പത്തനംതിട്ട: ഇരുട്ടിന്റെ മറവുപറ്റി റോബിൻ ബസിനെതിരെ വീണ്ടും നടപടിയുമായി എംവിഡി. റോബിൻ ബസിനെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ബസ് ഇന്ന് പിടിച്ചെടുത്തു. പുലർച്ചെ സർവീസിന് ഒരുങ്ങിയ ബസിന് വൻ സന്നാഹങ്ങളോടെയെത്തിയാണ് എംവിഡി പിടിച്ചെടുത്തത്. ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പെർമിറ്റ് റദ്ദാക്കാനാണ് സാധ്യത.

തുടർച്ചയായി പെർമിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാണിച്ചാണ് റോബിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കുമെന്നറിയുന്നു. ഇതിനുപുറമെ, നിയമലംഘനത്തിന് ആഹ്വാനം ചെയ്ത ബ്ലോഗർമാർക്കെതിരെയും നടപടി ആലോചിക്കുന്നുണ്ടെന്നാണ് എംവിഡിയുടെ പക്ഷം.

ഇന്നലെ പുലർച്ചെ മൈലപ്രയിൽ വച്ച് ബസിന് വീണ്ടും പിഴ ചുമത്തിയിരുന്നു. മുൻപ് ചുമത്തിയതടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെയാണ് പിഴ ചുമത്തിയത്. തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് ബുധനാഴ്ചയാണ് സർവീസ് പുനരാരംഭിച്ചത്. എന്നാൽ, നടപടി അന്യായമെന്നും കോടതി വിധിയുടെ ലംഘനമെന്ന് റോബിൻ ബസിന്റെ നടത്തിപ്പുകാർ പറയുന്നു.

ഇതിനിടെ പമ്പയിലേക്കും റോബിൻ സർവീസ് പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിൽ 1 ലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയതെങ്കിലും കേരളത്തിൽ ബസുടമകൾ പിഴയടച്ചിട്ടില്ല. അതുകൊണ്ടു കൂടിയാണ് ബസ് പിടിച്ചെടുത്തിരിക്കുന്നത്. എന്നാൽ ഹൈക്കോടതി റോബിൻ ബസിന്റെ കേസിൽ സർക്കാരിനെതിരെ ചില പരാമർശങ്ങൾ നടത്തിയതോടെ സർക്കാർ പ്രതിരോധത്തിലാണ്.

റോബിൻ ബസിന്റെ പെർമിറ്റ് കാര്യത്തിൽ കോടതിയും അനുകൂല പരാമർശങ്ങൾ നടത്തിയതോടെ കൂടുതൽ ബസുടമകൾ നാഷനൽ പെർമിറ്റുമായി റൂട്ടുകൾ പ്രഖ്യാപിച്ച് ഓൺലൈനിൽ പരസ്യം കൊടുത്തു തുടങ്ങി. തേനി എറണാകുളം, കൊല്ലം കുമളി, തുടങ്ങി റൂട്ടുകളിൽ അത്യാധുനിക സൗകര്യമുള്ള ബസുകൾ റൂട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടാണ് റോബിൻ ബസിനെതിരെ ഇപ്പോൾ നടപടി കടുപ്പിച്ചിരിക്കുന്നത്.

നേരത്തെ റോബിൻ ബസിനെതിരെ കൈകകൊണ്ട നടപടികൾ കാരണം ബസിന് വലിയ ആരാധകരെ തന്നെ ലഭിച്ചിരുന്നു. തമിഴ്‌നാട് എംവിഡി കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങി പത്തനംതിട്ടയിലേക്ക് സർവീസ് നടത്തിയപ്പോൾ റോബിൻ ബസിന് തെരുവോരങ്ങളിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടാണ് ബസിനെ വരവേറ്റത്. അഭിവാദ്യങ്ങൾ.. അഭിവാദ്യങ്ങൾ.. റോബിൻ ബസിന് അഭിവാദ്യങ്ങളെന്ന മുദ്രാവാക്യങ്ങളാൽ മുഗരിതമായ അന്തരീക്ഷത്തിലായിരുന്നു ബസ് കേരളത്തിലേക്ക് കടന്നത്. പേപ്പറുകൾ കീറിയെറിഞ്ഞും പടക്കം പൊട്ടിച്ചും ബസുടമയായ ഗിരീഷിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പൂമാലകളിട്ടും ജനക്കൂട്ടം ബസിന് സ്വീകരണം നൽകി.

അതേസമയം, മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സാഹചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം. റോബിൻ ബസ് നിയമലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്‌നാട് സർക്കാർ നടപടിയെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയിരിക്കയാണ്. ഇതിനിടെയാണ് റോബിനെതിരെ നടപടി വീണ്ടുമെത്തിയത്.