ന്യൂഡൽഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പൊതുവെ അഭിഭാഷകർക്ക് ഇഷ്ടമാണ് എന്നാണ് ഇന്ദ്രപസ്ഥത്തിലെ സംസാരം. എട്ടു വർഷമായി സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ടിച്ചു വരുന്ന അദ്ദേഹത്തിന്റെ മുമ്പിൽ വാദിക്കാനും അവർക്ക് ഇഷ്ടമാണെത്രേ. അദ്ദേഹത്തിന്റെ ധിഷണാശക്തിയിലും സംസ്‌കാര സമ്പന്നമായ പെരുമാറ്റത്തിലും ആരും ആകൃഷ്ടരാകും. പൊതുവ ലിബറൽ കാഴ്ചപ്പാടുള്ള ജഡ്ജി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പല വിധി ന്യായങ്ങളും ആ സ്വഭാവത്തിലുള്ളതാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, സ്ത്രീകളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത് കൂടുതൽ പ്രതിഫലിക്കാറുണ്ട്.

63 കാരനായ ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തതോടെ, സുപ്രീം കോടതിയിൽ ഇനി രണ്ടിലേറെ വർഷം തലപ്പത്തിരുന്ന് നയിക്കാൻ അദ്ദേഹത്തിന് സാധിക്കും. പല സുപ്രധാന വിഷയങ്ങളും തീരുമാനം കാത്തുകിടക്കുന്നു. മുൻ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്. 1978 മുതൽ 1985 വരെ ചീഫ് ജസ്റ്റിസായിരുന്ന സീനിയർ ചന്ദ്രഡൂഡിന്റേതാണ് ഇതുവരെയുള്ള ഏറ്റവും ദീർഘമായ കാലയളവ്. ജൂനിയറിന് രണ്ടര വർഷത്തോളമേ കാലവധി കിട്ടുന്നുള്ളു.

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്്ത്രത്തിൽ ഓണേഴ്‌സ് ബിരുദം നേടിയ ജസ്റ്റിസ് ചന്ദ്രചൂഡ് ഡൽഹി സർവകലാശാല കാമ്പസ് ലോ സെന്ററിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. ഹാർവാഡ് ലോ സ്‌കൂളിൽ നിന്ന് എൽഎൽഎമ്മും, ജുറിഡിഷ്യൽ സയൻസസിൽ ഡോക്ടറേറ്റും നേടി.

1998 മുതൽ 2000 വരെ എൻഡിഎ സർക്കാരിന് കീഴിൽ അഡീഷണൽ സോളിസിറ്റർ ജനറായിരുന്നു. 2000 മാർച്ച് 29 ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടു. 2016 മെയ് 13 നാണ് സുപ്രീം കോടതി ജഡ്ജി പദവിയിൽ എത്തിയത്. നിരവധി നിർണായക വിധികളുടെ ഭാഗമായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അയോധ്യ കേസും, ശബരിമല കേസും അതിൽ ചിലതുമാത്രം. ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി തള്ളവെ ഹർജിക്കാരെ രൂക്ഷമായി വിമർശിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സോറാബുദ്ദീർ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് കേൾക്കുന്നതിനിടെയാണ് ദുരൂഹ സാഹചര്യത്തിൽ ജസ്റ്റിസ് ലോയ മരിച്ചത്. സുപ്രീം കോടതി നടപടികൾ ലൈവ് സ്ട്രീമിങ് നടത്താൻ അനുമതി നൽകിയ മൂന്നംഗ ബഞ്ചിന്റെ ഭാഗമായിരുന്നു.

കുടുംബം

മക്കളായ മാഹിക്കും പ്രിയങ്കക്കും ഭാര്യ കൽപന ദാസിനുമൊപ്പമാണ് അദ്ദേഹം അധികാരമേൽക്കാൻ എത്തിയത്. കൽപന അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണ്. അഭിഭാഷകയായ അവർ ബ്രിട്ടീഷ് കൗൺസിലിൽ ജോലി ചെയ്തിരുന്നു.

2007ലാണ് ചന്ദ്രചൂഡിന്റെ ആദ്യ ഭാര്യ രശ്മി അർബുദം ബാധിച്ച് മരിച്ചത്. പിന്നീട് അദ്ദേഹം കൽപനയെ ജീവിത സഖിയാക്കി. മാഹിയും പ്രിയങ്കയും ഇവരുടെ ദത്തുപുത്രികളാണ്. ആദ്യ ഭാര്യയിൽ ചന്ദ്രചൂഡിന് രണ്ട് ആൺമക്കളാണുള്ളത്. മൂത്തയാൾ അഭിനവ് ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. രണ്ടാമത്തെയാൾ, ചിന്തൻ യു.കെയിലെ നിയമസ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ്. ചന്ദ്രചൂഡ് കൂടി ചീഫ് ജസ്റ്റിസ് ആയതോടെ ഈ പദവിയിലെത്തുന്ന ആദ്യ അച്ഛനും മകനുമായി ഇവർ. അദ്ദേഹത്തിന്റെ അമ്മ പ്രഭ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയാണ്.

