തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) എന്ന സമുദായ സംഘടനയിലെ രണ്ടാമനായി പോലും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. എൻഎസ് എസ് രജിസ്ട്രാർ പി.എൻ. സുരേഷ്. സംഘടനയിൽ സുകുമാരൻ നായരുടെ വിശ്വസ്തനായിരുന്ന വ്യക്തി. അങ്ങനെയൊരാൾ എങ്ങനെ സുകുമാരൻ നായർക്ക് അനഭിമതനായി എന്ന ചോദ്യമാണ് സമുദായത്തിനുള്ളിൽ നിന്നും പലരും അത്ഭുതത്തോടെ ഉന്നയിക്കുന്നത്. എന്നാൽ, ഇതിന്റെ കാരണം എന്തെന്ന് കൃത്യമായി തന്നെ സുകുമാരൻ നായർക്കും സുരേഷിനും ബോധ്യമുണ്ട്.

കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ഉറ്റബന്ധമുള്ളയാളാണ് ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്റ്ററായിരുന്ന സുരേഷ്. എൻഎസ്എസും ഡോ. ശശി തരൂരുമായി ബന്ധപ്പെട്ട കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവാദത്തിന്റെ പേരിൽ അദ്ദേഹം പുറത്തുപോയി എന്നായിരുന്നു പ്രചാരണം എങ്കിലും അതിന് അപ്പുറത്തേക്ക് ചില കാര്യങ്ങളുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അടുത്തകാലത്തായി ചില ബിജെപി നേതാക്കൾ സുരേഷിന്റെ വീട്ടിൽ നിത്യസന്ദർശകരായിരുന്നു. ഇഥ് വെറും സൗഹൃദ സന്ദർശനമെല്ലെന്ന ബോധ്യത്തിലാണ് സുകുമാരൻ നായർ സുരേഷിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചത്.

ബിജെപി പാളയത്തോട് ഇതുവരെ താൽപ്പര്യം പ്രകടിപ്പിക്കാൻ സുകുമാരൻ നായർ തയ്യാറായിരുന്നില്ല. ഇക്കാര്യം മുൻകാലങ്ങളിലും അദ്ദേഹം വ്യക്തമാക്കുകയും ചെയ്ത കാര്യമാണിത്. എസ്എൻഡിപിയെ ബിജെപി പാളയത്തിൽ എത്തിച്ചതു പോലെ എൻഎസ്എസിനെ ബിജെപി ആലയത്തിൽ എത്തിക്കേണ്ടതില്ലെന്നതാണ് സുകുമാരൻ നായരുടെ നിലപാട്. പി എൻ സുരേഷിന്റെ സ്ഥാനം തെറിക്കാൻ ഇടയാക്കിയതും ഈ നീക്കം തന്നെയാണ്. എൻഎസ്എസിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തിനു നേരെ കൂടിയാണ് ജനറൽ സെക്രട്ടറി വാതിലച്ചത്.

എൻഎസ് എസ് രജിസ്ട്രാർ പി.എൻ. സുരേഷിലൂടെ സംഘടനയിൽ പിടിമുറുക്കാനായിരുന്നു ബിജെപി ശ്രമം. ഇത് കൈയോടെ പിടിച്ചതിനെ തുടർന്ന് സുരേഷിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച സുരേഷിന്റെ ആറന്മുളയിലെ വസതിയിൽ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശനും ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറും എത്തിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഗോപകുമാർ ആറന്മുള പള്ളിയോടസംഘം ഭാരവാഹിയും എൻഎസ്എസ് പ്രാദേശിക നേതാവുമാണ്.

ഇവരെത്തിയ വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുള്ള വിവരം അപ്പോൾ തന്നെ സുകുമാരൻ നായർക്കു ലഭിച്ചു. ഈ സന്ദർശനം വെറുതെ നിഷ്‌കളങ്കമല്ലെന്ന ബോധ്യമായിരുന്നു ജനറൽ സെക്രട്ടറിക്ക് ലഭിച്ചത്. ഇതാദ്യമായിട്ടായിരുന്നില്ല ഗണേശനും ഗോപകുമാറും സുരേഷുമായി കൂടിക്കണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം സംസ്ഥാനത്തെ മത- സാമുദായിക സംഘടനകളിലേക്കു ബിജെപി നേതാക്കൾ കടന്നുകയറണം എന്ന നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചകൾ എന്നാണ് സുകുമാരൻ നായർ വിലയിരുത്തിയത്. സുകുമാരൻ നായർ ബിജെപി ലൈനിന് നിന്നു കൊടുക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് മറ്റു വഴികൾ ബിജെപി തേടിയതും.

