തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുമ്പോൾ ഈ മറുപടി സ്വർണ്ണ കടത്ത് കേസിലും നിർണ്ണായകമാകും. 2017 സെപ്റ്റംബർ 26നു രാവിലെ 10.30നായിരുന്നു ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ഷാർജ ഭരണാധികാരികളുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്. ഈ കൂടിക്കാഴ്ചയേയും ക്ലിഫ് ഹൗസിലേക്കുള്ള വഴിമാറ്റവുമെല്ലാം സ്വപ്‌നാ സുരേഷ് ആരോപണമായി ഉയർത്തി. ഇതിനൊപ്പം നിയമസഭയിൽ തന്നെ എത്തിയ ചില ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടിയും നൽകിയിട്ടില്ല.

വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തുവെന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇതിലൂടെ പാടില്ലാത്ത ചർച്ചയൊന്നും നടന്നില്ലെന്ന് വിശദീകരിക്കുക കൂടിയാണ് മുഖ്യമന്ത്രി അതുകൊണ്ട് തന്നെ വിദേശ കാര്യമന്ത്രാലയത്തിന്റെ നിലപാടുകൾ നിർണ്ണായകമാകും.

അതേസമയം, ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലയത്തെയും മുൻകൂട്ടി അറിയിച്ചിരുന്നോ, കേന്ദ്ര സർക്കാർ പ്രസ്തുത കൂടിക്കാഴ്ചക്ക് അനുമതി നൽകിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. യുഎഇ കോൺസൽ ജനറലുമായും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ച എത്ര തവണ, എന്തൊക്കെ വിഷയങ്ങൾ, എന്തൊക്കെ തീരുമാനങ്ങൾ എന്നീ കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല. ഇതെല്ലാം സംശയമായി തുടരുകയാണ്. നേരത്തെ സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. എന്നാൽ നിയമസഭയിൽ ചോദ്യം ഉയരുമ്പോൾ പറയേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തലുകൾ.

2017 സെപ്റ്റംബർ 24ന് രാവിലെ 10.30ന് ക്ലിഫ് ഹൗസിൽ വച്ചാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്.കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതാണെന്നും കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കേരള സന്ദർശനത്തിനെത്തിയ ഷാർജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചതനുസരിച്ചല്ലെന്ന് സന്ദർശന രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദർശന രേഖ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് റൂട്ട് മാറ്റിയതെന്നാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്ന് മുഖ്യമന്ത്രി അറിയിച്ചു.