പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ സ്ഥിതി അതീവശോചനീയം. അടര്‍ന്നു വീണ കോണ്‍ക്രീറ്റ് കഷണത്തില്‍ നിന്ന് ഗര്‍ഭിണിയും ഭര്‍ത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കാര്‍ഡിയോളജിയില്‍ നിന്നും ബ്ലഡ് ബാങ്കിലേക്ക് പോകുന്ന കോറിഡോറും ബില്‍ഡിങ്ങുമാണ് ഏതു നിമിഷവും അടര്‍ന്നു വീണു കൊണ്ടിരിക്കുന്നത്. ഈ പാസജിലൂടെ ഒരുദിവസം കുറഞ്ഞത് ആയിരത്തിന് മുകളില്‍ ആളുകള്‍ കടന്നു പോകുന്നുണ്ട്. ഇന്ന് രാവിലെയാണ് കോണ്‍ക്രീറ്റ് കഷണം അടര്‍ന്നു വീണത്. ഇതില്‍ നിന്നാണ് ഗര്‍ഭിണിയും ഭര്‍ത്താവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഓ.പി. ബ്ലോക്ക് നിര്‍മാണം നടക്കുകയാണ്. പഴയ ബ്ലോക്കുകള്‍ പൊളിച്ചു മാറ്റി. കിടക്കകളും വാര്‍ഡുകളും വെട്ടിക്കുറച്ചു. എന്നിട്ടും ഇവിടേക്ക് ആളുകള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. അതിനിടെയാണ് ഭിത്തി പൊളിഞ്ഞ് ഇളകുന്നത്.

മിക്കയിടത്തും കോണ്‍ക്രീറ്റ് ഇളകി ഇരുമ്പു കമ്പി വെളിയില്‍ വന്നിരിക്കുകയാണ്. പുതിയ കെട്ടിടത്തിന് വേണ്ടിയുള്ള പൈലിങ് നടക്കുന്നത് കാരണം പഴയ കെട്ടിടത്തിന് ബലക്ഷയവും നേരിടുന്നുണ്ട്. കോണ്‍ക്രീറ്റ് പൊളിഞ്ഞു വീഴാനുള്ള കാരണവും ഇതു തന്നെയാണ്. കോണ്‍ക്രീറ്റിന്റെ വലുതും ചെറുതുമായ കഷണങ്ങളാണ് താഴേക്ക് പതിക്കുന്നത്. സിമെന്റ് കഷണങ്ങള്‍ വീണാല്‍ രോഗികള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്.