ലിസ്‌ബൺ: കേരളത്തിൽ ആംബുലൻസിന്റെ വാതിൽ തുറക്കാൻ സാധിക്കാതെ രോഗി മരിച്ച സംഭവത്തിൽ കേരളത്തിൽ പ്രതിഷേധങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നും സംഭവിച്ചിരുന്നില്ല. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഈ വിഷയത്തിന്റ പേരിൽ രാജിവെക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നില്ല. കാരണം ഇത്തരം സംഭവങ്ങൾ കേരളത്തിൽ പതിവായി മാറിയ അവസ്ഥയാണ്. എന്നാൽ, വിദേശരാജ്യങ്ങളിൽ അതല്ല അവസ്ഥ. അവിടെ ചെറിയ കാര്യങ്ങളിൽ പോലും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിമാർ രാജിവെക്കുക പതിവാണ്. ഈ വഴി തിരഞ്ഞെടുത്തിരിക്കുന്നത് പോർച്ചുഗലിലെ ആരോഗ്യമന്ത്രിയാണ്. വിനോദ സഞ്ചാരിയായ ഇന്ത്യൻ യുവതി പ്രസവ ശുശ്രൂഷ ലഭിക്കാതെ മരിച്ച സംഭവത്തിലാണ് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്താ ടെമിഡോ രാജി വെച്ചിരിക്കുന്നത്.

34 വയസ്സുള്ള യുവതിയാണ് മരിച്ചത്. പൂർണ ഗർഭിണിയായ സ്ത്രീയെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ മാർത്താ ടെമിഡോ രാജിവെക്കുകയായിരുന്നു. രാജ്യത്തെ അടിയന്തരമായ പ്രസവ ചികിത്സാ സംവിധാനങ്ങൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനമുയർന്ന സാഹചര്യത്തിലാണ് രാജി. അടിയന്തര പ്രസവ ചികിത്സ അവസാനിപ്പിച്ചതോടെ പ്രസവവേദനയുമായെത്തുന്ന ഗർഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരികയും അതിനിടെ ഇന്ത്യൻ യുവതി മരണപ്പെടുകയുമായിരുന്നു.

ഇനി ഓഫീസിൽ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലിസ്‌ബണിലെ പ്രധാന ആശുപത്രിയായ സാന്താ മരിയയിൽ നിയോനാറ്റോളജി വിഭാഗത്തിൽ ഒഴിവില്ലാത്തതിനെ തുടർന്ന് തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഗർഭിണിയായ സ്ത്രീ മരിച്ചിരുന്നു. ഈ വാർത്ത പുറത്തു വന്നതിന് തൊട്ടുപിറകെയാണ് മന്ത്രിയുടെ രാജി.

ആരോഗ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായും കോവിഡിനെതിരെ വിജയകരമായ വാക്‌സിനേഷൻ കാമ്പെയ്ൻ സംഘടിപ്പിക്കുന്നതുൾപ്പെടെ ഇതുവരെയുള്ള അവരുടെ സേവനത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. വേനലവധിക്കാലത്ത് പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് അടിയന്തര പ്രസവ സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്.

സർക്കാറിന്റെ ഈ നടപടിമൂലം ഗർഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടി വരുന്നത് പലപ്പോഴും അവരുടെയും കുഞ്ഞിന്റെയും ജീവന് വരെ ഭീഷണിയുയർത്തുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികളും മുനിസിപ്പാലിറ്റികളും വിമർശിച്ചു. കഴിഞ്ഞ വർഷം വാക്‌സിനേഷൻ കാമ്പെയ്നിന്റെ വിജയത്തെ തുടർന്ന് ഏറ്റവും ജനപ്രീതിയുള്ള സർക്കാർ അംഗങ്ങളിൽ ഒരാളായിരുന്നു ടെമിഡോ.