തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചെന്ന് വ്യാജ പ്രചാരണം. ദേശീയ സംസ്ഥാന നേതാക്കളുടെ അറസ്റ്റ് അന്യായമായെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് നാളെ ഹർത്താൽ പ്രഖ്യാപിച്ചത്. അറസ്റ്റ് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായി സംസ്ഥാന ജനറൽ സെക്രട്ടറി, എ അബ്ദുൽ സത്താർ വാർത്താ കുറിപ്പിൽ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ നാളെ (സെപ്തം. 23, വെള്ളി) സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു

പൊലീസ് സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി

ഹർത്താൽ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാർ, സോണൽ ഐ.ജിമാർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവർക്കാണ്.

സാമൂഹ്യമാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

ഹർത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹർത്താൽ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും

വെള്ളിയാഴ്ചസംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ , അന്നേ ദിവസം കെഎസ്ആർടിസി സാധാരണ പോലെ സർവ്വീസ് നടത്താൻ എല്ലാ യൂണിറ്റ് അധികാരികൾക്കും നിർദ്ദേശം നൽകി.

ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ പൊലീസ് സഹായം തേടാനും, മുൻകൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.