കൊച്ചി: കൈവെട്ടു കേസിലെ വിധിപ്രസ്താവത്തോട് പ്രതികരിച്ചു പ്രൊഫ. ടി ജെ ജോസഫ്. കേസിൽ ശിക്ഷ കുറഞ്ഞുപോയോ കൂടിപ്പോയോ എന്നുള്ളത് നിയമപണ്ഡിതർ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്ന് പ്രൊഫ പിജെ ജോസഫ്. വിധി എന്താണ് എന്നെല്ലാതെ അത് വികാരപരമല്ല. തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടാവുകയോ ഇല്ലയോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർ വിശകലനം ചെയ്യട്ടെ.

കോടതിയെ സംബന്ധിച്ച് ഒരു നടപടി ക്രമം പൂർത്തിയായി. പ്രത്യേകിച്ച് ഭാവഭേദമില്ല. കോടതി വിധി അങ്ങനെ നടപ്പിലായി. തൃപ്തിയുടെ പ്രശ്‌നമില്ല. അങ്ങനെയൊരു കാഴ്‌ച്ചപ്പാടില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജിൽ(36) മൂന്നാംപ്രതി ആലുവ സ്വദേശി എം.കെ.നാസർ(48) അഞ്ചാംപ്രതി കടുങ്ങല്ലൂർ സ്വദേശി നജീബ്(42) എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ആറുപ്രതികൾ കൂടി കുറ്റക്കാരെന്ന് കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കോടതി പറഞ്ഞു. രണ്ടാംഘട്ട വിചാരണയിൽ പ്രതികളായ അഞ്ചുപേരെ കോടതി വെറുതവിട്ടു. ഷഫീഖ് (31), അസീസ് ഓടക്കാലി (36), മുഹമ്മദ് റാഫി (40), ടി.പി. സുബൈർ (40), മൻസൂർ (52) എന്നിവരെയാണ് വെറുതേവിട്ടത്. കുറ്റകൃത്യത്തിൽ ഇവരുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒന്നാംപ്രതിയായ സവാദ് (33) ഒളിവിലാണ്. സവാദ് വിദേശത്താണെന്നാണ് പറയപ്പെടുന്നത്.

2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പർ തയ്യാറാക്കിയതിൽ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ഒന്നാംഘട്ട വിചാരണ നേരിട്ടവരിൽ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തിൽ 18 പേരെ വിട്ടയച്ചു. 2015നുശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ നടത്തിയത്. ആക്രമണത്തിനുശേഷം ഒളിവിൽപ്പോവുകയും ആദ്യഘട്ട വിചാരണയ്ക്കുശേഷം അറസ്റ്റിലാവുകയുംചെയ്ത പ്രതികളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. ആക്രമണം നടന്ന് 13 വർഷങ്ങൾക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ശിക്ഷവിധിക്കുന്നത്.

എൻ.ഐ.എ. പ്രത്യേക കോടതി ജഡ്ജി അനിൽ കെ. ഭാസ്‌കറാണ് വിചാരണ പൂർത്തിയാക്കിയത്. വിചാരണയുടെ ആദ്യഘട്ടത്തിൽ പ്രോസിക്യൂഷനുവേണ്ടി പി.ജി. മനുവും പിന്നീട് സിന്ധു രവിശങ്കറും ഹാജരായി. പോപ്പുലർ ഫ്രണ്ട് എന്ന നിരോധിതസംഘടനയുടെ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടി.ജെ. ജോസഫിനെ ആക്രമിച്ച സംഘത്തിൽ സജിൽ ഉണ്ടായിരുന്നു. ഭീകരസംഘടനയിൽ അംഗമായ എം.കെ. നാസറാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ. ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ട്. ആക്രമണത്തിന് നിയോഗിച്ച സംഘത്തെ നിയന്ത്രിച്ചിരുന്നത് നാസറാണ്.

പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈലുകളും സിമ്മുകളും ഒളിപ്പിച്ചത് ഇയാളാണെന്നും കോടതി വിലയിരുത്തി. നൗഷാദ്, മൊയ്തീൻകുഞ്ഞ്, അയൂബ് എന്നിവർക്കെതിരേ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ല. ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.