പാലക്കാട്: സവർണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിർത്താനും ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പാലക്കാട് എൻഎസ്എസ് താലൂക്ക് യൂണിയൻ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ സവർണ- അവർണ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി ജി സുകുമാരൻ നായർ ആരോപിച്ചു. എൻഎസ്എസിനു രാഷ്ട്രീയമില്ല. എല്ലാവരോടും സമദൂരനിലപാടാണ്. ഒരു രാഷ്ട്രീയക്കാരും എൻഎസ്എസിനെ സഹായിക്കുന്നില്ല. നായർ സമുദായം അടക്കമുള്ള മുന്നാക്കക്കാരുടെ കാര്യം വരുമ്പോൾ എല്ലാ രാഷ്ട്രീയപ്പാർട്ടികളും മുഖം തിരിച്ചുനിൽക്കുന്നു.

പിന്നാക്ക സമുദായത്തെ വോട്ടുബാങ്കാക്കി മാറ്റുന്ന കാര്യത്തിൽ രാഷ്ട്രീയപ്പാർട്ടികൾ പരസ്പരം മത്സരിക്കുന്നു. മറ്റുള്ളവർക്ക് ആനുകൂല്യങ്ങൾ യഥേഷ്ടം നൽകുക, അതിന് വേണ്ടി നിയമനിർമ്മാണം നടത്തുക എന്നിവ ചെയ്യുന്നു. ചരിത്രംപോലും തിരുത്തിയെഴുതാനുള്ള ശ്രമങ്ങളുണ്ടാകുന്നുവെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

ആളെനോക്കി സഹായിക്കുകയെന്ന നയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. അതു മനസിലാക്കി സമുദായംഗങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിനോടും സംസ്ഥാന സർക്കാറിനോടും എൻ.എസ്.എസിന് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കത്തിയും കുന്തവും കൊണ്ടല്ല, അതിലും മൂർച്ചയുള്ള അയ്യപ്പന്റെ നാമജപവുമായാണ് ആ വിഷയത്തെ എതിർത്തത്. എവിടെയോ നിന്നുള്ള സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചപ്പോൾ നമ്മൾ അവിടെ പോയി എതിർത്തു. സ്ത്രീകൾ കയറിയതിൽ ഇതുവരെ കേസെടുത്തോ എല്ലാം വരുന്നത് ഹിന്ദുവിന്റെ പുറത്തേക്കാണ്. മറ്റു സമുദായങ്ങൾക്ക് ഒരു പ്രശ്‌നവും വരുന്നില്ല - അദ്ദേഹം പറഞ്ഞു.

മിത്ത് പ്രസ്താവനയിലൂടെ ഗണപതി ഭഗവാനെ ആക്ഷേപിച്ചത് ഒരു മുസ്‌ലിം മന്ത്രിയാണെന്ന കാര്യം ഓർക്കണം. ഇത് വിവാദമായപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലായി. തിരുത്തി. അതുതന്നെയാണ് എൻ.എസ്.എസിന് വേണ്ടത്. ജാതി അടിസ്ഥാനത്തിൽ സെൻസസ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയിൽ ഒരു വിഭാഗവും അതിനെ എതിർത്തില്ല. എൻ.എസ്.എസ് മാത്രമാണ് എതിർത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ മതസമുദായങ്ങളോടോ മറ്റു വിഭാഗങ്ങളോടോ എൻ.എസ്.എസിന് എതിർപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

യൂനിയൻ പ്രസിഡന്റ് കെ.കെ. മേനോൻ അധ്യക്ഷത വഹിച്ചു. പി. നാരായണൻ, വി.വി. ശശിധരൻ, ശശികുമാർ കല്ലടിക്കോട്, കെ. സനൽകുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എൻ. കൃഷ്ണകുമാർ സ്വാഗതവും വനിത യൂനിയൻ പ്രസിഡന്റ് ബേബി ശ്രീകല നന്ദിയും പറഞ്ഞു.