസ്റ്റ് 19നാണ്. 1906 ഓഗസ്റ്റ് 19ന് ജനിച്ച സ.പി. കൃഷ്ണപിള്ള ജന്മശതാബ്ദി വർഷമാണ് 2006 ഓഗസ്റ്റ് 19. ഈ ദിനം മായാത്ത ഒരു മഹാചരിത്ര മുഹൂർത്തമാക്കി മാറ്റണമെന്ന അഭിപ്രായമാണ് എനിക്കുണ്ടായിരുന്നത്. ഒരു സമ്മേളനം നടത്തി അവസാനിപ്പിക്കേണ്ട ഒന്നല്ല പി.കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി എന്ന അഭിപ്രായക്കാരനായിരുന്നു ഞാൻ. അതുകൊണ്ട് പാർട്ടി ഓഫീസിന്റെ മുൻവശത്തെ വിശാലമായ തളത്തിൽ സഖാവിന്റെ ഒരു അർദ്ധകായ പ്രതിമ സ്ഥാപിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. സെക്രട്ടേറിയറ്റിൽ ഞാൻ ഈ നിർദ്ദേശം വച്ചപ്പോൾ സ്ഥിരം എതിർപ്പുകാരായ സഖാക്കൾ അത് കാട്ടായിക്കോണം ശ്രീധറെ താഴ്‌ത്തികെട്ടാനുള്ള ഏർപ്പാടാണെന്ന വാദമുഖവുമായി എന്നെ നേരിട്ടു. പക്ഷെ എന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിമ സ്ഥാപിക്കാനും മറ്റു പരിപാടികൾ നടത്തുവാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.'

താൻ ജില്ലാ സെക്രട്ടറിയാവുന്നത് തടയാൻ തന്റെ ആത്മ സുഹൃത്തുക്കളായ കടകംപള്ളി സുരേന്ദ്രനും, ആനാവൂർ നാഗപ്പനും മറ്റ് വി എസ് വിരുദ്ധരും ചേർന്ന് പരമവധി ശ്രമിച്ചുവെന്നും മുരളി ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്. തന്റെ മുൻഗാമിയായ ജില്ലാ സെക്രട്ടറി എം വിജയകുമാർ, താൻ അധികാരമേൽക്കുന്നത് തടയാൻ സെക്രട്ടറിയുടെ മുറി പൂട്ടി കുറെ നാൾ മുങ്ങി നടന്നു. ആനാവൂർ നാഗപ്പനും കൂട്ടരും പലതരം ഭീഷണികളും ഇറക്കി.

താൻ ജില്ലാ സെക്രട്ടറിയാകാതിരിക്കാൻ പല കളികളും കളിച്ചുവെന്ന് പിരപ്പൻകോട് വെളിപ്പെടുത്തുന്നുണ്ട്.