മൂന്നാർ: നേയമക്കാട് എസ്റ്റേറ്റിൽ കന്നുകാലികളെ കൊന്നൊടുക്കിയ കടുവ പിടിയിൽ. ഇന്ന് രാതി 8.30 തോടെ നേയമക്കാട് എസ്‌സ്റ്റേറ്റിൽ കന്നുകാലിത്തൊഴുത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. 11 വയസുള്ള ആൺകടുവയാണ് പിടിയിലാത്. ഇതോടെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന ഭീതി ഒഴിവായി. അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി 10 പശുക്കളെയും രണ്ട് കിടാരികളെയും കടുവ കടിച്ചു കൊന്നിരുന്നു.

ഇതെത്തുടർന്ന് വനം വകുപ്പ് അധികൃതർ പ്രദേശത്ത് തിരച്ചിൽ നടത്തുകയും 3 കൂടുകൾ സ്ഥാപിച്ചിരുന്നു. മൂന്നാർ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ പല ഭാഗങ്ങളിൽ നിന്നായി എത്തിയ 100 - ളം വനം വകുപ്പ് ജീവനക്കാരുടെ 3 ദിവസത്തോളമായുള്ള പ്രയത്‌നമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. നേയ മക്കാട ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിൽ കെട്ടിയിരുന്ന 4 പശുക്കളെയും ഒരു കിടാരിയെയുമാണ് ആദ്യ ദിവസം കടുവ കടിച്ചു കൊന്നത്. പിറ്റേന്ന് കടുവ ഈ തൊഴുത്തിൽ നിന്നും 50 മീറ്ററോളം അകലെ മറ്റൊരുതൊഴുത്തിൽ വളർത്തിയിരുന്ന പശുക്കളെയും കിടാരിയെയും കൊന്നിരുന്നു.

എസ്റ്റേറ്റ് തൊഴിലാളികളായായ മാരിയപ്പൻ ,പളനിച്ചാമി വേൽമുരുകൻ ,അന്തോണി എന്നിവർ വളർത്തിവന്നിരുന്ന കന്നുകാലികളാണ് ആക്രമണത്തിൽ ചത്തിട്ടുള്ളത്. കടിച്ച് കൊന്ന് രക്തം കുടിച്ച ശേഷം ജഡങ്ങൾ ഉപേക്ഷിച്ച പോയ പുലി വീണ്ടും എത്താൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ ഉദ്യോഗസ്ഥർ കണക്കുകൂടിയിരുന്നു. ഇതുപ്രകാരമായിരുന്നു കടുവയെ കുടുക്കാൻ കർമ്മ പദ്ധതി ആവിഷ്‌കരിച്ചത്.

സംഭവം പുത്തു വന്നതിന് പിന്നാലെ മേഖലയിൽ നാട്ടുകാർ സംഘടിച്ച് ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേ വനംവകുപ്പ് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവം അറിഞ്ഞ് ദേവികുളം സബ്ബ് കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തുകയും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ സന്നദ്ധരായത്. നഷ്ടപരിഹാരത്തുകതയുടെ ചെക്ക് തൊട്ടടുത ദിവസം തന്നെ വനംവകുപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.