തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന് ഇരുപത് വയസ്സുകാരിയായ സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് വധശിക്ഷ നൽകണമായിരുന്നുവെന്ന് സൂര്യഗായത്രിയുടെ അമ്മ വത്സല. കൊലക്കേസിൽ പ്രതി അരുണിന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും പ്രതിക്ക് കോടതി വിധിച്ചു. പിഴത്തുക സൂര്യഗായത്രിയുടെ അമ്മയ്ക്ക് നൽകണമെന്നാണ് കോടതി നിർദ്ദേശം.

ഈ വിധിയിൽ താൻ ഒട്ടും തൃപ്തയല്ല. സൂര്യഗായത്രിയെ കുത്താനുപയോഗിച്ച കത്തികൊണ്ടു തന്നെ പ്രതി അരുണിനെ കൊലപ്പെടുത്തി തെരുവുനായ്ക്കൾക്ക് ഇട്ടുകൊടുക്കണമെന്നും അമ്മ വത്സല ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന അമ്മ, കോടതിക്കു പുറത്ത് ഓട്ടോയിലിരുന്നാണ് ശിക്ഷാവിധിയോട് പ്രതികരിച്ചത്. സൂര്യഗായത്രി കൊലക്കേസിൽ അരുണിനു ജീവപര്യന്തം തടവുശിക്ഷയും 20 വർഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു ഉത്തരവിട്ടതിനു പിന്നാലെയാണ് അമ്മയുടെ പ്രതികരണം.

'ഇവന് ജീവപര്യന്തം കൊടുത്താൽ പോരാ. ജീവപര്യന്തം കൊടുത്ത് ഇവന് ആഹാരവും നൽകി ജയിലിലിട്ടാൽ പോരാ. ഇവനെ ഒന്നുകിൽ വെടിവച്ചു കൊല്ലണം. അല്ലെങ്കിൽ തൂക്കിക്കൊല്ലണം. ഞാൻ മരിക്കുന്നതിനു മുൻപേ ഇതിൽ രണ്ടിലേതെങ്കിലും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.' അമ്മ പറഞ്ഞു.

''ഈ ശിക്ഷയിൽ ഞാൻ തൃപ്തയല്ല. എന്റെ മുന്നിൽ ഇവനെ വെട്ടിയോ തൂക്കിയോ കൊല്ലുന്നത് എനിക്കു കാണണം. ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും ആഗ്രഹമുണ്ട്. അത് കൺമുന്നിൽ കാണണം. എനിക്ക് മറ്റാരും ആശ്രയമില്ല. എന്റെ പൊന്നുമോളുടെ ആശ്രയത്തിലാണ് ഞാൻ ജീവിച്ചിരുന്നത്. എന്തൊക്കെ തരാമെന്നു പറഞ്ഞാലും എന്റെ പൊന്നുമോൾ മനസ്സിൽനിന്ന് മായത്തുമില്ല, മറക്കാൻ എനിക്കു കഴിയത്തുമില്ല' അമ്മ പറഞ്ഞു.

കൊലപാതകക്കുറ്റത്തിനൊപ്പം ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ കേസുകളും പ്രതിക്കെതിരെയുണ്ട്. ഈ കുറ്റങ്ങൾക്ക് ഇരുപതുകൊല്ലത്തെ തടവുശിക്ഷയാണ് കോടതി അരുണിന് നൽകിയിരിക്കുന്നത്. ഇ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷമാണ് ജീവപര്യന്തം ശിക്ഷയിലേക്ക് കടക്കുക എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ അതിക്രൂരമായാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പ്രതിയുടെ മനോനില കണക്കിലെടുത്തുകൊണ്ടും ഒരു കാരണവശാലും പ്രതിയുടെ ശിക്ഷയിൽ ഇളവ് നൽകരുതെന്നും പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചിരുന്നു.

കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചതുകൊണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചിരുന്നു. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം കത്തി പിടിച്ചുവാങ്ങി തുരുതുരെ കുത്തിയതാണെന്നാണ് പ്രതിഭാഗം വാദിച്ചത്

കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈംബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്‌പി.യുമായ ബി.എസ്. സജിമോൻ നൽകിയ മൊഴി പ്രോസിക്യൂഷന് നിർണ്ണായക തെളിവായി മാറി.

കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സർജൻ ധന്യാ രവീന്ദ്രനും സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയാണുണ്ടായിരുന്നതെന്നും ഫൊറൻസിക് വിദഗ്ദരായ ലീന. വി. നായർ, ഷഫീക്ക, വിനീത് എന്നിവർ നൽകിയ മൊഴിയും ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമായ പ്രതിയുടെ മുടിയും രക്തവും ശേഖരിച്ച് നൽകിയ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ദീപ ഹരിഹരന്റെ മൊഴിയും പ്രോസിക്യൂഷൻ കേസിന് ഏറെ സഹായകരമായി മാറി.