കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു.എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജ്ജാണ് മരിച്ചത്.പറവൂർ മജ്ലീസ് ഹോട്ടലിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോർജ്ജ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ചികിത്സ കഴിഞ്ഞ് ഇറങ്ങിയത്.

ഇന്നലെ രാത്രി വീട്ടിൽ വച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് പാർക്കിൻസൺസ് രോഗമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.മരണത്തിന് പിന്നാലെ ബന്ധുക്കൾ വടക്കേക്കര പൊലീസിൽ പരാതി നൽകി.

ലോട്ടറി കച്ചവടക്കാരനാണ് ജോർജ്. നിർമ്മാണ തൊഴിലാളിയായിരുന്ന ജോർജ്, പാർക്കിൻസൺ രോഗത്തെ തുടർന്നാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. പാർക്കിൻസൺ രോഗത്തിന് ചികിത്സയിലിരിക്കേയാണ് മജ്ലിസ് ഹോട്ടലിൽ നിന്ന് ജോർജിന് ഭക്ഷ്യവിഷബാധയേറ്റത്. പാർക്കിൻസൺ രോഗത്തിന് പതിവായി ചികിത്സ തേടുന്ന ആശുപത്രിയിലാണ് ഭക്ഷ്യവിഷബാധയ്ക്കും ജോർജ് ചികിത്സ തേടിയത്.

മൂന്ന് ദിവസം മുൻപാണ് ആശുപത്രി വിട്ടത്. ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് റിപ്പോർട്ട്. ജോർജിന് ക്ഷീണം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ദിവസങ്ങൾക്ക് മുൻപ് ദേശീയപാത 66-നു സമീപം പ്രവർത്തിച്ചിരുന്ന മജ്‌ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി, അൽഫാം തുടങ്ങിയവ കഴിച്ച എഴുപതോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഛർദി, വയറിളക്കം, പനി, വിറയൽ, വയറുവേദന എന്നിവയെ തുടർന്ന് കുട്ടികളടക്കമുള്ളവരാണ് ചികിത്സ തേടിയത്.പറവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സ തേടി എത്തിയത്. സംഭവത്തിന് പിന്നാലെ ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ഹോട്ടൽ ഉടമകൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.