തിരുവനന്തപുരം: മറുനാടൻ മലയാളി ചാനലിനെ പൂട്ടിക്കുമെന്ന് ശപഥമെടുത്തു സംസ്ഥാന ഭരണത്തിലെ ഉന്നതരും എംഎൽഎമാരും ചേർന്ന് നടത്തുന്ന ശ്രമങ്ങൾ അതിന്റെ പരകോടിയിൽ. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ പേരിൽ എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ പേരിൽ സംസ്ഥാന വ്യാപകമായി മറുനാടൻ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും പൊലീസ് റെയ്ഡു നടത്തി. മറുനാടന്റെ തിരുവനന്തപുരം പട്ടത്തെ ഓഫീസിലും പൊലീസ് സംഘമെത്തി റെയ്ഡ് നടത്തി. പട്ടത്തുള്ള ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്‌ടോപ്, മെമ്മറി കാർഡുകൾ എന്നിവയാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.

രാവിലെ 11 മണിക്കെത്തിയ പൊലീസ് സംഘം രാത്രി 12 മണിയോടെയാണ് റെയ്ഡ് പൂർത്തിയാക്കി മടങ്ങിയത്. ജീവനക്കാരുടെയും ലാപ്‌ടോപ്പുകളും പൊലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് ഇന്നലെ പരിശോധന നടത്തി. പുലർച്ചെയാണ് ജീനവനക്കാരുടെ വസതികളിൽ പൊലീസ് സംഘം എത്തിയത്. ഷാജൻ സ്‌കറിയയെ തേടിയാണ് ഇവരെല്ലാം എത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാഴ്‌ച്ച മുമ്പ് പട്ടത്തെ ഓഫീസിൽ പൊലീസ് എത്തുകയും പരിശോധനകൾ നടത്തുകയും നാല് ഹാർഡ് ഡിസ്‌ക്കുകൾ പിടിച്ചെടുത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ ഷാജൻ സ്‌കറിയയെ കണ്ടെത്താൻ എന്ന പേരിൽ മറുനാടൻ ജീവനക്കാരുടെ വസതികളിൽ പൊലീസ് റെയ്ഡ് നടത്തുകയും കമ്പ്യൂട്ടറുകൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തത്. ഷാജൻ സ്‌കറിയയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പരിശോധനകൾ നടത്തിയിട്ടുണ്ട്. പി വി ശ്രീനിജൻ എംഎൽഎയുമായി ബന്ധപ്പെട്ട് ഷാജൻ സ്‌കറിയ ചെയ്ത ഒരു വീഡിയോയുടെ പേരിലാണ് എളമക്കര പൊലീസ് കേസെടുത്തത്. ഈ കേസിന്റെ ആധാരമാക്കിയാണ് ഇപ്പോൾ മറുനാടന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന വിധത്തിൽ പൊലീസ് നടപടികൾ ഉണ്ടായിരിക്കുന്നത്. എസ്സി- എസ്ടി പീഡന നിരോധന നിയമം അനുസരിച്ചാണ് സംഭവത്തിൽ കേസെടുത്തത്. കേസിൽ ഷാജൻ മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്.

താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ മറുനാടൻ എഡിറ്റർക്കായി ഹാജരാകുന്നത്. മുൻ അഡീഷണൽ സോളിസിറ്റർ ജനറയാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനൽ നിയമത്തിലും വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു. തെരഞ്ഞെടുപ്പു കേസുകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അംഗീകരിക്കപ്പെട്ട നിയമ വിദഗ്ധനാണ് ലൂത്ര. ലൂത്രയുടെ അച്ഛൻ കെകെ ലൂത്രയും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. കേന്ദ്രത്തിനും വിവിധസംസ്ഥാന സർക്കാരുകൾക്കുമായും നിരവധി കേസുകളിൽ ലൂത്ര ഹാജരായിട്ടുണ്ട്.