ആലപ്പുഴ:പ്രസവത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ നവജാത ശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടർമാരാണ്.ചികിത്സ വൈകുകയോ വിദഗ്ധ ചികിൽസയ്ക്ക് കാലതാമസമോ ഉണ്ടായിട്ടില്ല.കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചിരുന്നുവെന്നും സംഭവത്തിൽ നടപടി നേരിടുന്ന ഡോ.തങ്കു തോമസ് കോശി ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

യുവതിയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ബന്ധുക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇതേ തുടർന്ന് ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മരിച്ച അപർണയുടെ കുടുംബവും നാട്ടുകാരും മെഡിക്കൽ കോളജിൽ പ്രതിഷേധിച്ചത്.ഇതേതുടർന്ന് കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഉൾപ്പെടെയെത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സീനിയർ ഡോക്ടർ തങ്കു തോമസ് കോശിക്ക് നിർബന്ധിത അവധി നൽകിക്കൊണ്ട് നടപടിയുണ്ടായത്.എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ ഡോക്ടർക്ക് പ്രശ്‌നത്തിൽ പങ്കില്ലെന്ന് തരത്തിലാണ് വിശദീകരണമുള്ളത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവത്തിനായി കൈനകരി സ്വദേശിനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ലേബർ റൂമിലേക്ക് മാറ്റി.പ്രസവം വൈകിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.
കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ(22)യും നവജാതശിശുവുമാണ് മരിച്ചത്.ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ചതായ വിവരം ബന്ധുക്കളെ അറിയിക്കുന്നത്.ഗുരുതരാവസ്ഥയിൽ ട്രോമ കെയറിലായിരുന്ന അപർണ ബുധനാഴ്ച പുലർച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്.

എന്നാൽ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം.കുട്ടി മരിച്ചെന്ന വിവരം അറിഞ്ഞ ബന്ധുക്കളുടെ പ്രതിഷേധവും രോഷവും കണ്ടാണ് അമ്മ മരിച്ച വിവരം പുറത്തുവിടാതിരുന്നതെന്നും ബന്ധുക്കൾക്കിടയിൽ ആക്ഷേപം ഉയർന്നിരുന്നു.കുട്ടിക്ക് പിന്നാലെ അമ്മയും മരിച്ചെന്ന വിവരമറിഞ്ഞ് കൈനകരിയിലുള്ള നാട്ടുകാരും ആശുപത്രിയിൽ പ്രസവവാർഡിൽ പ്രവേശിപ്പിച്ച മറ്റുള്ളവരോടൊപ്പം ഉള്ളവരും പ്രതിഷേധവുമായി ജെ ബ്ലോക്കിന്റെ കവാടത്തിൽ തടിച്ചുകൂടിയിരുന്നു.

ശനിയാഴ്ചയാണ് അപർണയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്‌ച്ചയുണ്ടായതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്.അഡ്‌മിറ്റാക്കിയ ശേഷം സ്‌കാൻ ചെയ്‌തെങ്കിലും അമ്മക്കും കുഞ്ഞിനും മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.ചൊവ്വാഴ്ച പകൽ മൂന്നോടെ അപർണയെ പ്രസവത്തിനായി ലേബർമുറിയിൽ പ്രവേശിപ്പിച്ചു.ഒരു മണിക്കൂറിന് ശേഷം രാംജിത്തിന്റെ അമ്മ ഗീതയെ ലേബർമുറിയിലേക്ക് വിളിച്ചുവരുത്തി ഒപ്പിടണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.കുട്ടിയെ പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞാണ് ഒപ്പിടാൻ ആവശ്യപ്പെട്ടത്.ഒപ്പിട്ടു കാടുത്തതിന് പിന്നാലെ കുട്ടി മരിച്ചെന്നാണ് ജീവനക്കാർ വിവരം അറിയിച്ചത്.പിന്നാലെ രാംജിത്തും ബന്ധുക്കളും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ട് വിവരങ്ങൾ അറിയാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാരും ജീവനക്കാരും ബന്ധുക്കളെ കാണാൻ കൂട്ടാക്കിയില്ല.

തുടർന്ന് രാത്രി ഏറെ വൈകിയും ബന്ധുക്കൾ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി.സംഭവം അറിഞ്ഞ് എയ്ഡ് പോസ്റ്റിൽ നിന്നു പൊലീസ് എത്തി ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാരുമായി സംസാരിക്കണമെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിന്നത് പൊലീസും ബന്ധുക്കളുമായി വാക്കേറ്റത്തിന് വഴിയൊരുക്കി. ഇതിനിടയിൽ അപർണയുടെ അമ്മ സുനിമോൾ കുഴഞ്ഞുവീണതും പ്രതിഷേധം ശക്തമാകാൻ വഴിയൊരുക്കി. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽസലാം ബന്ധുക്കളുമായി ചർച്ചനടത്തി. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാനും ഡോ. ഷാരിജ, ഡോ. ജയറാംശങ്കർ, ഡോ. വിനയകുമാർ, ഡോ.സജീവ്കുമാർ നഴ്സിങ്ങ് മേധാവി അംബിക എന്നിവരെ അന്വേഷണച്ചുമതല ഏർപ്പെടുത്തിയതിന് ശേഷമാണ് ചൊവ്വാഴ്ച രാത്രിയിൽ പ്രതിഷേധം ശാന്തമായത്.