കാസര്‍കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിക്കും. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പ്പെയുടെ ഉള്ള നേതൃത്വത്തിലുള്ള സംഘമാണ് ഗംഗാവലി പുഴയുടെ അടിത്തട്ടലിറങ്ങി പരിശോധിക്കുന്നത്. ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായി ഈശ്വര്‍മാല്‍പ്പെ നേരിട്ട് രംഗത്തുവരികയായിരുന്നു.

അമാവാസി ദിവസമായതിനാല്‍ പുഴയില്‍ നിന്ന് കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതിനാല്‍ ജല നിരപ്പ് താഴുന്നത് പ്രയോജനപ്പെടുത്തിയാണ് ഇന്നത്തെ തിരച്ചില്‍. രാവിലെ 7മുതല്‍ 11 മണി വരെയാണ് അനുകൂല സമയം. നേരെത്തെ റഡാര്‍ പരിശോധനയില്‍ ലോറിയുടെ സാനിധ്യം കണ്ടെത്തിയ ഭാഗത്ത് വലിയ മരം കുടുങ്ങി കിടക്കുന്നതായി നേരെത്തെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഈ മരം ഉയര്‍ത്താനാണ് ഈശ്വര്‍ മാല്‍പ്പെയുടെ തീരുമാനം.

പ്രതികൂല കാലാവസ്ഥയും പുഴയിലെ ഒഴുക്കും കണക്കിലെടുത്തു കഴിഞ്ഞ തിങ്കളാഴ്ചയാണ് അര്‍ജുന്‍ അടക്കം മണ്ണിടിച്ചിലില്‍ കാണാതായ മൂന്നു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം നിര്‍ത്തിയത്. ഇന്നത്തെ തിരച്ചില്‍ ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തില്‍ അല്ലായെങ്കിലും കാര്‍വാര്‍ എം എല്‍.എ അടക്കമുള്ളവരുടെ പിന്തുണയുണ്ട്.

നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു. അതേസമയം ഷിരൂരടക്കമുള്ള തീരദേശ കര്‍ണാടകയിലെ മേഖലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തെരച്ചിലിനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

നേരത്തെ 14 ദിവസത്തോളം തിരച്ചില്‍ നടത്തിയിട്ടും അര്‍ജുനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ ഷിരൂര്‍ ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം ആരംഭിച്ചിരുന്നു. ജൂലായ് 16-ന് രാവിലെയാണ് ഉത്തര കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് അര്‍ജുനെ കാണാതായത്. അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിവസം എത്തിയപ്പോഴാണ് ട്രക്ക് പുഴയിലുള്ള മണ്‍കൂനയിലുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ കനത്ത അടിയൊഴുക്ക് കാരണം രക്ഷാസംഘത്തിന് പുഴയ്ക്കടിയിലേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.