രജിസ്ട്രാർ സ്ഥാനത്ത് അവരോധിതനായ കലാമണ്ഡലം കൽപിത സർവകലാശാലാ മുൻ ആക്റ്റിങ് വൈസ് ചാൻസലർ കൂടിയായ സുരേഷ്, ബിജെപി നേതാക്കളുമായി നല്ല രീതിയിലുള്ള ഇടപെടലാണ് നടത്തിയത്. സീനിയർ കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ പെരുന്നയിലെത്തിക്കാം എന്ന വാഗ്ദാനം ബിജെപി സംഘടനാ സെക്രട്ടറിയിൽ നിന്ന് രജിസ്ട്രാർക്ക് ലഭിച്ചു. അത് എൻഎസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും അദ്ദേഹം തയാറായി. അതോടെയാണ് രജിസ്ട്രാർ എൻഎസിഎസിലെ 'നോട്ടപ്പുള്ളി'യായത്.

അതിനിടെയാണ് രജിസ്ട്രാറുടെ വസതിയിൽ ബിജെപി നേതാക്കൾ ഇടയ്ക്കിടെ സന്ദർശിക്കുന്നു എന്ന വിവരം എൻഎസ്എസ് നേതൃത്വത്തിന് ലഭിച്ചത്. അത് സ്ഥിരീകരിക്കപ്പെട്ടതോടെ, അടുത്ത ദിവസം പെരുന്നയിലെ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയ രജിസ്ട്രാറോട് 'രാജിവയ്ക്കുന്നോ അതോ പുറത്താക്കണോ' എന്നാണ് ജനറൽ സെക്രട്ടറി ആരാഞ്ഞതെന്നാണ് വിവരം. അതോടെ, രാജിവയ്ക്കാൻ അദ്ദേഹം തയാറായി.

തരൂർ വിഷയമാണ് പുറത്തുപോകലിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും ബിജെപി ബന്ധമാണ് വിഷയത്തിൽ വില്ലനായി നിന്നത്. ഇതോടെ ജനറൽ സെക്രട്ടറിക്ക് മുകളിൽ വളരാനുള്ള ശ്രമവും സാമ്പത്തിക അഴിമതിയാരോപണവും ബന്ധു നിയമനം സംബന്ധിച്ച പരാതികളുമാണ് സുരേഷിന് തിരിച്ചടിയായിരിക്കുന്നത്. എൻഎസ്എസിന്റെ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത് കൗൺസിൽ യോഗമാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, കലഞ്ഞൂർ മധു, ഹരികുമാർ കോയിക്കൽ, അഡ്വ. സംഗീത് കുമാർ തുടങ്ങിയവരാണ് കൗൺസിൽ അംഗങ്ങൾ. നിരവധി ആരോപണങ്ങൾ നേരത്തേ തന്നെ സുരേഷിനെതിരേ ഉയർന്നിരുന്നു.

തൃശൂർ മുതൽ വടക്കോട്ട് തനിക്ക് അനുകൂലമായി ഒരു ബെൽറ്റ് സൃഷ്ടിക്കാൻ സുരേഷ് ശ്രമിക്കുന്നതായി ജനറൽ സെക്രട്ടറിക്ക് സൂചന ലഭിച്ചിരുന്നു. ഇതെല്ലാം കടിയായപ്പോൾ സുരേഷിന് പടിയിറങ്ങേണ്ടിയും വന്നു. ആറന്മുള വാസ്തു വിദ്യാഗുരുകുലം ചെയർമാൻ, കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസിലർ എന്നീ നിലകളിലാണ് സുരേഷ് പ്രശസ്തനായത്. യുഡിഎഫ് മന്ത്രിസഭയിൽ ജി. കാർത്തിയേകൻ സാംസ്‌കാരിക മന്ത്രിയായിരിക്കുമ്പോൾ ഡോ. ഡി. ബാബുപോളിന്റെ ശിപാർശയിലാണ് സുരേഷ് വാസ്തുവിദ്യാഗുരുകുലം ചെയർമാനായത്. പിന്നീട് പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായരുടെ ശിപാർശയിലാണ് കലാമണ്ഡലം കൽപിത സർവകലശാല വൈസ് ചാൻസിലർ ആയത്.

എൻഎസ്എസ് പ്രസിഡന്റായിരുന്ന നരേന്ദ്രനാഥൻ നായർ മരിച്ചപ്പോൾ ആ സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്നത് കലഞ്ഞൂർ മധു, ഹരികുമാർ കോയിക്കൽ എന്നിവരായിരുന്നു. രണ്ടു പേരെയും വെട്ടി മുൻ ട്രഷറർ ഡോ. ശശികുമാറിനെ പ്രസിഡന്റാക്കിയതിന് പിന്നിൽ സുരേഷ് ആയിരുന്നു. ജനറൽ സെക്രട്ടറിയുടെ അടുത്ത് ഇത്രയധികം സ്വാധീനം ഉണ്ടെന്ന് കരുതിയിരുന്ന സുരേഷാണ് തെറിച്ചിരിക്കുന്നത്.