റാന്നി: തുടരെ നടന്ന കടുവയുടെ ആക്രമണത്തിൽ വിറച്ച് പെരുനാട് ഗ്രാമം. തിങ്കൾ പുലർച്ചെ ഗർഭിണിപ്പശുവിനെ കടിച്ചു കീറി ഗർഭസ്ഥ ശിശുവിനെ ഭക്ഷിച്ച കടുവ വൈകിട്ട് വീണ്ടുമെത്തി മറ്റൊരു കിടാവിനെ ആക്രമിച്ചത് ഉടമയുടെ മുന്നിൽ വച്ചാണ്.

പെരുനാട് മഠത്തുംമുഴി കുത്തുംനിരവേൽ വളവനാൽ റെജി തോമസിന്റെ നാലുമാസം ഗർഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ചത്. തൊഴുത്തിനോട് ചേർന്നുള്ള തോട്ടത്തിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്. തിങ്കൾ പുലർച്ചയാണ് പശു ആക്രമിക്കപ്പെട്ടതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആക്രമിച്ചു കീഴ്പ്പെടുത്തിയ ശേഷം പശുവിന്റെ മാംസം തിന്നു. ഗർഭപാത്രം കടിച്ചുകീറി കിടാവിനെ എടുത്തു കൊണ്ടു പോയതായും ക്ഷീര കർഷകനായ റെജി പറയുന്നു. പല്ലിന്റെ വലിപ്പവും ആക്രമണത്തിന്റെ രീതിയും വച്ച് നോക്കുമ്പോൾ കടുവ തന്നെയാണ് എന്നാണ് പശുവിനെ പോസ്റ്റുമോർട്ടം ചെയ്ത വെറ്റിനറി ഡോക്ടറുടെയും നിഗമനം.

നാട്ടുകാർ വിവരമറിയിച്ചേനെ തുടർന്ന് രാജാമ്പാറ വനപാലകർ എത്തി കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാദം പതിഞ്ഞ സ്ഥലം പരിശോധിച്ചു. വൈകിട്ട് അഞ്ചു മണിയോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം പശുവിനെ മറവ് ചെയ്തു. ഇതിന് പിന്നാലെ മറ്റു പശുക്കളെ പരിചരിക്കുന്നതിനിടയിൽ വീട്ടുവളപ്പിൽ കെട്ടിയിരുന്ന മറ്റൊരു പശുക്കിടാവിനെ റെജിയുടെ മുമ്പിൽ വച്ച് തന്നെ കടുവ ആക്രമിച്ചു. രാവിലെ കൊന്ന പശുവിന്റെ ബാക്കി ഇറച്ചി ഭക്ഷിക്കാനാണ് കടുവ വീണ്ടുമെത്തിയത്. ഇതാണ് കടുവയുടെ രീതിയെന്നും പറയുന്നു.

രണ്ടാമത്തെ സംഭവത്തോടു കൂടി നാട്ടുകാരാകെ ഭീതിയിലാണ്. ആയതിനാൽ അടിയന്തരമായി വകുപ്പുകളുടെ ഏകോപനത്തോടു കൂടി ജനങ്ങൾക്കും മൃഗങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തുടരെയുള്ള രണ്ടാമത്തെ ആക്രമത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും കടുവ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ആർ.ആർ.ടി സംഘവും പൊലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ സി.സി.എഫിന്റെ അനുമതി കിട്ടിയാൽ മാത്രമേ കടുവയെ പിടിക്കുന്നതിനുള്ള കൂട് വയ്ക്കാൻ സാധിക്കുകയുള്ളൂ എന്ന് വനപാലകർ പറയുന്നു.