കൊച്ചി: ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക്. കൊച്ചിയിൽ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ തടഞ്ഞ് വിമത വിഭാഗം. ഇന്ന് പുലർച്ചെ ആറ് മണിയോടെ കൊച്ചി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിലായിരുന്നു സംഭവം. കുർബാന അർപ്പിക്കാൻ എത്തിയ ബിഷപ്പിനെ ഗേറ്റിന് മുന്നിൽ തന്നെ തടയുകയായിരുന്നു. ഗേറ്റ് പൂട്ടിയിട്ട് ആണ് തടഞ്ഞത്. വൻ പൊലീസ് സുരക്ഷ അടക്കം ഉണ്ടെങ്കിലും ഇതുവരെ അകത്തേക്ക് പ്രവേശിക്കാൻ ആയിട്ടില്ല.

ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരിക്കുകയാണ്. ഏകീകൃത കുർബാനക്ക് ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവർ.ഇതിനിടെ ബസലിക്കയിലെ കസേരകൾ ഒരു വിഭാഗം വലിച്ചെറിഞ്ഞു.മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ കുർബാന ഉപേക്ഷിച്ച് അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി. പ്രതിഷേധങ്ങൾക്കിടെ ബസിലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുർബാന അർപ്പിച്ചു

ബിഷപ്പിന് സുരക്ഷ ഒരുക്കാൻ ഔദ്യോഗിക പക്ഷവും പുറത്തെത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിന്മാറുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്‌ന പരിഹാരത്തിന് ഇന്നലെ മെത്രാൻ സമിതി ചർച്ച നടത്തിയിരുന്നു. എന്നാൽ അന്തിമ പരിഹാരം കാണാനായിരുന്നില്ല.

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ ഇരു വിഭാഗത്തിന്റേയും ആശങ്കകൾ സിനിഡിനെ അറിയിക്കുമെന്ന് മെത്രാൻ സമിതി നേരത്തെ തീരുമാനിച്ചിരുന്നു. ജനാഭിമുഖ കുർബാന വേണമെന്ന നിലപാടുകാരായ വിമത പക്ഷവുമായാണ് ആദ്യം മെത്രാൻ സമിതി ചർച്ച നടത്തിയത്. മൂന്നര മണിക്കൂറോളം നീണ്ട ചർച്ചയിൽ ജനാഭിമുഖ കുർബാനക്ക് പുറമേ ബിഷപ്പ് ആന്റണി കരിയിലിനെ എറണാകുളം - അങ്കമാലി അതിരൂപതയിൽ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു

സിനഡ് നിർദ്ദേശിച്ചത് പ്രകാരം ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ എന്നിവരാണ് ഇരുവിഭാഗവുമായി ചർച്ച നടത്തിയത്. ചർച്ചയുടെ അടിസ്ഥാനത്തിൽ എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല ഉപരോധ സമരം അവസാനിപ്പിക്കണമെന്ന് മെത്രാൻ സമിതി വിമത വിഭാഗത്തോട് ആവശ്യപെട്ടു. ഈ ആവശ്യം തള്ളിയ വിമത വിഭാഗം അനുകൂലമായ തീരുമാനം ഉണ്ടാവുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.