തിരുവനന്തപുരം: സർക്കാരിനെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കുകയെന്നത് പൊതുവായ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറുനാടൻ മലയാളിക്കെതിരെ കേസെടുത്തതും മറ്റ് സൈബർ ആക്രമണങ്ങളും കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണെന്നാണ് വി ഡി സതീശന്റെ പ്രതികരണം. അധികാരത്തിന്റെ അഹങ്കാരമാണ് കാണുന്നതെന്നും മറുനാടൻ മലയാളിയോട് വിഡി പറഞ്ഞു.

സത്യം പറയുന്നവരെ സൈബർ വെട്ടുകളികൾ ആക്രമിക്കുന്നു. മറുനാടൻ പോലുള്ളവരെ വേട്ടയാടുന്നു. ആരു പേടിക്കാൻ. അവരാണ് ഭീരുക്കൾ. ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോലും കേസുകളെടുക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രിൻസിപ്പൽ പ്രതിയാകുന്നു. അങ്ങനെ എല്ലാവരേയും വേട്ടയാടുകയാണ് അവർ-വിഡി സതീശൻ മറുനാടനോട് പറഞ്ഞു. സംസ്ഥാനത്തെ മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് ചോദിച്ച വി ഡി സതീശൻ, മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പറഞ്ഞിരുന്നു.

സംസ്ഥാനത്ത് മാധ്യമ വേട്ട തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ കേസാണ് ആരോപണ വിധേയനായ എസ്എഫ്ഐ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരെ കേസെടുത്തത്. അഖില നന്ദകുമാർ വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത്. അല്ലാതെ ക്രിമിനലായ ഒരു കുറ്റവും ചെയ്തിട്ടില്ല. വാർത്ത വന്നില്ലായിരുന്നെങ്കിൽ ജയിച്ച സർട്ടിഫിക്കട്ടുമായി എസ്എഫ്ഐ നേതാവ് പോയേനെയെന്നും സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ടയാണെന്നും വി ഡി സതീശൻ പറഞ്ഞു. മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു വ്യക്തമാക്കി.

ദേശീയതലത്തിൽ സംഘപരിവാർ നടത്തുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. പൊലീസിന്റെ കൈകാലുകൾ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. പൊലീസ് ലോക്കപ്പിലാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന മാധ്യമ വേട്ടക്കെതിരെ പ്രതികരിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു.

മറുനാടൻ മലയാളിയെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അതിനെതിരെ നിയമപരമായാണ് നേരിടേണ്ടത്. അതിന് പകരം അവരെ ശ്വാസം മുട്ടിക്കാനും ബുദ്ധിമുട്ടിക്കാനുള്ള നീക്കം കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും അനുവദിച്ചു കൊടുക്കാൻ സാധിക്കുന്നതല്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ ഞങ്ങൾക്കെതിരെ വിമർശിക്കാറുണ്ട്. അങ്ങനെ വിമർശിക്കുമ്പോൾ അവരെ കല്ലെറിയാനും അവരെ അറസ്റ്റു ചെയ്യാനും കേസടുക്കാനുമുള്ള ഒരു നീക്കങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളം ഒരിക്കലും കണ്ടിട്ടില്ലാത്താ മാധ്യമ വേട്ടയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാറിന്റെ അഴിമതികളും കൊള്ളരുതായ്മകളും പുറത്തു കൊണ്ടുവരുന്ന മാധ്യമങ്ങളുടെ വാമൂടി കെട്ടാനാണ് ശ്രമം നടക്കുന്നത്. മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുക. അങ്ങനെ കേസെടുത്താൽ പിന്നെ മാധ്യമ പ്രവർത്തകർ എങ്ങനെ റിപ്പോർട്ടു ചെയ്യും. വാർത്തകൾ റിപ്പോർട്ടു ചെയ്യുക എന്നതാണ് അവരുടെ ജോലി. അവർക്കെതിരെ കേസെടുക്കാൻ പൊലീസു സർക്കാറും രംഗത്തു വരികയാണ്. ഏതുവാർത്തയും റിപ്പോർട്ടു ചെയ്യാനുള്ള അധികാരവും അവകാശവും ഇവിടുത്തെ മാധ്യമങ്ങൾക്കുണ്ട്.

ഇവിടെ സംഭവിക്കുന്നത് സർക്കാറിന്റെ അഴിമതി, ക്രൂരതകൾ, ഇല്ലാത്ത ബിരുദം ഉണ്ട് എന്ന് പറയുക, വ്യാജ നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്നവർക്കെതിരെയുമുള്ള നീക്കമാണ്. ഇത് തീർത്തും അപകടകരമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ മാധ്യമപ്രവർത്തകരുടെ പങ്ക് വളരെ വലുതാണ്. മാധ്യമപ്രവർത്തകരാണ് ജനങ്ങളെ കൂടുതൽ വിവരങ്ങൾ അറിയിക്കുന്നത്. സർക്കാറിന് ഹിതകരമല്ലാത്ത വാർത്തകൾ മറച്ചുവെക്കാണ് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിന്റെ പിന്നിൽ മുഖ്യമന്ത്രിയും സർക്കാറും മാത്രമല്ല. മുഖ്യമന്ത്രിക്ക് ഹിതകരമല്ലാത്ത വാർത്തകൾ കൊണ്ടുവരുന്ന നിലക്കു നിർത്താൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കണ്ടു വരുന്നത്. സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിലെ മാധ്യമവേട്ടക്കെതിരെ സംസാരിക്കുമ്പോഴും കേരളത്തിലെ മാധ്യമ വേട്ടക്കെതിരെ മിണ്ടിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവർത്തകരെ നിശബ്ധരാക്കുകയാണ്. ഈ നടപടി ശരിയല്ല. ഒരു വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു. നേരത്തെ മയക്കുമരുന്നു വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിലും കേസെടുത്തിരുന്നു. വിനു വി ജോൺ അടക്കമുള്ള ആളുകൾക്കെതിരെ ന്യൂസ് അവറിൽ സംസാരിച്ചതിന്റെ പേരിലും കേസെടുത്തു. ഏറ്റവും ഒടുവിലായാണ് മറുനാടൻ മലയാളിക്കെതിരെയായ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.