വൈകിയാൽ സോറി പറയുന്ന ജഡ്ജി

പുലർച്ചെ 3.30 മുതലാണ് ഡി വൈ ചന്ദ്രചൂഡിന്റെ ചിട്ടയായ ദിനചര്യ തുടങ്ങുന്നത്. കുറച്ചുമാസങ്ങൾക്ക് മുമ്പ് കോടതിയിൽ ഒരു 10 മിനിറ്റ് വൈകി എത്തിയപ്പോൾ, ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ് സോറി പറഞ്ഞു. സഹോദര ജഡ്ജിയുമായി ഞാൻ ഒരു കാര്യം സംസാരിക്കുകയായിരുന്നു, സോറി എന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണഗതിയിൽ സുപ്രീം കോടതി ജഡ്ജിമാർ വൈകിയാൽ കാരണം പറയുകയോ, ക്ഷാമപണം നടത്തുകയോ ചെയ്യാറില്ല. ഇക്കാര്യത്തിൽ, വ്യത്യസ്തനാണ് ഡിവൈ ചന്ദ്രചൂഡ്.

കോടതി മുറിയിലെ രസികൻ

കോടതികാര്യങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യുന്നത് കാണാൻ തന്നെ ഒരഴകാണ്. മസിൽ പിടിച്ചിരിക്കാതെ, തമാശ പറഞ്ഞ് എല്ലാവരുടെയും ടെൻഷൻ അകറ്റും. ചിലപ്പോൾ, വൈകുന്നേരം നാലുമണിയാകുമ്പോൾ അദ്ദേഹം അഭിഭാഷകരോട് ചോദിക്കും, നിങ്ങൾക്ക് ഒരു ചായ കുടിക്കാൻ തോന്നുന്നില്ലേ? ബോംബെ ഹൈക്കോടതി അഭിഭാഷകനായിരുന്ന കാലത്ത് കോടതി മുറിക്ക് അടുത്തുള്ള ജീവനക്കാരുടെ കാന്റീനിലായിരുന്നു ചായ കുടിക്കാൻ പോവുക. ജഡ്ജിയായപ്പോൾ, അതേ കോടതിമുറിയിൽ ഇരുന്ന് കൊണ്ട് അപ്പുറത്തെ കാന്റീനിലെ ചായയുടെ മണം പിടിക്കും. കാരണം ജഡ്ജിയായപ്പോൾ, പഴയ പോലെ കാന്റിനിൽ പോകാൻ പറ്റില്ലല്ലോ.

അലഹബാദ് ഹൈക്കോടതിയിലായിരിക്കുമ്പോൾ, സാധാരണ അഭിഭാഷകർക്ക് ഹിന്ദിയിൽ വാദിക്കാനായിരിക്കും കൂടുതൽ ഇഷ്ടം. അപ്പോൾ ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് മാറാൻ, അദ്ദേഹം തന്റെ ബോംബെ ഹിന്ദി തട്ടിവിടും. നടപടിക്രമങ്ങൾ ഇംഗ്ലീഷിൽ തുടങ്ങിയാലും, പതിയെ അദ്ദേഹം ഹിന്ദിയിലേക്ക് സംഗതി മാറ്റും.അഭിഭാഷകർക്ക് ഈ മാറ്റം വളരെ സുഖകരമായിരുന്നു.

അടുത്തിടെയാണ് സുപ്രീം കോടതി ലൈവ് സ്ട്രീമിങ് തുടങ്ങിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരുദിവസം പറഞ്ഞു: ' ഇന്നലെ ആരോ കോടതിയിൽ മൊബൈൽ ഉപയോഗിക്കുന്നത് കണ്ടു. നടപടിക്രമങ്ങൾ ചിലപ്പോൾ റെക്കോഡ് ചെയ്യുകയായിരുന്നിരിക്കണം. ആദ്യം ഞാൻ വിചാരിച്ചു...അയാൾ അങ്ങനെ ചെയ്യാൻ പാടുണ്ടോ ? പിന്നീട് എന്റെ ചിന്ത മാറി. അതിൽ എന്താണ് ഇത്ര വലിയ സംഭവം. അതൊരു തുറന്ന കോടതിയാണ്. ഒന്നും തന്നെ അവിടെ രഹസ്യമല്ല'.

തന്റെ ഉറച്ച വിധിതീർപ്പുകൾ സമർത്ഥിക്കാനോ, പുതിയ നിയമ വ്യാഖ്യാനങ്ങൾക്കോ സഹോദര ജഡ്ജിമാരുമായി ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ജസ്റ്റിസ് ചന്ദ്രചൂഡ് കണക്കാക്കാറില്ല. തന്റെ പിതാവിന്റെ വിധി ന്യായത്തോടും അദ്ദേഹം ഒരിക്കൽ വിയോജിച്ചിരുന്നു. കാലത്തിനൊത്ത വിധികൾ മാത്രമല്ല ഭാവിയിലേക്കുള്ള വിധികൾ കൂടിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറപ്പെടുവിക്കാറുള്ളതെന്ന് പറയാറുണ്ട്.