പുനലൂർ: അവധി ദിനത്തിൽ താലൂക്ക് ഓഫീസിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ മരണനാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ജീവനക്കാർ അടങ്ങിയ സംഘം അപകടത്തിൽപ്പെട്ടതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതു സംബന്ധിച്ച് തഹസിൽദാർ നൽകിയ വിശദീകരണം തെറ്റെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നവർ അന്നേ ദിവസം സ്‌ക്വാഡ് പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവർ ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ.

കുന്നത്തൂർ താലൂക്ക് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ അജയകുമാറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ഭരണിക്കാവിൽ നിന്ന് മടങ്ങും വഴിയാണ് പുനലൂർ താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനമായ ബൊലീറോ ജീപ്പ് കുന്നിക്കോട് പച്ചിലവളവിന് സമീപം അപകടത്തിൽപ്പെട്ടത്. ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന താൽക്കാലിക ഡ്രൈവർ വെളിയം സ്വദേശി സന്തോഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ് ജി. നാഥ്, ഓഫീസ് അസിസ്റ്റന്റ് അനിൽ കുമാർ എന്നിവർക്ക് പരുക്കേറ്റു.

രണ്ടാം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരിൽ ്രൈഡവറുടെ നില ഗുരുതരമായതിനാൽ മിയ്യണ്ണൂർ അസീസീയ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി. പുനലൂർ താലൂക്ക് ഓഫീസ് പരിധിയിൽ തന്നെയാണ്. സർക്കാരിന്റെ ചട്ടം അനുസരിച്ച് വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് ജീവനക്കാർ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്നാണ്. ഇത് മറികടന്നാണ് ജീവനക്കാർ വാഹനം ഉപയോഗിച്ചത്.

ഇതു സംബന്ധിച്ച് തഹസിൽദാർ നസിയ പറഞ്ഞത് കലക്ടറുടെ നടപടി ക്രമപ്രകാരം സ്‌ക്വാഡ് വർക്കിന് നിയോഗിക്കപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത് എന്നായിരുന്നു. ഇവർ റോന്ത് ചുറ്റി വരുന്ന വഴിക്ക് ലോറിയെ ഓവർടേക്ക് ചെയ്യുമ്പോഴാണ് അപകടം ഉണ്ടായതെന്നും തഹസിൽദാർ പറഞ്ഞിരുന്നു. എന്നാൽ, കലക്ടർക്ക് വേണ്ടി ഭൂരേഖ തഹസിൽദാർ സന്തോഷ്‌കുമാർ മാർച്ച് 31 ന് പുറപെ്ടുവിച്ച നടപടി ക്രമപ്രകാരം അപകടം നടന്ന മാർച്ച് എട്ടിന് ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർ ഇവരാണ്: ഡെപ്യൂട്ടി തഹസിൽദാർ എ. അനീസ, ക്ലാർക്കുമാരായ ടി.ആർ. ജിഷ്ണു, ഫിൽബി ഫിലിപ്പ്, ഓഫീസ് അസിസ്റ്റന്റ് പ്രസന്ന കുമാർ, ഡ്രൈവർ.

അപകടമുണ്ടായ വാഹനത്തിലുണ്ടായിരുന്നത് താൽക്കാലിക ഡ്രൈവർ വെളിയം സ്വദേശി സന്തോഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ് ജി. നാഥ്, ഓഫീസ് അസിസ്റ്റന്റ് അനിൽ കുമാർ എന്നിവർ ആയിരുന്നു. ഇവർ ശരിക്കും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുകയായിരുന്നു. പുനലൂർ താലൂക്ക് ഓഫീസിൽ ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം പതിവാണെന്ന് പറയുന്നു. ഇവിടെയുണ്ടായിരുന്ന സ്ഥിരം ഡ്രൈവർ ദുരുപയോഗത്തിന് കൂട്ടുനിൽക്കാത്തയാളായിരുന്നു. അതു കൊണ്ട് തന്നെ ഇയാളെ കൊട്ടാരക്കരയിലേക്ക് സ്ഥലം മാറ്റി. സ്വന്തമായി വാഹനം പോലുമില്ലാത്ത ഓഫീസിലേക്കാണ് ഡ്രൈവറെ മാറ്റിയത്. പകരം, പുനലൂരിൽ താൽക്കാലിക ഡ്രൈവർമാരെ നിയോഗിച്ചു. ഇവരാകട്ടെ ഉദ്യോഗസ്ഥരുടെ വരുതിക്ക് നിൽക്കുന്നവരുമാണ്.

അപകടം നടന്നതിന് പിന്നാലെ വാഹനത്തിന്റെ ബോർഡ് മറച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറുമായി ഒത്തു തീർപ്പുണ്ടാക്കുകയും വാഹനം ഉടൻ തന്നെ വർക് ഷോപ്പിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽപ്പെട്ട വാഹനം പൊലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെയാണ് വർക് ഷോപ്പിലേക്ക് മാറ്റിയതെന്നുമുള്ള ആക്ഷേപവും നിലനിൽക്കുകയാണ്. വാഹനം ഉപയോഗിച്ച ജീവനക്കാർക്ക് എതിരേ വകുപ്പു തല നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് രേഖകൾ തിരുത്താൻ ശ്രമം നടത്തിയതത്രേ.